Categories: India

കള്ളപ്പണ നിക്ഷേപം: പ്രണബ്‌ പ്രതികരിച്ചില്ല

Published by

ന്യൂദല്‍ഹി: നികുതിവെട്ടിപ്പിനും കള്ളപ്പണത്തിനുമെതിരെയുള്ള നടപടികളുടെ ഭാഗമായി ഇത്തരക്കാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുമെന്ന്‌ ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി. അതേസമയം സ്വിസ്‌ ബാങ്കുകളിലെ കള്ളപ്പണത്തിന്റെ കണക്കുകളോട്‌ പ്രതികരിക്കാന്‍ മുഖര്‍ജി തയ്യാറായില്ല. ഇതുള്‍പ്പെടെ ഒട്ടേറെ സുപ്രധാന നടപടികള്‍ ആലോചിച്ചുവരികയാണ്‌. സ്വിസ്‌ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ വിവരങ്ങള്‍ വര്‍ഷാവസാനത്തോടെ കിട്ടുമെന്ന്‌ കരുതുന്നു.
ജര്‍മനിയുമായി ഇരട്ടിനികുതി ഒഴിവാക്കല്‍ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സപ്തംബറില്‍ സ്വിസ്‌ പാര്‍ലമെന്റ്‌ ഇത്‌ അംഗീകരിക്കുന്നതോടെ നികുതിവെട്ടിപ്പ്‌ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യക്ക്‌ കിട്ടിത്തുടങ്ങും. വിവിധ സ്വിസ്‌ ബാങ്കുകളില്‍ 2.5 ബില്യണ്‍ ഡോളര്‍ കള്ളപ്പണം കെട്ടിക്കിടപ്പുണ്ടെന്ന സ്വിസ്‌ നാഷണല്‍ ബാങ്കിന്റെ കണക്കുകളോട്‌ പ്രതികരിക്കാനാണ്‌ പ്രണബ്മുഖര്‍ജി തയ്യാറാവാതിരുന്നത്‌.
ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ അംബാസഡറോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു മറുപടി. നികുതിവെട്ടിപ്പ്‌ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ആദായനികുതി വകുപ്പ്‌ ഡയറക്ടര്‍ ജനറല്‍ (ഭരണം) അനിതാ കപൂറിന്റെ അധ്യക്ഷതയില്‍ ഉന്നത നികുതി വകുപ്പ്‌ ഉദ്യോഗസ്ഥരുടെ കമ്മറ്റിക്ക്‌ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ്‌ രൂപംകൊടുത്തിട്ടുണ്ടെന്ന്‌ മന്ത്രി വ്യക്തമാക്കി. കള്ളപ്പണക്കാരുടെയും മറ്റും വിശദാംശങ്ങള്‍ കണ്ടെത്താന്‍ പുറമെയുള്ള ഏജന്‍സികളുടെ സഹായം തേടുന്ന കാര്യവും ഇവര്‍ പരിശോധിക്കും. നികുതി വെട്ടിപ്പുകാരുടെ വിവരം കൈമാറുന്നതുവഴി പണം വീണ്ടെടുക്കാന്‍ സഹായിക്കുന്നവര്‍ക്ക്‌ പാരിതോഷികം കൊടുക്കുന്ന കാര്യവും സമിതിയുടെ പരിഗണനയില്‍വരും. രണ്ട്‌ മാസത്തിനുള്ളില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.

പുതിയതായി എട്ട്‌ രാജ്യങ്ങളില്‍ ഇപ്പോള്‍ ആദായനികുതി ഓവര്‍സീസ്‌ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ്‌എ, ബ്രിട്ടണ്‍, നെതര്‍ലാന്റ്സ്‌, ജപ്പാന്‍, സൈപ്രസ്‌, ജര്‍മനി, ഫ്രാന്‍സ്‌, യുഎഇ എന്നിവിടങ്ങളിലാണ്‌ അടുത്തയിടെ പുതിയ യൂണിറ്റുകള്‍ തുടങ്ങിയത്‌. മൗറീഷ്യസിലും സിംഗപ്പൂരിലും പ്രവര്‍ത്തിക്കുന്ന ആദായനികുതി യൂണിറ്റുകളില്‍നിന്ന്‌ വിലപ്പെട്ട വിവരങ്ങള്‍ കിട്ടുന്നുണ്ടെന്നും മുഖര്‍ജി അവകാശപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by