സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസ് എന്നൊരു കക്ഷിയുടെ ആവശ്യമില്ലെന്ന് പറഞ്ഞത് മഹാത്മാഗാന്ധിയായിരുന്നു. സ്വാതന്ത്ര്യം നേടാനുള്ള അഭിവാഞ്ഛയെ വാനോളം ഉയരത്തില്‍ പ്രോജ്വലിപ്പിക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗങ്ങള്‍ എന്തുതന്നെയായാലും അത് സമൂഹത്തില്‍ ക്രിയാത്മകമായ ഊര്‍ജമേ പകര്‍ന്നിട്ടുള്ളു. സഹന സമരമുള്‍പ്പെടെയുള്ള സമരമുറകള്‍ക്ക് ഗാന്ധിയന്‍ രീതിയെന്ന് പരക്കെ പ്രചാരം കിട്ടാന്‍ കാരണമായിത്തീര്‍ന്നതും അതിന്റെ സത്യസന്ധതയും ഓജസ്സും കരുത്തും കൊണ്ടാണ്. ഈ സമരമാര്ഗങ്ങളെല്ലാം ഒരു രാഷ്ട്രീയകക്ഷി ഉപയോഗിക്കുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞതുകൊണ്ടും മൊത്തം രാജ്യത്തിന്റെ ഉന്നമനമല്ല പാര്‍ട്ടിയുടെ ഉയര്‍ച്ചയാണ് അതിലൂടെ സംഭവിക്കുകയെന്ന് വിചിന്തനം ചെയ്തതുകൊണ്ടുമാണ് ഗാന്ധിജി കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചത്.
ഇന്നത്തെ അന്തരീക്ഷത്തില്‍ ആ മഹദ്വക്തിയുടെ ക്രാന്തദര്‍ശിത്വം എത്ര അര്‍ത്ഥപൂര്‍ണമായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അങ്ങിങ്ങോളം വിളക്കുകാലുകള്‍ വേണമെന്നും ആ കാലുകളില്‍ അഴിമതിക്കാരെ കെട്ടിത്തൂക്കിയിടണമെന്നും പറഞ്ഞത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറുവായിരുന്നു. എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ ഒരു ലജ്ജയും കൂടാതെ വെട്ടിവിഴുങ്ങാന്‍ അദ്ദേഹവും തയാറായതായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച വ്യക്തിയെ രാഷ്ട്രീയമായി കുറ്റവിമുക്തനാക്കി കൂടുതല്‍ അധികാരമുള്ള പദവി നല്‍കിയതിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം തിരിച്ചൊരു ചോദ്യമെറിയുകയായിരുന്നു. എല്ലാവര്ക്കും ഗാന്ധിമാരാകാന്‍ കഴിയുമോ എന്നായിരുന്നു അത്. ചുരുക്കിപ്പറഞ്ഞാല്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ ഉള്ളുറപ്പിനെക്കുറിച്ച് ബോധ്യമില്ലാതെ അതാത് സമയത്ത് രാഷ്ട്രീയനേട്ടത്തിനായി അതെടുത്ത് ഉപയോഗിക്കുക എന്നതത്രേ കോണ്‍ഗ്രസ്സിന്റെ രീതി.
അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് ആധുനികസമൂഹത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ തലവേദനയാവുന്നു. അണ്ണാഹസാരെയെന്ന വന്ദ്യവയോധികന്റെ ആകെയുള്ള കൈമുതലായ ഗാന്ധിയന്‍ സത്യങ്ങള്‍ അവര്‍ക്ക് വെള്ളിടിയാവുന്നു. കറപുരണ്ട അധികാരവര്‍ഗങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ലോക്പാല്‍ ബില്‍ തികഞ്ഞ രാഷ്ട്രീയ ബില്‍ ആക്കാനാണ് യുപിഎ ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തിയുക്തം രംഗത്തിറങ്ങിയിരിക്കുന്ന ഹസാരെയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍ ഗാന്ധിജിയുടെ പേരില്‍ മേനിനടിക്കുന്ന ഭരണകൂടം തയാറായിരിക്കുന്നു. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന നോട്ടുകളില്‍ ആലേഖനം ചെയ്യപ്പെടേണ്ട വെറും ചിത്രമായി ഗാന്ധിജിയെ കണ്ടാല്‍ മതിയെന്ന നിലപാടാണ് കോണ്‍ഗ്രസ്സിനുള്ളത്. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കുന്നതിനെതിരെയാണ് ഗാന്ധിയന്‍ ഹസാരെയുടെ പോരാട്ടം.
ഗാന്ധിജി വിഭാവനം ചെയ്ത രീതിയില്‍ തന്നെയാണ് ഹസാരെ സമരപരിപാടികളുമായി മുന്നോട്ടുപോകുന്നത്. മന്‍മോഹന്‍സിങ് സത്യസന്ധനും അഴിമതിരഹിതനുമായിരുന്നു എന്നാണ് ഇതുവരെ താനും രാജ്യത്തെ ജനങ്ങളും കരുതിയിരുന്നതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയുണ്ടായി. അങ്ങനെയുള്ള ഒരു വ്യക്തി നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വന്നാല്‍ എന്താണ് കുഴപ്പമെന്നാണ് ഹസാരെ ചോദിക്കുന്നത്. നല്ല മനുഷ്യനായ പ്രധാനമന്ത്രി പോലും കള്ളം പറഞ്ഞാല്‍ എന്താ സംഭവിക്കുകയെന്ന ചോദ്യമാണ് സമൂഹത്തിനു മുമ്പില്‍ അദ്ദേഹം ഉയര്‍ത്തുന്നത്. രാജ്യത്തെ സേവിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ കോടികള്‍ കടത്തുന്ന രീതിയിലേക്ക് അധപ്പതിച്ചത് എങ്ങനെയും തടയണമെന്ന വാശിയിലാണ് അണ്ണാഹസാരെ. ഇതിനായി ഏതറ്റം വരെ പോകാനും താന്‍ തയ്യാറണ് എന്ന് അദ്ദേഹം പറയുന്നു. ശക്തമായ അഴിമതിവിരുദ്ധ നിയമം എന്ന ആവശ്യം ഉന്നയിക്കാന്‍ പോലും അനുവദിക്കുന്നില്ലെങ്കില്‍ അതിനായി ജയിലില്‍ പോകാനും താന്‍ തയ്യാറാണെന്ന് ഹസാരെ വ്യക്തമാക്കിക്കഴിഞ്ഞു.
അണ്ണാഹസാരെയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ പരിഭ്രാന്തരായ കോണ്‍ഗ്രസ് നേതൃത്വവും യുപിഎ സര്‍ക്കാറും നെറികെട്ട നിലപാടിലേക്കുപോകുന്ന കാഴ്ചയാണ് സമൂഹം ദര്‍ശിക്കുന്നത്. ദല്‍ഹിയിലെ ചാന്ദ്നിചൗക്ക് മണ്ഡലത്തില്‍ നടത്തിയ സര്‍വെയില്‍ ജനലോക്പാല്‍ ബില്ലിനെ 85 ശതമാനം പേരും പിന്തുണച്ചിരുന്നു. ഇക്കാര്യം ഹസാരെ ചൂണ്ടിക്കാട്ടിയപ്പോള്‍ അവിടെ മത്സരിച്ച് തെളിയിക്കൂ എന്ന അപഹാസ്യവെല്ലുവിളിയാണ് കോണ്‍ഗ്രസ് വക്താവ് മനിഷ് തിവാരിയില്‍ നിന്നുണ്ടായത്. ഇവിടെ തിവാരി മറന്നുപോകുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് അഹങ്കരിച്ച നടന്ന കൊലകൊമ്പന്മാരെ തന്റെ സഹനസമരത്തിനു മുമ്പില്‍ അടിയറവു പറയിച്ച മഹാത്മാവിന്റെ പാതയിലൂടെയാണ് അണ്ണാഹസാരെയും ചരിക്കുന്നത്. കോര്‍പറേറ്റ് ഭീമന്മാരുടെ ഒത്താശക്കാരായി അധപ്പതിച്ചുപോയ അഭിനവ സ്യൂട്ട് കുട്ടപ്പന്മാര്ക്ക് എന്താണ് ഗാന്ധി, എന്താണ് ഇന്ത്യന്‍ സ്വത്വം എന്നൊന്നും അറിയില്ല.
സോഫ്റ്റ്വേര്‍ കയ്യാങ്കളിയില്‍ മികവുപുലര്‍ത്തിയാല്‍ എല്ലാമായി എന്നുകരുതുന്ന അഭിനവനേതാക്കന്മാര്ക്ക് പുസ്തകങ്ങളില്‍ നിന്നോ മറ്റോ സ്വായത്തമാക്കാനാവുന്നതല്ല ഗാന്ധിയന്‍ ദര്‍ശനങ്ങള്‍. അനുഭവതീക്ഷ്ണതയുടെ മൂശകളില്‍ ഉരുകിപ്പാകമായ ഒരു വ്യക്തിത്വത്തിന്റെ ഉദാത്തമായ ഒരവസ്ഥയാണത്. അണ്ണാഹസാരെയെപോലെ തുലോം തുച്ഛമായ എണ്ണത്തിലുള്ളവരില് മാത്രമേ ഇന്നത് നിലനില്ക്കുന്നുള്ളു. രാജ്യത്തിനു വേണ്ടി സര്‍വസ്വവും ബലിയര്‍പ്പിക്കാന്‍ സന്നദ്ധരായ അത്തരക്കാര്‍ക്ക് കോര്‍പറേറ്റ് കൊമ്പന്മാര് എറിഞ്ഞുകൊടുക്കുന്ന എച്ചില്‍കൂമ്പാരങ്ങളില്‍ അഭിരമിക്കാനാവില്ല. നാടിനെ കൊള്ളയടിച്ച് കോളനിയാക്കിയ ഈസ്റ്റിന്ത്യാകമ്പനിയുടെ പുതുതലമുറയാണ് ഇന്ന് ഭാരതത്തിന്റെ ശാപം. അവര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തിപോരാടുകയെന്നാല് ഇംഗ്ലീഷുകാര്‍ക്കെതിരെയുള്ള ഗാന്ധിയന്‍ പോരാട്ടം സാര്ത്ഥകമാക്കുകയെന്നാണര്ഥം. ജനറല്‍ ഡയറിന്റെ മാനസികാവസ്ഥയുള്ള മാടമ്പി നേതാക്കള്‍ എത്ര കഠിനമായി പരിശ്രമിച്ചാലും അണ്ണാഹസാരെമാര്‍ ഉണര്‍ത്തിവിട്ട വികാരത്തെ തച്ചുതകര്‍ക്കാനാവില്ല.
അഴിമതിയെന്ന ക്യാന്‍സറിന് പ്രത്യൗഷധം ഹസാരെമാര്‍ ഉയര്‍ത്തിവിടുന്ന സമരാവേശങ്ങളാണ്. അതിവിടുത്തെ ജനസാമാന്യങ്ങള്‍ക്ക് ഏതാണ്ട് ബോധ്യമുണ്ട്. അതുകൊണ്ടുകൂടിയാണ് യാതൊരു പ്രചാരണങ്ങളുമില്ലാതെ ഹസാരെയുടെ ലക്ഷ്യത്തിനായി കൊച്ചുകുട്ടികള്‍വരെ രംഗത്തുവന്നിരിക്കുന്നത്.കോണ്‍ഗ്രസ് വക്താക്കളെങ്കിലും ചരിത്രം പഠിക്കുകയും യാഥാര്‍ഥ്യത്തിന്റെ വെളിച്ചത്തില്‍ നില്‍ക്കുകയും വേണം. ഗാന്ധിയന്‍ ദര്‍ശനങ്ങളെ തള്ളിപ്പറയുന്നതിലൂടെ ഒരു രാജ്യത്തിന്റെ ഹൃദയത്തിനുനേരെ തന്നെയാണ് വെടിയുതിര്ക്കുന്നതെന്ന ഓര്‍മവേണം. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി എന്നും ഗാന്ധിജിയുടെ പേര് ദുരുപയോഗിച്ച കോണ്‍ഗ്രസ്സിന് ഹസാരെയുടെ ഗാന്ധിയന്‍ സമരമുറ പേടിപ്പെടുത്തുന്നുവെങ്കില്‍ ഉള്ളിലെന്തോ ചീഞ്ഞളിയുന്നുണ്ട് എന്ന് വ്യക്തമല്ലേ ?. കൂടുതല്‍ ദുര്‍ഗന്ധത്തിന് എന്തിന് അവസരം കൊടുക്കണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: