Categories: India

രാംജത്മലാനി ചൈനയെ വിമര്‍ശിച്ചത്‌ പാക്‌ ഹൈക്കമ്മീഷനെ വെട്ടിലാക്കി

Published by

ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ദല്‍ഹിയില്‍ സംഘടിപ്പിച്ച വിരുന്ന്സല്‍ക്കാരത്തിനിടെ മുന്‍ കേന്ദ്രനിയമമന്ത്രിയും ബിജെപി എംപിയുമായ രാംജത്മലാനി ചൈനയെ വിമര്‍ശിച്ചത്‌ പാക്‌ ഹൈക്കമ്മീഷനെ വെട്ടിലാക്കി. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മുഖ്യശത്രു ചൈനയാണെന്നാണ്‌ രാംജത്മലാനി പ്രസ്താവിച്ചത്‌. ചടങ്ങില്‍ ഇന്ത്യയിലെ ചൈനീസ്‌ അംബാസഡറും സന്നിഹിതനായിരുന്നു.

രാംജത്മലാനിയുടെ അഭിപ്രായപ്രകടനം ഇന്ത്യയുടേത്‌ മാത്രമാണെന്നും ഈ തീരുമാനത്തില്‍ പാക്കിസ്ഥാന്‌ പങ്കില്ലെന്നും പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഷെഹീദ്‌ മാലിക്‌ രാംജത്മലാനിയുടെ പ്രസ്താവന വന്ന്‌ നിമിഷങ്ങള്‍ക്കം ചൈനീസ്‌ അംബാസഡറെ ധരിപ്പിച്ചു. അതേസമയം, വിദേശകാര്യ സെക്രട്ടറി നിരുപമറാവുവും പാര്‍ലമെന്ററികാര്യസഹമന്ത്രി രാജീവ്‌ ശുക്ലയും ജത്മലാനിയുടെ പ്രസ്താവന രാജ്യതാല്‍പര്യത്തിന്‌ വിരുദ്ധമാണെന്നും ഇത്‌ അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം മാത്രമാണെന്നും ചൈനീസ്‌ അംബാസഡറെ അറിയിച്ചു.

ചടങ്ങ്‌ അവസാനഘട്ടത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കെ പ്രധാന മേശക്ക്‌ മധ്യഭാഗത്തായി ഇരുന്നിരുന്ന രാംജത്മലാനി പെട്ടെന്ന്‌ എണീറ്റ്‌ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണുണ്ടായത്‌. “ചൈനയെ ഒരിക്കലും സുഹൃത്തായി സ്വീകരിക്കരുത്‌. ഇരുരാജ്യങ്ങളുടെയും മുഖ്യശത്രു അവരാണ്‌ (ചൈന). എപ്പോഴും അവര്‍ക്കുനേരെയുള്ള മുന്‍കരുതല്‍ ഇരുകൂട്ടര്‍ക്കും ഉപകരിക്കും, ജത്മലാനി പറഞ്ഞു. എന്നാല്‍ ഇത്‌ തന്റെ സ്വന്തം അഭിപ്രായം മാത്രമാണെന്നും ജത്മലാനി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍, പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഷെഹീദ്‌ മാലിക്‌, ഇന്ത്യന്‍ വിദേശകാര്യസഹമന്ത്രി പ്രിണിത്‌ കൗര്‍, പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ പ്രത്യേക ദൂതന്‍ കെ. ലാംബ, വിദേശകാര്യ സെക്രട്ടറി നിരുപമറാവു, നിയുക്ത വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ. റഹ്മാന്‍ഖാന്‍, മുന്‍ സ്പോര്‍ട്സ്‌ മന്ത്രി എം.എസ്‌. ഗില്‍, പാര്‍ലമെന്ററികാര്യസഹമന്ത്രി രാജീവ്‌ ശുക്ല എന്നിവരുടെ സാന്നിധ്യത്തിലാണ്‌ ജത്മലാനിയുടെ അഭിപ്രായപ്രകടനം നടന്നത്‌. പാക്കിസ്ഥാനില്‍ ജനാധിപത്യം നിലവില്‍വന്നത്‌ തന്റെ കല്യാണദിവസത്തെപ്പോലെ ആശ്ചര്യപൂര്‍വമാണ്‌ നോക്കിനിന്നത്‌. ഒരു സ്വേഛാധിപതിക്കും അത്‌ തകര്‍ക്കാനാവരുത്‌. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ സൗഹൃദം നിലനില്‍ക്കണമെന്നാഗ്രഹിച്ച വ്യക്തിയാണ്‌ പര്‍വേസ്‌ മുഷറഫ്‌. അദ്ദേഹത്തിന്റെ അസാന്നിധ്യം ഇരുരാജ്യങ്ങള്‍ക്കിടയിലും പ്രകടമാണെന്നും രാംജത്മലാനി വ്യക്തമാക്കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by