Categories: India

രാജയുടെ വാദം നാളെ ആരംഭിക്കും

Published by

ന്യൂദല്‍ഹി: 2 ജി കുംഭകോണത്തില്‍ അറസ്റ്റിലായ മുന്‍ ടെലികോംമന്ത്രി എ. രാജയുടെ വാദം നാളെ സിബിഐ കോടതിയില്‍ ആരംഭിക്കും. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ ഇവയാണ്‌ രാജക്കെതിരെ ആരോപിക്കപ്പെടുന്നത്‌. പ്രോസിക്യൂഷന്‍ വാദം അവസാനിച്ചതിനാല്‍ 25 മുതല്‍ പ്രതിഭാഗം വാദം കേള്‍ക്കുമെന്ന്‌ സ്പെഷ്യല്‍ സിബിഐ കോടതി ജഡ്ജി ഒ.പി. സെയ്നി അറിയിച്ചു.

ഇന്ത്യന്‍ റവന്യൂ സര്‍വീസ്‌ ഉദ്യോഗസ്ഥനായ മഞ്ജ മാധവന്‍ മൂലമോ അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ കത്ത്‌ പ്രകാരമോ പൊതുഖജനാവിന്‌ ലൈസന്‍സ്‌ ഇനത്തില്‍ 30,000 കോടി രൂപ നഷ്ടമായിട്ടുണ്ടെന്ന്‌ സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ യു.യു. ലളിത്‌ വാദം ഉപസംഹരിച്ചുകൊണ്ട്‌ ബോധിപ്പിച്ചിരുന്നു.

രാജയെ കൂടാതെ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെഹ്‌റ, രാജയുടെ സഹായി അര്‍കെ ചന്തോലിയ, കോര്‍പ്പറേറ്റിലെ സഹിദ്‌ ബാല്‍വ, വിനോദ്‌ ഗോയങ്ക, സഞ്ജയ്‌ ചന്ദ്ര തുടങ്ങിയവരും കേസില്‍ പ്രതികളാണ്‌.

സ്വാന്‍ കമ്പനിയുടെയും യുണൈറ്റഡ്‌ ടെലികോമിന്റെയും കോടതി പരിഗണനയിലുള്ള രേഖകള്‍ അനുസരിച്ച്‌ നഷ്ടം 7000 കോടി രൂപയാണെന്ന്‌ പ്രോസിക്യൂട്ടര്‍ അറിയിച്ചു.

പതിനേഴു പേര്‍ക്കെതിരെയാണ്‌ സിബിഐ കുറ്റമാരോപിച്ചിട്ടുള്ളത്‌. അതില്‍ ഡിഎംകെ എംപി കനിമൊഴിയുള്‍പ്പെടെ 14 പേര്‍ തിഹാര്‍ ജയിലിലാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by