Categories: Varadyam

ഇങ്ങനെയും ഒരാള്‍

Published by

‘ശരണാഗതി’. ആലങ്കാരികമായി പറഞ്ഞാല്‍ “ശ്രീപത്മനാഭന്റെ കൈയെത്തും ദൂരത്ത്‌” പഴയൊരു അഗ്രഹാരം. പൊതുനിരത്തില്‍ നിന്നും പടിഞ്ഞാറെ നടയിലേക്കുള്ള നടപ്പാത കഴിഞ്ഞാല്‍ ശ്രീ ചിത്തിര തിരുനാളിന്റെ പൂര്‍ണകായ പ്രതിമ. ശ്രീ പത്മനാഭദാസന്റെ കുലീനമായ കടാക്ഷം കഴിഞ്ഞാല്‍ ഉരള്‍പുര മഹാഗണപതി കോവിലായി. പടുകൂറ്റന്‍ അരയാല്‍ തണല്‍ വിരിച്ച വീഥിക്കരികെ കോവിലിനോട്‌ ചേര്‍ന്നുള്ള അഗ്രഹാരത്തിന്റെ കാഴ്ചഭാഗം പുതുക്കി പണിത്‌ ഇരുനില മന്ദിരമാക്കിയിട്ടുതന്നെ എത്രയോ പതിറ്റാണ്ടുകളായിക്കാണണം. അതിലെ കോണിപ്പടിയോട്‌ ചേര്‍ന്ന്‌ നിറയെ പുസ്തകങ്ങളുള്ള അലമാരകള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ കൊച്ചുമുറി. എന്നോ പാകിയ തറയോടുകള്‍ക്ക്‌ തേയ്മാനം വന്നെങ്കിലും തറവാടിത്തം മാറിയിട്ടില്ല. അകത്തുകടന്നാല്‍ ശ്രീകോവിലില്‍ കയറിയ പ്രതീതിയാണ്‌. ചുമര്‍ നിറയെ ഭഗവാന്റെ വിവിധ രൂപങ്ങള്‍. പൂജാവസ്തുക്കളുടെ സുഗന്ധം നിറഞ്ഞുനില്‍ക്കുന്നു. രാജ്യമാകെ ഇന്ന്‌ പേരുകേട്ട ടി.പി. സുന്ദരരാജന്റെ വീടാണിത്‌. അവിടെ ഇപ്പോള്‍ ആളൊഴിഞ്ഞ നേരമില്ല.

1941 ല്‍ ടി.കെ.പത്മനാഭ അയ്യങ്കാറുടെയും ശേഷമ്മാളുടെയും മകനായി പിറന്ന ടി.പി.സുന്ദരരാജന്‍ ബി.എസ്‌.സി, എം.എല്‍, എല്‍.എല്‍.എം. ബിരുദങ്ങള്‍ കരസ്ഥമാക്കി. പിന്നീട്‌ ഐപിഎസ്‌ നേടിയ അദ്ദേഹം ഐ.ബിയിലെ അസി. ഡയറക്ടറായി. ഇരുപത്തിരണ്ടാം വയസ്സില്‍ ബംഗാള്‍ കേഡറില്‍ നിന്നുള്ള 1964 ബാച്ച്‌ ഐപിഎസ്‌ ഓഫീസറായാണ്‌ സുന്ദരരാജന്‍ സര്‍വീസില്‍ പ്രവേശിച്ചത്‌. 29 -ാ‍ം വയസ്സില്‍ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ അസി. ഡയറക്ടറായി. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത്‌ അവരുടെ സ്റ്റാഫ്‌ അംഗമായിരുന്നു. കോണ്‍ഗ്രസ്സിന്‌ പശുവും കിടാവും നഷ്ടപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ്‌ ചിഹ്നമായി ‘കൈ’ നിര്‍ദ്ദേശിച്ചത്‌ സുന്ദരരാജനായിരുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘ്‌ ചാലകായിരുന്ന പരംപൂജനീയ ഗുരുജി ഗോള്‍വള്‍ക്കര്‍ ആദ്യമായി ഇന്ദിരാഗാന്ധിയെ സന്ദര്‍ശിക്കുന്നതിന്‌ സമയം നല്‍കിയത്‌ സുന്ദരരാജനായിരുന്നു. ഗുരുജിയെക്കുറിച്ചുള്ള മതിപ്പും ബഹുമാനവും മരണംവരെ കാത്തുസൂക്ഷിക്കുകയും സംഘബന്ധമുള്ളവരുമായി ആശയവിനിമയം നടത്തുമ്പോള്‍ ഇത്‌ പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പല സന്ന്യാസിവര്യന്മാരെയും നേരില്‍ക്കാണാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ഗുരുജിയുടെ തേജസ്സിനോട്‌ തുലനംചെയ്യാന്‍ മറ്റൊരാളെ കണ്ടെത്താനായിട്ടില്ലെന്ന്‌ അദ്ദേഹം പറയുമായിരുന്നു.

നിയമബിരുദം നേടിയതിനെ തുടര്‍ന്ന്‌ സുപ്രീംകോടതിയില്‍ അഭിഭാഷകനായി. അച്ഛന്റെ അനാരോഗ്യമാണ്‌ ഐബിയിലെ ജോലിയും അഭിഭാഷക വൃത്തിയും അവസാനിപ്പിച്ച്‌ തിരുവനന്തപുരത്തേക്ക്‌ മടങ്ങാന്‍ സുന്ദരരാജനെ പ്രേരിപ്പിച്ചത്‌. അച്ഛനൊപ്പം ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകനായി. പിന്നെ അത്‌ തന്റെ ജീവിതചര്യയാക്കി. അച്ഛനമ്മമാരെ ഭാരമായി കാണുകയും വൃദ്ധസദനങ്ങളിലേക്കോ പെരുവഴിയിലേക്കോ തള്ളിവിടുന്ന കഥകേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പുതുസമൂഹത്തിന്‌ ഇങ്ങിനെയൊരാളെ അറിയുന്നതുതന്നെ അത്ഭുതമാകാം. തിരക്കുകള്‍ക്കിടെ വിവാഹത്തെക്കുറിച്ചും അദ്ദേഹം മറന്നു. ഭക്തിമാത്രമായി ജീവിതം. ഹനുമാനെപ്പോലെ ഭക്തിയും ശക്തിയും ഒത്തിണങ്ങിയ വ്യക്തിത്വം. ഭഗവാനെയല്ലാതെ മറ്റാരെയും ഭയന്നില്ല. തികച്ചുമൊരു സന്ന്യാസിയുടെ രൂപവും ഭാവവുമായിരുന്നു. എപ്പോഴും ചുണ്ടില്‍ നാരായണജപം. അധികം സംഭാഷണമില്ല. എന്നാലും അനീതികളോട്‌ ഒരിക്കലും വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. തുനിഞ്ഞിറങ്ങുന്ന കാര്യങ്ങളില്‍ വിജയം കണ്ടുമടങ്ങാന്‍ നിശ്ചയമുള്ള മനസ്സിന്റെ ഉടമ-ഇതെല്ലാമായിരുന്നു അന്തരിച്ച ടി.പി.സുന്ദരരാജന്‍. തന്റേതായ വിശ്വാസപ്രമാണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും അത്‌ മറ്റാരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നില്ല.

സുപ്രീംകോടതിയില്‍ പ്രാക്ടീസ്‌ ചെയ്തിരുന്ന കാലത്ത്‌, ഒരു ദിവസം ശ്രീപത്മനാഭസ്വാമിയെ ദര്‍ശിക്കണമെന്ന്‌ പെട്ടെന്നൊരു മോഹം. ഫ്ലൈറ്റ്‌ ടിക്കറ്റ്‌ തരപ്പെടുത്തി. രാവിലെ 11.30 നാണ്‌ ക്ഷേത്രം അടയ്‌ക്കാറുള്ളത്‌. 11.10 ന്‌ തന്നെ സുന്ദരരാജന്‍ ക്ഷേത്രത്തിലെത്തി.

പുലര്‍ച്ചെ രണ്ടരയ്‌ക്ക്‌ എഴുന്നേല്‍ക്കും. നാല്‌ മണിക്ക്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 5.45ന്‌ തിരിച്ചെത്തിയശേഷം നേരെ വരാഹം ക്ഷേത്രത്തിലേക്ക്‌. ഇലക്ട്രിക്‌ സ്കൂട്ടറിലായിരുന്നു യാത്ര. 7.40ന്‌ തിരിച്ചെത്തും. എട്ട്‌ മണിക്ക്‌ വീണ്ടും കുളി. 10.45വരെ വീട്ടില്‍ 24 സാളഗ്രാമത്തിന്‌ പൂജ. 11 മണിക്ക്‌ വീണ്ടും പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക്‌. 12 മണിക്ക്‌ തിരിച്ചെത്തി നേരത്തെ തയ്യാറാക്കിയ നിവേദ്യം കഴിക്കും. കൂട്ടിനായി സ്വയം തയ്യാറാക്കിയ പരിപ്പുകറി. ഒരുദിവസത്തെ ആകെ ഭക്ഷണവും ഇതുതന്നെ. കുടിക്കാനും കുളിക്കാനുമെല്ലാം കിണറിലെ വെള്ളമേ ഉപയോഗിക്കൂ. അത്‌ സ്വയം കോരിയെടുക്കും. വസ്ത്രം അലക്കാനും മറ്റാരെയും ആശ്രയിക്കില്ല. 12 മുതല്‍ 4.30 വരെവീടിനുള്ളില്‍ത്തന്നെയുള്ള ഓഫീസ്‌ മുറിയില്‍ കേസുകളുടെ ലോകത്ത്‌, സുപ്രീംകോടതിയിലെയും മറ്റും അന്നന്നത്തെ വിധികള്‍വരെ അപ്ഡേറ്റ്‌ ചെയ്ത്‌ ഓര്‍മ്മയില്‍ സൂക്ഷിക്കും. അവസാനം ഹൈക്കോടതിയില്‍ ഹാജരായത്‌ നളിനി നെറ്റോയ്‌ക്കുവേണ്ടിയാണ്‌. നളിനിക്ക്‌ അനുകൂലമായിരുന്നു ഹൈക്കോടതിവിധി. അപൂര്‍വ്വമായേ കോടതിയില്‍ പോയിരുന്നുള്ളുവെങ്കിലും അഭിഭാഷകരുടെ സര്‍വവിജ്ഞാനകോശമായിരുന്നു സുന്ദരരാജന്‍. അഞ്ചുമണിക്ക്‌ വീണ്ടും കുളിച്ച്‌ ആറ്‌ മണിക്ക്‌ ദിപാരാധന തൊഴാന്‍ പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക്‌. ഏഴിന്‌ തിരിച്ചെത്തും. എട്ട്‌ വരെ വീട്ടില്‍ പൂജ. എട്ട്‌ മണിക്ക്‌ വീണ്ടും ശ്രീവരാഹം ക്ഷേത്രത്തിലേക്ക്‌. അവിടെനിന്ന്‌ നേരെ പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക്‌. ഒമ്പത്‌ മണിയോടെ തിരിച്ചെത്തിയാല്‍ 10.30 വരെ നാരായണീയവും ഭാഗവതവും വായിച്ച്‌ ഇരിക്കും. തുടര്‍ന്ന്‌ ഉറക്കം.

തികഞ്ഞ വൈഷ്ണവഭക്തനായ സുന്ദരരാജന്‍ പ്രശസ്തമായ 108 വൈഷ്ണവക്ഷേത്രത്തില്‍ 105ലും ദര്‍ശനം നടത്തിയിട്ടുണ്ട്‌. ഇന്ത്യയിലും നേപ്പാളിലുമായി സ്ഥിതിചെയ്യുന്നവയാണ്‌ ഇവ. മൂന്ന്‌ ക്ഷേത്രങ്ങള്‍ ഒഴിവാക്കപ്പെട്ടത്‌ അവ ഇന്ന്‌ ഇല്ലാത്തതിനാലാണ്‌. കടലെടുത്തുപോയി.

ശ്രീപത്മനാഭസ്വാമിക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ തവണ പോയിട്ടുള്ള ക്ഷേത്രം ബദരീനാഥാണ്‌. ഐപിഎസ്‌ ഓഫീസര്‍ ആയിരുന്നപ്പോള്‍ തുടങ്ങിയതാണ്‌ ബദരീനാഥ്‌ ഭക്തി. ഈ വര്‍ഷവും ഒന്നിലധികം തവണ പോയിരുന്നു. ബദരീനാഥിലെ ആദിശങ്കര അദ്വൈത ഫൗണ്ടേഷന്റെ ട്രഷററായിരുന്നു, മരിക്കുവോളം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. അനുകൂലവിധി വന്നെങ്കിലും തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ്‌ ക്ഷേത്രനിലവറകള്‍ തുറന്ന്‌ സ്വത്തുവകകളുടെ കണക്കെടുക്കാന്‍ കോടതി ഉത്തരവായത്‌.

ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട നിയമയുദ്ധം ഒരു വലിയ വിഭാഗത്തെ സുന്ദരരാജന്റെ ശത്രുപക്ഷത്താക്കി. നിലവറകള്‍ തുറന്നതോടനുബന്ധിച്ചുണ്ടായ വിവാദമെല്ലാം അദ്ദേഹത്തെ കേന്ദ്രീകരിച്ചായിരുന്നു. അദ്ദേഹത്തെ വീട്ടില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ടുപോലും ചിലര്‍ രംഗത്തെത്തി.

ശ്രീപത്മനാഭന്റെ സമ്പത്ത്‌ ആരും കൊണ്ടുപോകരുത്‌. അത്‌ എപ്പോഴും അദ്ദേഹത്തിന്റെ പക്കല്‍ തന്നെയുണ്ടാകണം – ഇതായിരുന്നു സുന്ദരരാജന്റെ ആഗ്രഹം. 70-ാ‍ം വയസ്സില്‍ മരണത്തിന്‌ കീഴടങ്ങുമ്പോഴും പത്മനാഭസ്വാമിയുടെ സമ്പത്തിനെക്കുറിച്ച്‌ ആശങ്കാകുലനായിരുന്നു സുന്ദരരാജന്‍.

ക്ഷേത്രത്തിലെ അമൂല്യനിധികളുടെ കണക്കെടുത്ത്‌ സംരക്ഷിക്കുകയായിരുന്നു സുന്ദരരാജന്റെ ലക്ഷ്യം. ശതകോടികളുടെ മൂല്യമുള്ള മഹാനിധി കണ്ടെത്തിയതോടെ തന്റെ ദൗത്യം പൂര്‍ത്തിയായെന്നും ഇനിയെല്ലാം ശ്രീപത്മനാഭന്‍ നോക്കിക്കൊള്ളുമെന്നും മരണത്തിന്റെ തലേന്ന്‌ തന്നെക്കാണാനെത്തിയവരോട്‌ സുന്ദരരാജന്‍ പറഞ്ഞിരുന്നു. ഇഷ്ടദേവനായ ശ്രീപത്മനാഭപ്പെരുമാളാണ്‌ തന്നെ ഈ ദൗത്യത്തിലേക്ക്‌ തള്ളിവിട്ടതെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

തിരുവനന്തപുരം സബ്കോടതിയില്‍ ആരംഭിച്ച വ്യവഹാരം സുപ്രീംകോടതിവരെ എത്തി. 2007 – ല്‍ ക്ഷേത്ര നിലവറകള്‍ തുറന്ന്‌ ചിത്രങ്ങളെടുത്ത്‌ ആല്‍ബം തയ്യാറാക്കാന്‍ ക്ഷേത്രമധികാരികള്‍ തീരുമാനിച്ചതുമുതലാണ്‌ കേസുകള്‍ ആരംഭിച്ചത്‌. 2007 ആഗസ്റ്റ്‌ മൂന്നിന്‌ ഉച്ചയ്‌ക്ക്‌ രണ്ടിന്‌ നിലവറകള്‍ തുറക്കുമെന്നായിരുന്നു അന്നത്തെ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ശശിസാംസണിന്റെ സര്‍ക്കുലര്‍. പല സംശയങ്ങള്‍ക്കും അതിടയാക്കി. ചില ഭക്തരുടെ ഭാഗത്തുനിന്ന്‌ എതിര്‍പ്പുണ്ടായതോടെ ഇത്‌ മാറ്റിവച്ചു. സെപ്തംബറില്‍ വിശ്വംഭരന്‍, പത്മനാഭന്‍ എന്നീ ഭക്തര്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്കോടതിയില്‍ നിന്ന്‌ നിലവറകള്‍ തുറക്കുന്നതിന്‌ സ്റ്റേ വാങ്ങി. അതിന്‌ ശേഷം ഡിസംബറില്‍ ഉണ്ടായ പ്രിന്‍സിപ്പല്‍ സബ്ജഡ്ജ്‌ എസ്‌.എസ്‌.വാസന്റെ വിധി ക്ഷേത്രം സംബന്ധിച്ച അധികൃതരുടെ നിലപാടിന്‌ എതിരായിരുന്നു. ഇക്കാര്യത്തില്‍ അപ്പീല്‍ ഇപ്പോഴും ജില്ലാ കോടതിയുടെ പരിഗണനയിലാണ്‌.

അഡ്വ. ടി.പി.സുന്ദരരാജന്‍ 2009 ഡിസംബറില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ്‌ പിന്നീട്‌ സുപ്രീംകോടതി വരെ എത്തിയത്‌. രാജകുടുംബത്തിന്‌ ക്ഷേത്രത്തിലുള്ള അധികാരം ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഹര്‍ജി.

ചിത്തിര തിരുനാള്‍ മഹാരാജാവോടുകൂടി രാജവാഴ്ച അവസാനിച്ചെന്നും ക്ഷേത്രം പൊതുസ്വത്താണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ക്ഷേത്രത്തിനെതിരെ കീഴ്‌ക്കോടതികളിലുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ 2010 – ല്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും ഹൈക്കോടതിയിലെത്തി. കോടതി ഈ രണ്ടുകേസുകളും ഒന്നിച്ചുപരിഗണിച്ചു. ഈ കേസിലാണ്‌ ക്ഷേത്രഭരണം ട്രസ്റ്റിനോ പ്രത്യേക ദേവസ്വത്തിനോ കീഴിലാക്കണമെന്ന ഉത്തരവ്‌ വന്നത്‌. മൂന്നുമാസത്തിനകം ഇത്‌ നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായിരുന്നു. വിധിക്കെതിരെ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചു. ക്ഷേത്രഭരണം ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ജസ്റ്റിസുമാരായ ആര്‍.വി.രവീന്ദ്രനും എ.കെ.പട്നായിക്കും അടങ്ങിയ ബെഞ്ച്‌ വിലക്കി. എന്നാല്‍, ക്ഷേത്ര നിലവറകള്‍ തുറന്ന്‌ പരിശോധിച്ച്‌ ആസ്തി തിട്ടപ്പെടുത്താന്‍ ഉത്തരവിട്ടു.

നിലവറ തുറക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഏഴംഗസംഘത്തില്‍ സുന്ദരരാജനുമുണ്ടായിരുന്നു. ആറുനിലവറകളില്‍ അഞ്ചും തുറന്നതിന്‌ സാക്ഷിയായ സുന്ദരരാജന്‍ പക്ഷേ സുപ്രീംകോടതിയുടെ ഒടുവിലത്തെ വിധികേള്‍ക്കാന്‍ കാത്തുനിന്നില്ല. നിലവറകള്‍ വീണ്ടും തുറന്ന്‌ ഭഗവാന്റെ വസ്തുവകകള്‍ ചിത്രീകരിക്കാനാണ്‌ സുപ്രീംകോടതിവിധി. മൂന്ന്‌ നിരീക്ഷകരും അഞ്ചുപേരടങ്ങിയ വിദഗ്ദ സംഘവുമാണ്‌ വിധി നടപ്പാക്കേണ്ടത്‌. സുന്ദരരാജന്‍ ജീവിച്ചിരുന്നെങ്കില്‍ നീരീക്ഷകന്റെ സ്ഥാനത്തുണ്ടാകുമായിരുന്നു.

നിലവറകളിലെ അമൂല്യ സ്വത്തിന്റെ വിവരങ്ങളിലൂടെ ക്ഷേത്രം ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയപ്പോള്‍, സുന്ദരരാജന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു. കുറേ ദിവസങ്ങള്‍ കടുത്ത മാനസികപ്രയാസം അദ്ദേഹം അനുഭവിച്ചിരുന്നു. പക്ഷേ, പനി പിടിച്ച്‌ കിടപ്പിലായിരുന്നപ്പോഴും ഒരു ദിവസം പോലും ക്ഷേത്രദര്‍ശനം മുടക്കിയില്ല.

മൂത്ത സഹോദരന്‍ ടി.പി.കൃഷ്ണനോടും അദ്ദേഹത്തിന്റെ മകന്‍ അഡ്വ. അനന്തപത്മനാഭനോടുമൊപ്പമായിരുന്നു താമസം. അനന്തപത്മനാഭനാണ്‌ മരണാനന്തര കര്‍മങ്ങള്‍ ചെയ്തത്‌.

കെ. കുഞ്ഞിക്കണ്ണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts