Categories: Kerala

ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര സ്വത്ത്‌: മൂല്യനിര്‍ണയം ഇന്ന്‌ തുടങ്ങും

Published by

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ മൂല്യനിര്‍ണയം ഇന്ന്‌ തുടങ്ങും. വിദഗ്ധ സമിതിയുടെ നേതൃത്വത്തിലാണ്‌ മൂല്യനിര്‍ണയം നടക്കുക. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ചെയര്‍മാന്‍ ദേശീയ മ്യൂസിയം ഇന്‍സ്റ്റിറ്റിയൂട്ട്‌ വൈസ്‌ ചാന്‍സലര്‍ സി.വി.ആനന്ദബോസ്‌ നേതൃത്വം നല്‍കും.

വിദഗ്ധ സമിതിയുടെയും മേല്‍നോട്ട സമിതിയുടെയും സംയുക്ത യോഗം ഇന്ന്‌ രാവിലെ 11 ന്‌ ചേരും. ബി നിലവറ തുറക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ക്കും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും. ബി നിലവറ തുറക്കുന്നതിനെ സംബന്ധിച്ച്‌ വിദഗ്ധ സമിതി ചര്‍ച്ചചെയ്ത ശേഷം തീരുമാനമെടുക്കണമെന്നുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്‌.

ഇന്നുമുതല്‍ തുടര്‍ച്ചയായി എല്ലാ ദിവസവും മൂല്യ നിര്‍ണയം നടത്താനാണ്‌ സുപ്രീം കോടതി ഉത്തരവ്‌. ആകെയുളള ആറു നിലവറകളില്‍ അഞ്ചെണ്ണത്തിന്റെ മൂല്യനിര്‍ണയമാണ്‌ ആദ്യം നടത്തുന്നത്‌. ശാസ്ത്രീയമായ രീതിയില്‍ സ്വത്തുവകകളുടെ മൂല്യം തിട്ടപ്പെടുത്താനാണ്‌ സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്‌. സുപ്രീം കോടതി നേരത്തെ നിയോഗിച്ചിരുന്ന ഏഴംഗ കമ്മീഷന്‍ നിലവറയിലെ സാധനങ്ങളുടെ എണ്ണവും തൂക്കവും മാത്രമാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. മൂല്യനിര്‍ണയം നടത്താന്‍ കോടതി കമ്മീഷനോട്‌ പറഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ സ്വത്തിനെ സംബന്ധിച്ചും മൂല്യം സംബന്ധിച്ചും പുറത്തുവന്ന വിവരങ്ങളുടെ സത്യാവസ്ഥ അറിയാന്‍ മൂല്യ നിര്‍ണയും ഉപകരിക്കും. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

സമിതി അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന യോഗമാണ്‌ ആദ്യം ചേരുന്നത്‌. അതിനുശേഷമാണ്‌ നിരീക്ഷണ സമിതി അംഗങ്ങളും ഉള്‍പ്പെടുന്ന യോഗം. യോഗത്തിന്‌ ശേഷമായിരിക്കും നിലവറകള്‍ തുറന്ന്‌ സ്വത്തിന്റെ മൂല്യനിര്‍ണയം നടത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുന്നത്‌. ദേശീയ മ്യൂസിയം ഇന്‍സ്റ്റിറ്റിയൂട്ട്‌ പുരാവസ്തു സംരക്ഷണ വകുപ്പ്‌ വിഭാഗം മേധാവി പ്രൊഫ എം.വി.നായര്‍, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ്‌ ഓഫീസര്‍ വി.കെ.ഹരികുമാര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്‍ഡ്യയുടെയും റിസര്‍വ്‌ ബാങ്കിന്റെയും പ്രതിനിധികള്‍ എന്നിവരും വിദഗ്ധ സമിതിയിലെ അംഗങ്ങളാണ്‌. കൂടാതെ മേല്‍നോട്ട സമിതി അംഗങ്ങളായ ദേവസ്വം സെക്രട്ടറി കെ.ജയകുമാര്‍, ജസ്റ്റിസ്‌ എം.എന്‍ കൃഷ്ണന്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ എന്നിവരും മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും.

ഇതുവരെ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും മൂല്യ നിര്‍ണയം. നിലവറ തുറന്ന്‌ പരിശോധനയില്‍ പങ്കെടുത്ത നിരീക്ഷണ സമിതി അംഗങ്ങളില്‍നിന്നും വിവരം ശേഖരിക്കും. നിലവറകളില്‍നിന്നും കണ്ടെത്തിയ സ്വത്തുക്കള്‍ സംരക്ഷിക്കുന്ന കാര്യവും സമിതി ചര്‍ച്ചചെയ്യും. ഇതിന്റെ സുരക്ഷയ്‌ക്ക്‌ ആവശ്യമായുളള സുപ്രധാന നിര്‍ദ്ദേശങ്ങളും സമിതിയുടെ ഭാഗത്ത്‌ നിന്നുണ്ടാകും. ഡോ സി.വി.ആനന്ദബോസ്‌ ശനിയാഴ്ച രാത്രിതന്നെ തിരുവനന്തപുരത്ത്‌ എത്തിയിരുന്നു. ഇന്നലെ രാത്രിയോടെതന്നെ വിദഗ്ധ സമിതിയിലെ മറ്റ്‌ അംഗങ്ങളും എത്തിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by