വാഷിംഗ്ടണ്‍: കാശ്മീര്‍ വിഘടനവാദിയും ഐഎസ്ഐ ചാരനുമായ സയിദ് ഗുലാംനബി ഫായെ ഉപാധികളോടെ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ വെര്‍ജിനിയ ജില്ലാ കോടതി വിധിച്ചു. ഒരുലക്ഷം അമേരിക്കന്‍ ഡോളറിന്റെ ജാമ്യത്തിലാണ് വീട്ടുതടങ്കല്‍ അനുവദിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മോണിട്ടറിംഗ് സംവിധാനം ഫായെ നിരീക്ഷിക്കാന്‍ ഉപയോഗിക്കും. ഫായെ സ്വതന്ത്രനാക്കുന്നതിനെ പ്രോസിക്യൂഷന് കോടതിയില്‍ എതിര്‍ത്തിരുന്നു.
ഫായെ വീട്ടുതടങ്കലില്‍ വയ്ക്കാമെന്നും അയാളുടെ സംസാരസ്വാതന്ത്ര്യം പരിമിതപ്പെടുത്തണമെന്നും അയാളുടെയും ഭാര്യയുടെയും പാസ്പോര്ട്ടുകള് കണ്ടുകെട്ടണമെന്നും ജഡ്ജി ജോണ്‍ ആന്ഡേഴ്സണ് പ്രസ്താവിച്ചു. ഫായുടെ ഭാര്യ സര്‍ക്കാരിലെ ജീവനക്കാരിയാണ്. ഇതിനിടയില്‍ ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള തന്റെ കൂട്ടാളി സഹീര്‍ അഹമ്മദുമായി ബന്ധപ്പെടുന്നതും മറ്റേതെങ്കിലും വിദേശരാജ്യവുമായോ ഏജന്‍സികളുമായോ ബന്ധപ്പെടുന്നതും കോടതി വിലക്കിയിട്ടുണ്ട്. സമ്മിശ്ര വികാരങ്ങളോടെയാണ് കോടതിയില്‍ ഹാജരായിരുന്ന ഫായുടെ രണ്ട് ഡസനിലധികം വരുന്ന അനുയായികളും ഭാര്യ ചാങ്ങ് നിങ്ങ് യിംഗും വിധിപ്രസ്താവം കേട്ടത്. സാങ്കേതികമായി ഫായെ സ്വതന്ത്രനാക്കിയെങ്കിലും വിചാരണ കഴിയുംവരെ അയാളെ നിരീക്ഷണത്തില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. പച്ച ജയില്‍ വേഷം ധരിച്ച് ഫാ ദുര്‍ബലമായി കൈവീശി കാണിക്കുകയും തന്റെ അനുയായികളെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു. ശിരോവസ്ത്രം ധരിച്ചിരുന്ന ഫായുടെ ഭാര്യയും കൈകളുയര്‍ത്തി ദൈവത്തിന് നന്ദി പറയുകയും അവിടെ വന്നെത്തിയ അനുഭാവികളോട് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വൈകിട്ട് അരമണിക്കൂര്‍ നേരംകൊണ്ടാണ് കേസില്‍ താല്ക്കാലികമായ തീര്‍പ്പുണ്ടായത്.
അറുപത്തിരണ്ടുകാരനായ ഫായും അറുപത്തിമൂന്നുകാരനായ അഹമ്മദും അമേരിക്കയില്‍ രഹസ്യമായി പാക്കിസ്ഥാന് ഏജന്റുമാരായി പ്രവര്‍ത്തിച്ചതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പക്ഷേ ഈ കേസിന് അമേരിക്കയും പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. കാശ്മീര്‍ ഇന്ത്യയില്‍നിന്നും പാക്കിസ്ഥാന് ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയിലെ ഭരണാധികാരികളെ സ്വാധീനിക്കാനാണ് ഫാ ശ്രമിച്ചത്. കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതുന്ന ഒരു വ്യക്തിയായി ഫായെ ചിത്രീകരിച്ചപ്പോള്‍ അയാള്‍ ഐഎസ്ഐ ചാരനാണെന്നാണ് കോടതിയില്‍ പ്രോസിക്യൂഷന് വാദിച്ചത്.
അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗത്തിലെ സാറാവെബ് ഐഎസ്ഐക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ഫാ തന്നോട് മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ അയാള്‍ സ്വതന്ത്ര കാശ്മീരിനുവേണ്ടി ശ്രമിച്ച ഒരു സ്വതന്ത്ര പൗരനാണെന്ന് ഫായുടെ വക്കീല്‍ വാദമുന്നയിച്ചു. അയാള്‍ അമേരിക്കന്‍ പൗരനാണെന്നും അറസ്റ്റിന് മുമ്പ് ഒരു യാത്ര കഴിഞ്ഞ് വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ കക്ഷിയെ വെറുതെവിടണമെന്നും പ്രതിഭാഗം വക്കീല്‍ കോടതിയോടഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ഫായെ സ്വതന്ത്രനാക്കിയാല്‍ വിദേശ സര്‍ക്കാരുകളുമായും ഏജന്റുമാരുമായും അയാള്‍ ബന്ധപ്പെടുമെന്നും അത് കേസിനെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഭാഗം ചൂണ്ടിക്കാട്ടി. ഐഎസ്ഐ അയാളെ ശിക്ഷിക്കാതിരിക്കാനാഗ്രഹിക്കുന്നു, പ്രോസിക്യൂഷന് ഗോര്‍ഡന്‍ ക്രോംബര്‍ഗ് അറിയിച്ചു. വിചാരണയുടെ ഒരു ഘട്ടത്തില്‍ ഫായ്ക്ക് നിയമത്തോട് ബഹുമാനം മാത്രമേ ഉള്ളൂവെന്ന പ്രസ്താവനയോട് അങ്ങനെയെങ്കില്‍ അധികൃതരോട് അയാള്‍ കളവ് പറയുകയില്ലായിരുന്നുവെന്ന് ജഡ്ജി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: