Categories: World

അമേരിക്കയില്‍ വായ്പാ പരിധി കൂട്ടി

Published by

വാഷിങ്‌ടണ്‍: അമേരിക്കന്‍ വായ്പാ പരിധി കൂട്ടാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ധാരണയായി. ഇതു സംബന്ധിച്ച ബില്ല് ജനപ്രതിനിധി സഭ പാസാക്കി. 161നെതിരെ 269 വോട്ടുകള്‍ക്കാണ് ബില്ല് പാസാക്കിയത്. സെനറ്റില്‍ ബില്ല് ഉടന്‍ വോട്ടിനിടും.

പുതിയ തീരുമാനം അനുസരിച്ച് അമേരിക്കയ്‌ക്ക് വരുത്താവുന്ന പൊതു കടത്തിന്റെ പരിധി 14.3 ലക്ഷം കോടി ഡോളറില്‍ നിന്ന് 16.7 ലക്ഷം കോടി ഡോളറായി ഉയരും. സാമ്പത്തിക പ്രതിസന്ധിക്കിടെ പൊതുകടം കുതിച്ചുയര്‍ന്നതാണ് അമേരിക്കയ്‌ക്ക് പ്രതിസന്ധിയായത്.

നിലവില്‍ നിശ്ചയിക്കപ്പെട്ട കട പരിധിയില്‍ പൊതുകടം എത്തിയതോടെ കടപരിധി ഉയര്‍ത്താതെ വായ്പ എടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി. ഇത് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. വായ്പാ പരിധി ഉയര്‍ന്നതോടെ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമാകും.

ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതാണ് ബില്ല്ല് പാസാക്കുന്നത് നീട്ടിയത്. കടത്തിന്റെ പരിധി ഉയര്‍ത്തുന്നതിനൊപ്പം സര്‍ക്കാരിന്റെ ധനക്കമ്മി പത്ത് വര്‍ഷം കൊണ്ട് വെട്ടികുറയ്‌ക്കുക, ചെലവ് വെട്ടികുറയ്‌ക്കലിന് പ്രത്യേക സമിതി രൂപീകരിക്കുക എന്നീ വ്യവസ്ഥകളില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ സമന്വയത്തില്‍ എത്തി.

പത്ത് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവില്‍ 90,000 കോടി ഡോളറിന്റെ കുറവ് വരുത്താനാണ് ശ്രമം. വിദ്യാഭ്യാസം, ഗവേഷണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിക്ഷേപം എന്നിവയ്‌ക്കുള്ള ചെലവുകളെ വെട്ടുച്ചുരുക്കല്‍ ബാധിക്കില്ല. അതേസമയം പരിഹാര കരാറില്‍ തൃപ്തനല്ലെന്ന് ബരാക് ഒബാമ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by