Categories: World

ലിബിയന്‍ വിമതര്‍ക്ക്‌ അമേരിക്കയില്‍ എംബസി വരുന്നു

Published by

വാഷിംഗ്ടണ്‍: ലിബിയന്‍ വിമതര്‍ക്ക്‌ വാഷിംഗ്ടണില്‍ നയതന്ത്ര കാര്യാലയം തുറക്കുന്നത്‌ പരിഗണനയിലാണെന്ന്‌ അമേരിക്ക വ്യക്തമാക്കി. നേരത്തെ ബ്രിട്ടണ്‍ ഇവരെ അംഗീകരിച്ചിരുന്നു. ഗദ്ദാഫിയുടെ നയതന്ത്ര പ്രതിനിധികളെയും ബ്രിട്ടണ്‍ പുറത്താക്കി.

ലിബിയന്‍ വിമതര്‍ നയതന്ത്രകാര്യാലയം തുറക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നുവെന്ന്‌ യുഎസ്‌ വിദേശകാര്യവകുപ്പിന്റെ വക്താവ്‌ മാര്‍ക്ക്‌ ടോണര്‍ അറിയിച്ചു. ഇക്കാര്യം തങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗദ്ദാഫിയുടെ അംബാസഡറായിരുന്ന അലി അവ്ജാലി ഫെബ്രുവരിയില്‍ ഭരണകൂടവുമായി തെറ്റിപ്പിരിഞ്ഞ്‌ വിമത നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിലെത്തിപ്പെട്ടു.

പുതിയ അംബാസഡറെ നിയമിക്കാന്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ കൗണ്‍സിലിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനിടെ ഏകപക്ഷീയമായി വിമതരെ അംഗീകരിച്ച ബ്രിട്ടന്റെ നടപടിയെ ലിബിയ അപലപിച്ചു. ഗദ്ദാഫി സര്‍ക്കാരിന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയായ ഖലീല്‍ കീമ ഈ തീരുമാനത്തെ കീഴ്‌വഴക്കങ്ങള്‍ക്ക്‌ വിരുദ്ധമെന്നും നിരുത്തരവാദപരമെന്നും വിശേഷിപ്പിച്ചു. ഗദ്ദാഫി ഭരണകൂടത്തിന്റെ എട്ട്‌ നയതന്ത്ര ഉദ്യോഗസ്ഥരോട്‌ രാജ്യം വിടാന്‍ ബ്രിട്ടണ്‍ ഉത്തരവിറക്കി. ലണ്ടനിലെ ലിബിയന്‍ അംബാസഡറായ മൊഹമ്മദ്‌ അല്‍ നാകു നിയമിതനായിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by