Categories: India

സ്പെക്ട്രം കുംഭകോണം വിദേശനിക്ഷേപത്തെ ബാധിച്ചെന്ന്‌ മന്ത്രി സിബല്‍

Published by

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതികള്‍ രാജ്യത്തിന്റെ പ്രതിഛായയെ മാത്രമല്ല വിദേശനിക്ഷേപത്തെയും ബാധിച്ചതായി ഐടിയുടെ അധികച്ചുമതലയുള്ള മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

‘കഴിഞ്ഞവര്‍ഷം നമ്മള്‍ നേടിയത്‌ വെറും 25 ബില്യണ്‍ ഡോളര്‍ വിദേശനിക്ഷേപം മാത്രമാണ്‌. ഇത്‌ താല്‍ക്കാലിക പ്രവണത മാത്രമാണെന്നും ഞാന്‍ വിശ്വസിക്കുന്നു,’ സിബല്‍ വ്യക്തമാക്കി. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഇന്ത്യ പതിനാലാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഏകദേശം പത്ത്‌ ബില്യണ്‍ ഡോളര്‍ മുതല്‍ 25 ബില്യണ്‍ ഡോളര്‍ വരെയാണ്‌ ഇന്ത്യക്ക്‌ നഷ്ടം.

2 ജി സ്പെക്ട്രം അഴിമതി വിദേശനിക്ഷേപകരില്‍ ഇന്ത്യയെക്കുറിച്ച്‌ ആശങ്കയുളവാക്കാന്‍ കാരണമായിട്ടുണ്ടെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ലോകത്ത്‌ വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം ഇന്ത്യതന്നെയാണെന്ന്‌ സിബല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. നിരവധി നിക്ഷേപകര്‍ കൂടിക്കാഴ്ചക്കെത്തിയിരുന്നു. ആശങ്കകള്‍ അവര്‍ പങ്കുവെച്ചെങ്കിലും സ്ഥിരനിക്ഷേപത്തിന്‌ പറ്റിയ സ്ഥലം ഇന്ത്യതന്നെയെന്ന്‌ അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ 2 ജി സ്പെക്ട്രം അഴിമതി സംബന്ധിച്ച വിവാദം രാജ്യത്ത്‌ കെട്ടടങ്ങുമ്പോള്‍ ഇന്ത്യ വിദേശനിക്ഷേപത്തില്‍ മുന്‍പന്തിയിലേക്ക്‌ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎന്‍ പുറത്തിറക്കിയ ‘വേള്‍ഡ്‌ ഇന്‍വെസ്റ്റ്മെന്റ്‌ റിപ്പോര്‍ട്ട്‌ 2011’ ലാണ്‌ ഇന്ത്യയുടെ വിദേശനിക്ഷേപം കുറഞ്ഞതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ വിദേശനിക്ഷേപം വെറും 25 ബില്യണ്‍ ഡോളറാണ്‌. അതേസമയം, 2009 ല്‍ ഇത്‌ 36 ബില്യണ്‍ ഡോളറായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by