Categories: World

‘ബാര്‍ബി’യുടെ പിതാവ്‌ അന്തരിച്ചു

Published by

ലോസ്‌ ഏഞ്ചല്‍സ്‌: ബാര്‍ബി പാവയുടെ പിതാവായി അറിയപ്പെടുന്ന എലിയറ്റ്‌ ഹാന്റ്ലര്‍ (95) അന്തരിച്ചു. 1945 ല്‍ ഇദ്ദേഹം സ്ഥാപിച്ച കമ്പനിയാണ്‌ കളിപ്പാട്ട വിപണിയെ കീഴടക്കിയ ബാര്‍ബി പാവകളുടെ നിര്‍മാതാക്കള്‍.

കുട്ടികള്‍ക്ക്‌ ഏറെ ഇഷ്ടപ്പെട്ട ഹോട്ട്‌വീല്‍ മിനിയേച്ചര്‍ കാറുകളുടെയും സ്രഷ്ടാവാണ്‌ ഇദ്ദേഹം. മരണവാര്‍ത്ത ഒരു അമേരിക്കന്‍ പത്രത്തിലൂടെ മകള്‍ ബാര്‍ബറ സീഗള്‍ ആണ്‌ ലോകത്തെ അറിയിച്ചത്‌. ഹൃദയാഘാതമായിരുന്നു മരണകാരണമെന്ന്‌ കരുതുന്നു. ഭാര്യ റൂത്ത്‌ ഹാന്‍ഡലര്‍, ഹാരോള്‍ഡ്‌ മാട്സണ്‍ എന്നിവരുമായി ചേര്‍ന്നാണ്‌ കമ്പനി രൂപീകരിച്ചത്‌. ഭാര്യയുടെ ഉടമസ്ഥതയിലായിരുന്നു കമ്പനി. 1916 ല്‍ ഇല്ലിനോയിയിലാണ്‌ ഹാന്‍ഡ്ലറുടെ ജനനം. 1959 ലാണ്‌ ബാര്‍ബി പാവകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്‌. മകള്‍ക്ക്‌ കളിക്കാനായി ഉണ്ടാക്കിയ കടലാസ്‌ പാവരൂപത്തില്‍ നിന്നാണ്‌ ഇത്തരമൊരു ആശയം രൂപപ്പെടുന്നത്‌.
ബാര്‍ബിയുടെ അമ്മ എന്നറിയപ്പെട്ട റൂത്ത്‌ ഹാന്‍ഡ്ലര്‍ 2002 ലാണ്‌ അന്തരിച്ചത്‌. കളിപ്പാട്ട വിപണിയുടെ ലോകത്ത്‌ വിപ്ലവങ്ങള്‍ സൃഷ്ടിച്ചയാളായാണ്‌ ഹാന്‍ഡ്ലറെ ലോകം കാണുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by