കൊച്ചി: കണക്കില്‍ കമ്പ്യൂട്ടറിനെ വെല്ലുവിളിച്ച് കുരുന്നുകള്‍ വിസ്മയം തീര്‍ത്തു. ബ്രെയിനോ ബ്രെയിന്‍ കിഡ്സ് അക്കാദമി സംഘടിപ്പിച്ച 26-ാമത് റീജനല്‍ അബാക്കസ് കോമ്പേറ്റെഷന്‍ ഫെസ്റ്റിവലിലാണ് കുട്ടികള്‍ ബുദ്ധിശക്തിയുടെ കാര്യത്തില്‍ കമ്പ്യൂട്ടറിനെ പരാജയപ്പെടുത്തിയത്.
അഞ്ചു മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടത്തിയ അബാക്കസ് മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും യു എ ഇ യില്‍ നിന്നും നാഗര്‍കോവിലില്‍ നിന്നുമായി 1500-ഓളം കുരുന്നു പ്രതിഭകള്‍ മാറ്റുരച്ചു. വിവിധ പ്രായ വിഭാഗങ്ങളിലായി 10 ലെവല്‍ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 75 കണക്കുകളില്‍ കുട്ടലും കുറയ്ക്കലും ഹരിക്കലും ഗുണിക്കലും നടത്തിയാണ് കുഞ്ഞുങ്ങള്‍ മത്സരശേഷി പ്രകടിപ്പിച്ചത്. ഒന്നും രണ്ടും വിഭാഗങ്ങളില്‍ കമ്പ്യൂട്ടറിന്റെ പ്രാചീന രൂപമായ അബാക്കസ് ഉപയോഗിച്ചാണ് അവര്‍ കണക്കുകള്‍ ചെയ്തത്. മറ്റു വിഭാഗങ്ങളില്‍ മനസിലായിരുന്നു കൂട്ടലും കിഴിക്കലും.
അബുദാബി, ഷാര്‍ജ, അബുഷാഗ്ര, അല്‍ അയിന്, ഗുസായിസ്, ദുബായ് എന്നിവിടങ്ങളില്‍ നിന്നായി മത്സരത്തില്‍ പങ്കെടുക്കാന്‍ 100 വിദ്യാര്‍ത്ഥികളാണ് എത്തിയത്. നാഗര്‍കോവിലില്‍ നിന്ന് 15 പേരും. കുട്ടികളുടെ ഏകാഗ്രത, ആത്മവിശ്വാസം, ബുദ്ധിശക്തി, വേഗത, കൃത്യത, അച്ചടക്കം എന്നിവയാണ് അബാക്കസ് കോമ്പേറ്റെഷന്‍ ഫെസ്റ്റിവെലില്‍ പ്രധാനമായും പരീക്ഷിച്ചത്.
പനമ്പിള്ളിനഗര്‍ റോട്ടറി ബാലഭവനില്‍ നടന്ന മത്സരങ്ങളില്‍ ഡി. ഐ. ജി. എം. ആര് അജിത് കുമാര്‍ മുഖ്യാതിഥി ആയിരുന്നു. ബ്രെയിനോ ബ്രെയിന്‍ കിഡ്സ് അക്കാദമി മാനേജിംഗ് ഡയറക്ടര്‍ എസ്. ആനന്ദ്, ടെക്നിക്കല്‍ ഡയറക്ടര്‍ എസ്. അരുള്‍ മണിയന്, കേരള റീജണല്‍ കോ ഓഡിനേറ്റര്‍ സിജി സന്തോഷ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
സാമുവല്‍ ബേസില്‍ (അബുദാബി), അഭീത് ഏകാംബരന്, ഗോപീകൃഷ്ണന് (ദുബായ് ഗുസായിസ്) ഗോകുല്‍, ആനന്ദ രഘുറാം (ദുബായ് കരാമ), ഗോകുല്‍ കൃഷ്ണ, ആദിത്യറാവു (ഷാര്‍ജ), ജാസിം എ (ആലുവ), ജഗന്നാഥ് (ചേര്‍ത്തല), വിഷ്ണു കെ. ആര് (ഇരിങ്ങാലക്കുട), അരവിന്ദ് എം (തിരുവനന്തപുരം), സൂര്യാ പോള്‍ (കോഴിക്കോട്), ഷോണ്‍ ബി. ഉമ്മന്‍ (കതൃക്കടവ്), ഹരികൃഷ്ണന് (പള്ളുരുത്തി എന്നിവരാണ് വിവിധവിഭാഗങ്ങളിലെ ചാമ്പ്യന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: