Categories: Kerala

ലാലിന്റെ വീട്ടില്‍ വീണ്ടും റെയ്ഡ്‌

Published by

കൊച്ചി: സിനിമാ സൂപ്പര്‍താരം മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ ഇന്നലെ വീണ്ടും ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. രാവിലെ പത്തരയോടെയായിരുന്നു പരിശോധന. മോഹന്‍ലാല്‍ ഇന്നലെ വീട്ടില്‍ എത്തുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. ചെന്നൈയില്‍വച്ച്‌ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക്‌ മൊഴി നല്‍കാനാണ്‌ സാധ്യത. ഇന്നലത്തെ റെയ്ഡില്‍ കണ്ടെടുത്ത കാര്യങ്ങളൊന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇതിനിടെ മോഹന്‍ലാലിന്റെ ഡ്രൈവര്‍ ആയിരുന്ന ആന്റണി പെരുമ്പാവൂരിനെ വിശദമായി ചോദ്യംചെയ്യാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ആന്റണിയുടെ വരുമാനസ്രോതസ്സ്‌ സംബന്ധിച്ച്‌ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. മോഹന്‍ലാലിന്റെ ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂര്‍ ഇടക്കാലത്ത്‌ സിനിമാ നിര്‍മാതാവായി മാറുകയായിരുന്നു. 9 സിനിമകള്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചിട്ടുണ്ട്‌.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി ഉദ്യോഗസ്ഥര്‍ ഒരേസമയത്ത്‌ റെയ്ഡ്‌ നടത്തിയത്‌. മമ്മൂട്ടി റെയ്ഡ്‌ വിവരം അറിഞ്ഞ്‌ കൊച്ചിയിലെ വസതിയില്‍ എത്തി ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക്‌ മൊഴി നല്‍കിയിരുന്നു. മോഹന്‍ലാലിനെ ചോദ്യംചെയ്യുന്ന കാര്യത്തെ സംബന്ധിച്ച്‌ വിവരം പുറത്തുവിടാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. അടുത്തിടെ സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച സിനിമാ നിര്‍മാതാക്കളില്‍നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്‌. പ്രതിഫലത്തുക സംബന്ധിച്ച വിവരങ്ങളാണ്‌ ഇവരില്‍നിന്നും ശേഖരിച്ചിട്ടുള്ളത്‌.

ഇതിനിടെ, ആദായനികുതിവകുപ്പ്‌ നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി നല്‍കി. പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫാണ്‌ ഹര്‍ജി നല്‍കിയത്‌. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ രണ്ട്‌ ആനക്കൊമ്പുകളാണ്‌ പിടിച്ചെടുത്തത്‌. ഇത്‌ നിയമപ്രകാരം വാങ്ങിയതാണോ എന്ന കാര്യത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്ന്‌ ഹര്‍ജിയില്‍ പറയുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by