ധര്‍മ്മബോധത്തോടെയും, അനുയോജ്യമായ വ്യക്തികള്‍ക്കും, അനുയോജ്യസ്ഥലത്തും, കാലത്തും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നന്മ മാത്രം ലക്ഷ്യമാക്കി നല്കുന്ന ദാനമാണ് സാത്വികദാനം. അനുയോജ്യമല്ലാത്ത വ്യക്തി, സ്ഥലം, കാലം ഇവയില്‍ ആര്‍ക്കോ വേണ്ടി പൂര്‍ണ മനസ്സില്ലാതെ ബലാല്‍ക്കാരമെന്നപോലെ, തിരിച്ച് വലുത് പ്രതീക്ഷിച്ചുനല്‍കുന്നത് രാജസീകദാനം. അനുയോജ്യമല്ലാത്ത വ്യക്തിക്ക്, പല ദേശത്തില്‍ വച്ച്, പല സമയത്ത് കൊടുക്കുന്നതും, പ്രതിഫലം പ്രതീക്ഷിച്ചുകൊടുക്കുന്നതും, തിന്മയുടെ ഫലം തരുന്നതും പകയോടെ, പ്രതികാരത്തോടെ നല്കുന്നതുമായത് താമസീകദാനം. മന്ത്രങ്ങളും ഓംകാരവും ജപിച്ച് അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍, ഓം തത് സത് ജപിച്ചുചെയ്യുന്നതുമായ എല്ലാ നന്മ നിറഞ്ഞ കര്‍മ്മങ്ങളും യജ്ഞം പോലെ പവിത്രമാണ്. അത് സാത്വികമാണ്. അപവിത്രമായതിനെ പോലും പവിത്രമാക്കുന്നു.
ആഗ്രഹങ്ങള്‍ ജനിപ്പിക്കുന്നതും ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി ചെയ്യുന്നതുമായ കര്‍മ്മങ്ങള്‍ വേണ്ടെന്ന് വയ്ക്കലാണ് സന്യാസം. മറ്റ് ചിലരുടെ അഭിപ്രായത്തില്‍ കര്‍മ്മഫലങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നതും സന്യാസമാണ്. ചിലര്‍ പറയുന്നു, എല്ലാ കര്‍മ്മങ്ങളിലും അല്പമെങ്കിലും തിന്മകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ കര്‍മ്മങ്ങളും വേണ്ടെന്ന് വയ്ക്കലാണ് സന്യാസമെന്ന്. യഥാര്‍ത്ഥത്തില്‍ ത്യാഗസഹിതമായ സന്യാസചര്യപോലും മൂന്നുവിധമുണ്ട്. യജ്ഞഭാവത്തോടുകൂടിയ സന്യാസമാണ് ശരി. അതിനുതകുന്ന കര്‍മ്മങ്ങള്‍ ചെയ്തേ മതിയാകൂ. ആ കര്‍മ്മങ്ങള്‍ മനുഷ്യനെ ശുദ്ധീകരിക്കുന്നു.
അതിനാല്‍ ത്യാഗം, തപസ്, ദാനം, പരസഹായം ഇവയെല്ലാം മാനസീക ബന്ധങ്ങളില്ലാതെയനുഷ്ഠിക്കണം. എന്നാല്‍ സന്യാസത്തിന്റെ പേരില്‍ സ്വന്തം ധര്‍മ്മം ത്യജിക്കുന്നതും അജ്ഞതകൊണ്ട് സ്വധര്‍മ്മം അനുഷ്ഠിക്കാതിരിക്കുന്നതും താമസീകമായ ത്യാഗവും സന്യാസവുമാണ്. എല്ലാ കര്‍മ്മവും ഒരു ഭാരമാണെന്നും ദുഃഖമാണെന്നും വിചാരിച്ച് കര്‍മ്മങ്ങളെല്ലാം ഉപേക്ഷിച്ച് മറ്റ് ഫലങ്ങള്‍ പ്രതീക്ഷിച്ച് ചെയ്യുന്നത് രാജസീക സന്യാസമാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നല്ല മനസ്സോടെ സ്വധര്‍മ്മമനുഷ്ഠിച്ച് മേറ്റ്ല്ലാം ത്യജിക്കുന്ന സന്യാസം സാത്വികമാണ്. സാത്വികസന്ന്യാസത്തിലൂടെ താല്‍ക്കാലിക സന്തോഷവും, സുഖവും, ബന്ധനവും ഒന്നും പ്രതീക്ഷിക്കാതെ അനുഷ്ഠിക്കുമ്പോള്‍ അത് ശാശ്വതമായ നന്മക്ക് കാരണമായിത്തീരുന്നു. മനുഷ്യനായി ജനിച്ചവന് എല്ലാ പ്രവൃത്തികളും ഉപേക്ഷിക്കാന്‍ സാധ്യമല്ല. അതില്‍ കര്‍മ്മഫലങ്ങള്‍ ത്യജിക്കുന്നത് തന്നെ ലളിതമായ സാത്വിക സന്യാസം, പല കര്‍മ്മങ്ങള്‍ക്കും ഇഷ്ടമുള്ള ഫലം, ഇഷ്ടമില്ലാത്ത ഫലം, മിശ്രഫലം എന്നീ പ്രകാരം മൂന്നുതരത്തിലുള്ള ഫലങ്ങളുണ്ട്. നല്ല സന്യാസിക്ക് ഈ മൂന്നുതരത്തിലുള്ള ഫലങ്ങളും പ്രശ്നമാകുന്നില്ല. സന്യാസിക്ക്, കര്‍മ്മയോഗവും ജ്ഞാനയോഗവും ഒരേ ലക്ഷ്യവും മാര്‍ഗ്ഗവും നല്കുന്നു. കര്‍മ്മത്തിനാധാരം, കര്‍മ്മം ചെയ്യുന്നവന്, കര്മ്മേന്ദ്രിയങ്ങള്, വ്യത്യസ്തകര്‍മ്മങ്ങള്‍, കര്മ്മത്തിന് സാക്ഷിത്വം വഹിക്കുന്ന ആത്മാവ്, ഈ അഞ്ചും ജ്ഞാനയോഗിക്കും കര്‍മ്മയോഗിക്കും ഒരു പോലെയാണ്. ജ്ഞാനയോഗിയും കര്‍മ്മയോഗിയും ഇവിടെ ഒത്തുചേരുന്നു.
– ഡോ. എന്‍.ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: