Categories: World

സിങ്ങ്ചിയാങ്ങ്‌ ആക്രമണത്തിന്‌ പിന്നില്‍ പാക്കിസ്ഥാനെന്ന്‌ ചൈന

Published by

ബീജിംഗ്‌: സിങ്ങ്ചിയാങ്ങ്‌ പ്രദേശത്ത്‌ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതിന്‌ പിന്നില്‍ പാക്കിസ്ഥാനാണെന്ന്‌ ചൈന വെളിപ്പെടുത്തി. ഹാന്‍ ചൈനക്കാരുടെ സാന്നിധ്യവും മതപരവും രാഷ്‌ട്രീയവുമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കാറ്റില്‍പറത്തിയാണ്‌ വീഗര്‍ വംശജരായ കാഷ്ഗര്‍ മുസ്ലീങ്ങള്‍ നഗരത്തില്‍ ഞായറാഴ്ച അക്രമം നടത്തിയത്‌. വീഗറുകള്‍ ഭൂരിപക്ഷമായ നഗരത്തില്‍ രണ്ട്‌ സ്ഫോടനങ്ങള്‍ കഴിഞ്ഞ 20 മണിക്കൂറിനുള്ളില്‍ നടന്നിരുന്നു. ഈ ആക്രമണം മതസൗഹാര്‍ദ്ദം തകര്‍ക്കാനും സാമൂഹ്യ സുസ്ഥിരത ഇല്ലാതാക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന്‌ പ്രാദേശിക ഭരണകൂടം കുറ്റപ്പെടുത്തി.

അക്രമികള്‍ ജിഹാദികളാണെന്നും ഭരണകൂടം ചൂണ്ടിക്കാട്ടി. ഈമാസം റംസാന്‍ ആരംഭിക്കുന്നതിന്‌ മുമ്പുതന്നെ നിയമവിധേയമല്ലാത്ത മതപ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടപ്പെട്ട പ്രതികള്‍ തങ്ങളുടെ നേതാക്കള്‍ പാക്കിസ്ഥാനിലേക്ക്‌ പലായനംചെയ്ത്‌ കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക്‌ മൂവ്മെന്റില്‍ ചേര്‍ന്നതായും വെളിപ്പെടുത്തി. തങ്ങള്‍ക്ക്‌ ആയുധങ്ങളും സ്ഫോടകവസ്തുക്കളും നിര്‍മിക്കാന്‍ പരിശീലനം ലഭിച്ചതായും അവര്‍ പറഞ്ഞു.

അക്രമത്തില്‍ ഒരു റസ്റ്റോറന്റ്‌ തകര്‍ത്തതിന്‌ പോലീസ്‌ അഞ്ചുപേരെ വെടിവെച്ചുകൊല്ലുകയും നാലുപേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്‌. റസ്റ്റോറന്റില്‍ കയറിയശേഷം അക്രമികള്‍ അതിന്‌ തീവെക്കുകയും ഉടമസ്ഥനെയും ഒരു വെയ്റ്ററെയും കൊന്നശേഷം തെരുവിലേക്ക്‌ ഓടി നാലുപേരെ കഴുത്ത്‌ ഞെരിച്ച്‌ കൊല്ലുകയുമാണുണ്ടായതെന്ന്‌ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റ്‌ സര്‍ക്കാരിന്‌ സിംഗ്ജിങ്ങില്‍ നിയന്ത്രണം ഉണ്ടോയെന്ന കാര്യം പരിശോധിക്കപ്പെടുന്ന അവസരമാണിത്‌. ഈ നഗരത്തില്‍ വീഗര്‍ മുസ്ലീങ്ങളും ഹാന്‍ ചൈനക്കാരും പരസ്പരം അവിശ്വാസത്തോടെയാണ്‌ കഴിയുന്നത്‌. ചൈനയുടെ പാര്‍ട്ടി ആധിപത്യത്തിനുനേരെയുള്ള അറബ്‌ ലോകത്തിന്റെ വെല്ലുവിളി അവരെ അലട്ടുന്നു.

ഇത്തരം അക്രമികള്‍ക്കുനേരെ കര്‍ശനമായ നടപടികളെടുക്കുമെന്ന്‌ സിങ്ങ്ജിയാങ്ങിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ഡാങ്ങ്‌ ചണ്‍സ്ക്വന്‍ അറിയിച്ചു.

ജൂലൈ 2009 ല്‍ ഉറും ക്വി നഗരത്തില്‍ ഭൂരിപക്ഷമായ ഹാന്‍ ചൈനക്കാരും ന്യൂനപക്ഷമായ വീഗറുകളും തമ്മിലുണ്ടായ സംഘട്ടനങ്ങളില്‍ 200 പേര്‍ കൊല്ലപ്പെട്ടിരുന്നു. അവരില്‍ ഏറെപ്പേരും ഹാന്‍ചൈനക്കാരായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by