Categories: Kerala

തീപിടിത്തം അട്ടിമറിയെന്ന്‌ സംശയം

Published by

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പ്രവേശനകവാടത്തിന്‌ സമീപം ഉണ്ടായ തീപിടിത്തം അട്ടിമറിയെന്ന്‌ സൂചന. തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട്‌ നല്‍കി. മജിസ്ട്രേറ്റ്‌ തല അന്വേഷണത്തിന്‌ കളക്ടര്‍ ഉത്തരവിട്ടു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ അന്വേഷണവും ഊര്‍ജ്ജിതപ്പെടുത്തും.

ഞായറാഴ്ച രാത്രി എട്ടുമണിക്കാണ്‌ ജില്ലാ ഫാം ടൂള്‍സ്‌ സഹകരണസംഘത്തിന്റെ കരകൗശല ഷെഡ്‌ അഗ്നിക്കിരയായത്‌. തീര്‍ത്ഥപാദ മണ്ഡപത്തോടു ചേര്‍ന്നു കിടക്കുന്ന സ്ഥലത്താണ്‌ തീപിടിത്തം ഉണ്ടായത്‌. വിദ്യാധിരാജ ട്രസ്റ്റും സഹകരണസംഘവും തമ്മില്‍ ഇതുസംബന്ധിച്ച്‌ കേസ്‌ നിലനില്‍ക്കുന്നുണ്ട്‌.

റഫീക്ക്‌ എന്ന ആളാണ്‌ സഹകരണസംഘത്തിനായി ഇവിടെ കരകൗശല സ്റ്റാള്‍ നടത്തിയിരുന്നത്‌. ചില പ്രശ്നങ്ങളെത്തുടര്‍ന്ന്‌ ഇദ്ദേഹത്തിന്റെ കരാര്‍ സംഘം റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ സംഘം ഭാരവാഹികള്‍ക്ക്‌ ചില കേന്ദ്രങ്ങളില്‍നിന്ന്‌ ഭീഷണിയും ഉണ്ടായി. കരാര്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന്‌ മൂന്നുമാസമായി സ്റ്റാള്‍ അടഞ്ഞുകിടക്കുകയായിരുന്നു. പുതിയ കരാറുകാര്‍ക്ക്‌ നല്‍കാനുള്ള നീക്കം നടക്കുന്നതിനിടയിലാണ്‌ തീപിടുത്തം.

ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലം തീപിടിച്ച്‌ എന്നായിരുന്നു ആദ്യപ്രചരണം. പക്ഷേ അത്‌ ശരിയല്ലെന്ന്‌ പിന്നീട്‌ വ്യക്തമായി. ഷെഡ്ഡിലേക്ക്‌ കഴിഞ്ഞ മൂന്‍ന്മാസമായി വൈദ്യുതി വിതരണം ഉണ്ടായിരുന്നില്ലെന്ന്‌ ഇന്നലെ കെഎസ്‌ഇബി അധികൃതര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.

നിമിഷനേരംകൊണ്ടുതന്നെ ഷെഡ്‌ മുഴുവന്‍ അഗ്നിക്കിരയായതും ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നു. ജനറേറ്ററിലെ ഇന്ധനവും തീപിടിത്തത്തിന്‌ കാരണമായി. മാസങ്ങളായി അടഞ്ഞുകിടന്ന ഷെഡില്‍ സിലിണ്ടറും ജനറേറ്ററും വച്ചിരുന്നത്‌ സംശയം ജനിപ്പിച്ചിട്ടുണ്ട്‌.

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചശേഷം ഇത്രവലിയ തീപിടിത്തം ഉണ്ടായത്‌ വലിയ ആശങ്കയാണ്‌ ജനിപ്പിച്ചിരിക്കുന്നത്‌. ക്ഷേത്രത്തില്‍ സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍കൂടി എത്തിയാണ്‌ തീയണക്കാന്‍ ശ്രമിച്ചത്‌. ക്ഷേത്രത്തിലെ പ്രത്യേക സുരക്ഷ തകര്‍ക്കാന്‍ ബോധപൂര്‍വ്വം തീയിട്ടതാണോ എന്നതും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. സമഗ്രമായ അന്വേഷണം വേണമെന്നാണ്‌ ജില്ലാ കളക്ടര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്‌.

സ്വന്തം ലേഖകന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by