Categories: Ernakulam

കൗണ്‍സിലറുടെ പ്രമേയം വ്യക്തിതാല്‍പര്യമെന്ന്‌ ആക്ഷേപം

Published by

അങ്കമാലി: വ്യക്തിതാല്‍പര്യത്തിനുവേണ്ടി റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ്‌ വേണമെന്ന്‌ കൗണ്‍സിലറുടെ പ്രമേയം വ്യാപകമായ പ്രതിഷേധത്തിന്‌ ഇടവരുത്തുന്നു. അങ്കമാലി നഗരസഭ 13-ാ‍ം വാര്‍ഡിലൂടെ കടന്നുപോകുന്ന ശബരിപാതയ്‌ക്ക്‌ കുറുകെ അണ്ടര്‍ ബ്രിഡ്ജ്‌ വേണമെന്ന്‌ ആവശ്യപ്പെടുന്ന കൗണ്‍സിലര്‍ മേരി വര്‍ഗീസിന്റെ പ്രമേയം നഗരസഭ കൗണ്‍സിലിന്റെ അംഗീകാരത്തിനായി അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ തല്‍പരകക്ഷിയുടെ മൂന്നര ഏക്കറോളം കൃഷിയിടം നികത്തി വില്ലകള്‍ പണിയുന്നതിന്‌ സൗകര്യം ഒരുക്കുന്നതിനുള്ളതാണ്‌ പ്രമേയം.

അണ്ടര്‍ ബ്രിഡ്ജ്‌ ഉണ്ടായില്ലെങ്കില്‍ ഈ സ്ഥലം നികത്തി വില്ല പണിയുവാന്‍ ബുദ്ധിമുണ്ടാകും. റെയില്‍വേ കൊണ്ട്‌ അണ്ടര്‍ ബ്രിഡ്ജിന്‌ അനുമതിയെടുത്താല്‍ പിന്നീട്‌ റോഡ്‌ നിര്‍മ്മിക്കാനാകുമെന്നാണ്‌ തല്‍പരകക്ഷി കരുതുന്നത്‌. നഗരസഭ സെക്രട്ടറി റോഡ്‌ നിര്‍മ്മാണത്തിനായി കൃഷി ഭൂമി നികത്തുന്നതിന്‌ അനുമതി ചോദിച്ച്‌ അങ്കമാലി വില്ലേജ്‌ ഓഫീസര്‍ക്ക്‌ നേരത്തെ കത്തു നല്‍കിയിരുന്നു.

കൃഷി ഓഫീസര്‍ കണ്‍വീനറായ സമിതിയുടെ അനുമതി വേണമെന്നായിരുന്നു വില്ലേജ്‌ ഓഫീസര്‍ മറുപടി നല്‍കിയത്‌. ഈ തടസ്സങ്ങള്‍ എല്ലാം നിലനില്‍ക്കുമ്പോഴാണ്‌ തല്‍പര്യകക്ഷിയ്‌ക്ക്‌ വേണ്ടി കൗണ്‍സിലറുടെ പ്രമേയം. ഇതുപോലെ ഒരു പ്രമേയം ഏതാനും നാള്‍ മുമ്പ്‌ നഗരസഭ കൗണ്‍സില്‍ തള്ളിയിരുന്നതാണ്‌.

ശബരി പാത നിര്‍മ്മാണത്തിനിടെ നഷ്ടപ്പെട്ടുപോയ നൂറുകണക്കിന്‌ സമാന്തരമായി റോഡുകള്‍ നിര്‍മ്മിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 16-ാ‍ം വാര്‍ഡ്‌ കൗണ്‍സിലര്‍ എം.എസ്‌. ഗിരീഷ്കുമാര്‍ കൊണ്ടുവന്ന പ്രമേയം ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഭരണകക്ഷി തള്ളിയിരുന്നു. എന്നിട്ടാണ്‌ ഒരു വ്യക്തിയുടെ താല്‍പര്യത്തിനായി അണ്ടര്‍ ബ്രിഡ്ജിനുള്ള പ്രമേയവുമായി വീണ്ടും രംഗത്ത്‌ എത്തിയിട്ടുള്ളത്‌. നൂറുകണക്കിന്‌ യാത്രക്കാര്‍ക്ക്‌ സഹായകരമായ സമാന്തരറോഡുകളുടെ പ്രമേയം തള്ളിയതില്‍ തദ്ദേശവാസികളും അമര്‍ഷത്തിലാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by