Categories: India

പാര്‍ലമെന്റ് രണ്ടാം ദിനവും സ്തംഭിച്ചു

Published by

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും പ്രക്ഷുബ്ധം. പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേയ്‌ക്ക് പിരിഞ്ഞു. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം.

രാവിലെ പതിനൊന്ന് മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. വിലക്കയറ്റ പ്രശ്നം ചോദ്യോത്തര വേള ഒഴിവാക്കിക്കൊണ്ട് വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷം പ്രധാനമായും ആവശ്യപ്പെട്ടത്. ബഹളം മൂലം ഇരുസഭകളും ആദ്യം 12 മണിവരെ നിര്‍ത്തിവച്ചു.

12 മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. തുടര്‍ന്ന് സഭ രണ്ട് മണിവരെ നിര്‍ത്തി വച്ചു. രണ്ട് മണിക്ക് ലോക് സഭയില്‍ സുരേഷ് കല്‍മാഡിയുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ കായിക മന്ത്രി അജയ് മാക്കന്‍ പ്രസ്താവന നടത്താന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം അതിനെ തടസ്സപ്പെടുത്തി. ബഹളത്തിനിടയില്‍ അജയ് മാക്കന്‍ പ്രസ്താവന സഭയുടെ മേശപ്പുറത്ത് വച്ചു. തുടര്‍ന്ന് സഭ ഇന്നത്തേയ്‌ക്ക് പിരിഞ്ഞു.

രാജ്യസഭയിലും വിലക്കയറ്റം ചോദ്യോത്തരവേള ഒഴിവാക്കി ചര്‍ച്ച ചെയ്യാനാവില്ലെന്ന നിലപാടാണ് അധ്യക്ഷന്‍ സ്വീകരിച്ചത്. ഇത് ശക്തമായ ബഹളത്തിന് ഇടയാക്കി. വരും ദിവസങ്ങളിലും പാര്‍ലമെന്റ് പ്രതിപക്ഷം സ്തംഭിപ്പിക്കാനാണ് സാധ്യത.

കഴിഞ്ഞ ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by