പത്തനംതിട്ട: ഭക്തകോടികള്‍ പരിപാവനമായി കരുതി ആരാധിക്കുന്ന ശബരിമല ക്ഷേത്രത്തേയും പുണ്യനദിയായി കരുതുന്ന പമ്പാനദിയേയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹിന്ദി പുസ്തകം വിദ്യാലയങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ആക്ഷേപം.
അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹിന്ദി ഗ്രാമറും മറ്റും പഠിക്കാനുതകുന്ന പഠനസഹായി ആയിട്ടാണ് ഈ പുസ്തകം സ്കൂളുകളില്‍ എത്തുന്നത.് ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പബ്ലിക്കേഷന്‍സിന്റെ ന്യൂ ഹിന്ദി പ്രാക്ടീസ് ബുക്കിലാണ് ശബരിമലയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുള്ളത്. ഈ ബുക്കിലെ പതിനേഴാം പേജിലാണ് വിവാദ പരാമര്‍ശം.
കേരളത്തില്‍ 40 ലധികം നദികളുണ്ടെന്ന് ആരംഭിക്കുന്ന പാരഗ്രാഫില്‍ കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ പമ്പ മലിനപ്പെടുന്നതിന് പ്രധാനകാരണം ഇതിന് സമീപം സ്ഥിതിചെയ്യുന്ന ഹിന്ദുക്കളുടെ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയാണെന്ന പരാമര്‍ശമുണ്ട്.
ഈ പഠന സഹായിയിലെ പാഠഭാഗമെടുത്ത് അദ്ധ്യാപകര്‍ പരീക്ഷാവേളകളില്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് അവഹേളനകരമായ ഈ പരാമര്‍ശം പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മിഡ് ടേം ഹിന്ദി പരീക്ഷയില്‍ ഈ ഭാഗം ഉള്‍പ്പെടുത്തിയിരുന്നു. ഹിന്ദിപരീക്ഷയിലെ മൂന്നുമാര്‍ക്കിന്റെ ഒന്നാം ചോദ്യത്തിലാണ് ആക്ഷേപകരമായ പരാമര്‍ശമുള്ളത്.
താഴെക്കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചുവടെചേര്ത്തിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണമെന്നാണ് നിര്‍ദ്ദേശം. ഗദ്യഭാഗത്തില്‍ കേരളത്തിലെ നദികളേപ്പറ്റിയും ഇവയിലെ മാലിന്യത്തെപ്പറ്റിയും സൂചിപ്പിച്ച ശേഷം രണ്ടാമത്തെ വലിയ നദിയായ പമ്പയിലെ മാലിന്യത്തെപ്പറ്റി എടുത്തുപറയുന്നു. നദി മലിനമാകാന്‍ കാരണം ഹിന്ദുക്കളുടെ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമല നദിയുടെ തീരത്താണെന്നാണ് സൂചന. തുടര്‍ന്ന് ഉത്തരമെഴുതേണ്ട ചോദ്യങ്ങളില്‍ പമ്പാനദി മലിനമാകാന്‍ കാരണം എന്തെന്ന ചോദ്യവുമുണ്ട്. മുകളില്‍ കൊടുത്തിട്ടുള്ള ഗദ്യഭാഗം വായിച്ചാല്‍ ശബരിമല ക്ഷേത്രം തീരത്ത് സ്ഥിതിചെയ്യുന്നതാണ് പമ്പ മലിനപ്പെടാന്‍ കാരണമെന്ന് എഴുതേണ്ടിവരും. ഇതാണ് വിവാദമാകുന്നത്.
പമ്പാ നദിയുടെ തീരത്ത് ശബരിമലയ്ക്ക് പുറമേ പതിനായിരക്കണക്കിന് വിശ്വാസികള്‍ ഒത്തുകൂടുന്ന ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും കണ്വന്ഷന് സെന്ററുകളും നിരവധിയുണ്ട്. ഇത് കൂടാതെ നദീതീരത്തെ സ്ഥാപനങ്ങളിലേയും വീടുകളിലേയും മാലിന്യങ്ങളും നദിയിലേക്ക് ഒഴുക്കിവിടുന്നുണ്ട്. ഇതിനും പുറമേ വന്‍തോതില്‍ കശാപ്പുശാലകളിലെ മാംസാവശിഷ്ടങ്ങളും പമ്പയിലേക്ക് തളളുന്നു. ഇവയെല്ലാം നദിയെ മലിനപ്പെടുത്തുമെന്നിരിക്കെ ഇതൊന്നും പരാമര്‍ശിക്കാതെ ശബരിമല ക്ഷേത്രം മാത്രമാണ് പമ്പാനദി മലിനമാകുന്നതിന്റെ കാരണമെന്ന് ധ്വനിപ്പിക്കുന്ന പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്.
ശബരിമലയേയും പുണ്യനദിയായ പമ്പയേയും അപകീര്ത്തിപ്പെടുത്തുന്നതരത്തിലുള്ള പുസ്തകം തയ്യാറാക്കിയവര്‍ക്കെതിരേ അടിയന്തിര നിയമനടപടികള്‍ സ്വീകരിച്ച് പുസ്തകം നിരോധിക്കണമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എന്‍.ഉണ്ണി ആവശ്യപ്പെട്ടു. പുണ്യനദിയായ പമ്പയെ നദി എന്നു പറയുമ്പോള്‍ ലജ്ജയുണ്ടെന്നും അയ്യപ്പക്ഷേത്രമാണ് നദി മലിനമാകാന്‍ കാരണമെന്നും പുസ്തകത്തില്‍ പറയുന്നു. വസ്തുതാവിരുദ്ധമായ പാഠഭാഗം വിദ്യാര്‍ത്ഥികളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. അതിനാല്‍ ഈ പുസ്തകം ഉടന്‍ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.ജി.മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: