സംഘപഥത്തിലൂടെ എന്ന ഈ പരമ്പരയിലെ വിവരങ്ങള്‍ ഏതാണ്ട് തൊണ്ണൂറുശതമാനവും ലേഖകന്റെ സ്വന്തം അനുഭവങ്ങളിലൂടെ അറിഞ്ഞവയാണ്. ഡയറിക്കുറിപ്പുകള്‍ സൂക്ഷിക്കുന്ന പതിവില്ലാത്തതിനാല്‍ സംഭവങ്ങളുടെ കൃത്യമായ തീയതിയും മറ്റും ഓര്മിച്ചെടുക്കാന് കഴിയുന്നില്ല. കുറിച്ചുവെയ്ക്കുന്നതിനെക്കാള്‍ മനസ്സില്‍ പതിഞ്ഞുകിടക്കുന്ന സംഗതികള്‍ക്കാണ് കൂടുതല്‍ ശോഭയും തെളിമയും വരികയെന്ന് നമുക്കൊക്കെ അനുഭവമായിരിക്കും. തൊണ്ണൂറു ശതമാനവും അങ്ങനെയുള്ളവയാണുതാനും. ബാക്കി 10 ശതമാനം വായിച്ചറിഞ്ഞവയോ വിശ്വസനീയമാംവിധം അടുപ്പമുള്ളവരില്‍നിന്ന് മനസ്സിലാക്കിയവയോ ആകുന്നു. അത്തരം വിവരങ്ങളില്‍ പിഴവുവരാന്‍ സാമാന്യേന സാധ്യതകള്‍ കുറവാണ്.
എന്നാല്‍ കഴിഞ്ഞ തവണ പ്രാതസ്മരണീയ ശ്രീ ജഗന്നാഥറാവുജോഷിയുടെ ഒരു കോഴിക്കോട് സന്ദര്‍ശനത്തെപ്പറ്റി എഴുതിയ ഭാഗം ഭാഗികമായി മാത്രമേ ശരിയായുള്ളൂവെന്ന് ജനസംഘത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി അടിയന്തരാവസ്ഥവരെ കോഴിക്കോട്ടെ സംഘടനാകാര്യദര്‍ശിയായിരുന്ന ശ്രീ.പി.എന്‍.ഗംഗാധരന് ഫോണിലൂടെ അറിയിച്ചപ്പോള്‍ വല്ലാത്ത ജാള്യത അനുഭവപ്പെട്ടു. അന്ന് നേതാവിനെ സ്വീകരിച്ച് ഹോട്ടല്‍ മുറിയില്‍ താമസിപ്പിക്കാന്‍ മണ്ടിലേടത്തു ശ്രീധരനോടൊപ്പം താനുമുണ്ടായിരുന്നെന്ന് ഗംഗാധരന് അറിയിച്ചു. പക്ഷേ നേതാവ് ജഗന്നാഥറാവുജോഷിയല്ല, സംസ്ഥാന ജനസംഘാധ്യക്ഷന്‍ നാരായണയ്യരായിരുന്നുവത്രെ. കാര്യാലയം അക്കാലത്ത് ആഴ്ചവട്ടത്തല്ല ഫ്രാന്‍സിസ് റോഡിനടുത്തുള്ള കുന്നിക്കല്‍ നാരായണന്റെ തറവാട്ട് വീട്ടിലായിരുന്നുവെന്നും ഗംഗാധരന് പറയുന്നു. പരമേശ്വര്‍ജി പതിവുപോലെ പുലര്‍ച്ചക്ക് തീവണ്ടിയാപ്പീസില് പത്രം വാങ്ങാന്‍ പോയപ്പോള്‍ അദ്ദേഹത്തെ കണ്ടു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവം ശരിയായിരുന്നുവെങ്കിലും അതില്‍ ഉള്‍പ്പെട്ട ആള് ഒന്നുമാറി. ഇവിടെ പി.എന്‍.ഗംഗാധരനും ഒരു പിശകു പിണഞ്ഞു. അന്ന് സംസ്ഥാനാധ്യക്ഷന്‍ നാരായണയ്യരായിരുന്നില്ല പി.എസ്.എസ്.അയ്യരായിരുന്നു. 1967 ല്‍ കോഴിക്കോട്ട് അഖിലഭാരത സമ്മേളനക്കാലത്തും അയ്യര്‍ തന്നെയായിരുന്നു അധ്യക്ഷന്‍. അദ്ദേഹമായിരുന്നു അവിടെ സ്വാഗതപ്രസംഗം ചെയ്തതും.
പി.എസ്.എസ്.അയ്യരുടെ സഹോദരന് പി.എസ്.നാരായണ സ്വാമി തൃശ്ശിവപേരൂരിലാണ് താമസിച്ചത്. അവിടുത്തെ ശക്തന് തമ്പുരാന് കോവിലകത്തു നടന്ന സംസ്ഥാന പഠനശിബിരത്തില്‍ പങ്കെടുക്കാന്‍ വന്ന ദീനദയാല്‍ജി താമസിച്ചത് നാരായണസ്വാമിയുടെ വീട്ടിലായിരുന്നു. ജനസംഘത്തിലും പിന്നീട് ബിജെപിയിലും പലവിധ ചുമതലകളും വഹിച്ചിരുന്ന കൊടുങ്ങല്ലൂര്ക്കാരന് കെ.നാരായണയ്യരുമുണ്ടായിരുന്നു. നാരായണയ്യര്‍ അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനാക്കപ്പെട്ടു. അറസ്റ്റൊഴിവാക്കാനായി നാരായണയ്യര്‍ സദുദ്ദേശ്യത്തോടെ തന്നെ പല നടപടികളും എടുത്തിരുന്നു. അധികൃതതലത്തില്‍ നല്ല പരിചയം നാരായണയ്യര്‍ക്കുണ്ടായിരുന്നു. ബ്രൂണേ സുല്‍ത്താന്റെ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന അദ്ദേഹം നാട്ടില്‍ ‘ബോര്‍ണിയോ സ്വാമി’ എന്ന് ആദരപൂര്‍വം സംബോധന ചെയ്യപ്പെട്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കൊടുങ്ങല്ലൂര്‍ സന്ദര്‍ശിക്കാന്‍ എത്തിയ ആഭ്യന്തര മന്ത്രി കെ.കരുണാകരനെ സ്വീകരിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ അയ്യരുമുണ്ടായിരുന്നു. ഏതോ ഒരു സംഘടനയെ പ്രതിനിധീകരിച്ച് അദ്ദേഹം കരുണാകരനെ ഹാരമണിയിക്കുകയും ചെയ്തു. പക്ഷെ പെട്ടെന്നൊരു ദിവസം അദ്ദേഹത്തെ പോലീസ് മിസയനുസരിച്ച് പൊക്കുകയാണുണ്ടായത്. അതിനുകാരണം പരോക്ഷമായെങ്കിലും ഞാനായിരുന്നു.
നാലുമാസത്തെ ജയില്‍ വാസം കഴിഞ്ഞു പുറത്തുവരുമ്പോള്‍ എനിക്ക് താടിയുണ്ടായിരുന്നു. മിസാപ്രകാരം തടവിലാക്കേണ്ടവരുടെ പട്ടികയില്‍ എന്റെ വിവരണത്തില്‍ നാരായണ്‍ജി എന്നുവിളിക്കപ്പെടുന്ന താടിക്കാരന് എന്നുണ്ടായിരുന്നത്രെ. ജയിലില്‍നിന്നു പുറത്തുവന്ന് അധികം കഴിയുന്നതിനുമുമ്പ് തൃശ്ശിവപേരൂര്‍ ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ അന്നത്തെ സംഘടനാ കാര്യദര്‍ശി സി.കെ.പത്മനാഭനുമൊത്ത് പല സ്ഥലങ്ങളിലും സഞ്ചരിച്ച് പ്രവര്‍ത്തക യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഇതിനെപ്പറ്റി രഹസ്യപ്പോലീസുകാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം നാരായണയ്യര്‍ ആണ് യാത്ര ചെയ്തത് എന്ന് അധികൃതര്‍ തെറ്റിദ്ധരിച്ച് അദ്ദേഹത്തെ പിടികൂടുകയായിരുന്നത്രേ. അതിനുശേഷം സികെയും അറസ്റ്റിലായി. ഞാന്‍ രണ്ടാമതൊരു കാരാഗൃഹവാസത്തില്‍നിന്നും രക്ഷപ്പെട്ടു. പി.എന്‍.ഗംഗാധരന്റെ ഫോണ്‍ സന്ദേശം ഇത്രയും കുറിക്കാന്‍ ഇടയാക്കി. കഴിഞ്ഞ ലക്കത്തില്‍ പിശകുണ്ടായിരുന്നു എന്ന് നേരത്തെ പറഞ്ഞുവല്ലൊ. പിശക് ചൂണ്ടിക്കാട്ടിയ ഗംഗാധരന് നന്ദി. സംഘടനാകാര്യദര്‍ശിയെന്ന നിലയ്ക്ക് എനിക്ക് പറ്റിയ എത്രയോ പാകപ്പിഴകള്‍ വളരെ നയപരമായി, ഒട്ടും അലോസരമുണ്ടാക്കാത്ത ഭാഷയില്‍ തിരുത്തിത്തന്ന ആളാണ് ഗംഗാധരന് എന്നുകൂടി പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു. അദ്ദേഹത്തെപ്പറ്റി ഒട്ടേറെ സ്മരണകള്‍ മനസ്സില്‍ തികട്ടിവരുന്നുണ്ട്. അത് മറ്റൊരവസരത്തിലാകാം.
ജഗന്നാഥറാവു ജോഷിയെപ്പോലെ തന്നെ ദക്ഷിണഭാരതത്തിന്റെ ജനസംഘചുമതലകള്‍ ഏതാനും വര്‍ഷക്കാലം നിര്‍വഹിച്ച ആളായിരുന്നു ഗോപാല്‍ റാവു ഠാക്കൂര്‍. ആന്ധ്രാപ്രദേശിന്റെ സംഘടനാകാര്യദര്‍ശിയായിരുന്ന അദ്ദേഹം മുതിര്‍ന്ന സംഘപ്രചാരകന്മാരിലൊരാളായിരുന്നു. 1956 ല്‍ ചെന്നൈയിലെ വിവേകാനന്ദ കോളേജ് സംഘശിക്ഷാവര്‍ഗില്‍ ശിക്ഷകനെന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടത്. അന്നുതന്നെ ജനസംഘചുമതലയുണ്ടായിരുന്ന അദ്ദേഹത്തെ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കണ്ണൂരില്‍ സ്വീകരിക്കാന്‍ പരമേശ്വര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം അവസരമുണ്ടായി. സ്റ്റേഷനില്‍നിന്നും അദ്ദേഹത്തെ സ്വീകരിക്കാന്‍ അധികം പേരുണ്ടായില്ല. കണ്ണൂര്‍ സ്പിന്നിംഗ് മില്ലില്‍ തൊഴിലാളിയായിരുന്ന അനന്തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി. ഒറ്റമുറി അടുക്കള വരാന്ത വീടായിരുന്നു അത്. പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞ് അനന്തന്റെ അമ്മ നല്കിയ ലഘുഭക്ഷണം കഴിഞ്ഞ് വിശ്രമിച്ചശേഷം ടൗണ്‍ഹാളിലേക്കു പോയി. പ്രസംഗം കാര്യമാത്രപ്രസക്തമായിരുന്നു. ജോഷിജിയുടേതുപോലത്തെ വാക്കുകള്‍കൊണ്ടുള്ള മാലപ്പടക്കങ്ങളില്ല. പ്രധാന പ്രസംഗവും ഠാക്കൂര്‍ജിയുടെ വിവര്‍ത്തനവും പരമേശ്വര്‍ജി തന്നെ. പ്രവര്‍ത്തകരോടുള്ള പെരുമാറ്റത്തിലെ ഹൃദയംഗമതയാണ് ഊഷ്മളമായിരുന്നത്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പൊന്നാനി മണ്ഡലത്തിന്റെ ചുമതലയില്‍ ആയിരുന്നുവെന്നാണെന്റെ ഓര്മ. തികഞ്ഞ സംഘാടകനായിരുന്നു അദ്ദേഹം. അങ്ങേയറ്റത്തെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് പ്രശ്നങ്ങളെ സമീപിച്ചത്. ഏതു പരിതസ്ഥിതിയിലും അചഞ്ചലനായി അദ്ദേഹം നിലകൊണ്ടു. തെലുങ്കാനയിലെ കമ്മ്യൂണിസ്റ്റ് കലാപത്തിനുശേഷം സംഘം കെട്ടിപ്പടുക്കുന്നതില്‍ ആന്ധ്രയിലെ പ്രാന്തപ്രചാരകനായിരുന്ന ബാപ്പുറാവുമോഘേയോടൊപ്പം ഠാക്കൂര്‍ജി വഹിച്ച പങ്ക് നിസ്തുലമായിരുന്നു. അടിയന്തരാവസ്ഥക്കുമുമ്പ് ആന്ധ്രയില്‍ എംഎല്‍എമാരും എംഎല്‍സിമാരും ജയിച്ചുവന്നത് അദ്ദേഹത്തിന്റെ കൂടി വിജയമായിരുന്നു.
യാത്ര ചെയ്യുന്നതിനുമുമ്പ് ബെര്‍ത്ത് റിസര്‍വ് ചെയ്യുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു. ടിക്കേറ്റ്ടുത്തു കയറും. മിക്കവാറും ബര്‍ത്ത് കിട്ടും. കിട്ടിയില്ലെങ്കില്‍ ടിടിയുമായി വര്‍ത്തമാനം പറഞ്ഞ് സമയം പോക്കും. പകല്‍ സമയത്ത് റിസര്‍വേഷന്‍ ഉള്ള പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം കഴിയും. അടിയന്തരാവസ്ഥക്കാലത്ത് സിക്കന്തരാബാദിലെ കന്റോണ്‍മെന്റിനകത്താണദ്ദേഹം ദേശീയകാര്യസമിതിയുടെ യോഗം ഏര്‍പ്പാട് ചെയ്തത്. മടങ്ങിപ്പോകുന്നതിനുമുമ്പ് സംഘത്തിന്റെ സഹകാര്യവാഹ് ശേഷാദ്രിജിയെ കണ്ട് നിര്‍ദ്ദേശവും സന്ദേശവും സ്വീകരിക്കാനും ഓരോ ആള്‍ക്കും സൗകര്യമുണ്ടാക്കിത്തന്നു.
1976 അവസാനം ഠാക്കൂര്‍ജിക്ക് പക്ഷാഘാതമുണ്ടായി. അന്നത്തെ കഠിനമായ പരിതസ്ഥിതിയില്‍ സുരക്ഷിതമായ പരിചരണം അസാധ്യം തന്നെയായിരുന്നു. താല്ക്കാലികമായ ചില അടിയന്തര ചികിത്സകള്‍ ചെയ്തശേഷം കേരളത്തില്‍ ആയുര്‍വേദ ചികിത്സ ചെയ്യാന്‍ തീരുമാനിക്കപ്പെട്ടു. പ്രാന്തപ്രചാരക് ഭാസ്കര്‍റാവുജിയുടെ നിര്‍ദ്ദേശപ്രകാരം കോട്ടയത്ത് നട്ടാശ്ശേരി തെക്കുംകൂര്‍ കൊട്ടാരപരിസരത്ത് ചികിത്സ നടത്തിവന്ന ഡോ.രാഘവനെ സമീപിച്ച് അവിടം നിശ്ചയിക്കപ്പെട്ടു. കോട്ടയം റെയില്‍വേസ്റ്റേഷനില്‍ രാഘവന് കാറുമായിവന്ന് അദ്ദേഹത്തെ കൊണ്ടുപോയി. ആ സമയത്ത് പ്രാന്തസംഘചാലക് മാ.എന്‍.ഗോവിന്ദമേനോനും അവിടെ ചികിത്സയിലുണ്ടായിരുന്നു. ഠാക്കൂര്‍ജിയെ പരിചരിക്കാന്‍ ഡോക്ടര്‍ രാഘവന് നേരിട്ട് മുന്നോട്ട് വന്നു. രണ്ടു പ്രബന്ധകരെയും കോട്ടയത്തെ പ്രചാരകന് ഏര്‍പ്പെടുത്തി. മേനോന്‍സാറും ഠാക്കൂര്‍ജിയും നല്ല കമ്പനിയായി അവിടെ ഒരു മാസം കഴിഞ്ഞുകൂടി. അതിനിടെ അടിയന്തരാവസ്ഥ ചട്ടങ്ങളില്‍ അയവുണ്ടായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു, രാഷ്ട്രീയ നേതാക്കള്‍ മോചിതരായി. ആരോഗ്യം പൂര്‍ണമായി വീണ്ടുകിട്ടിയില്ലെങ്കിലും വളരെ സംതൃപ്തനായി ഗോപാല്‍ റാവു ഠാക്കൂര്‍ മടങ്ങിപ്പോയി. പക്ഷെ അദ്ദേഹത്തിന് മുമ്പത്തെതുപോലെ ഊര്‍ജസ്വലനായി പ്രവര്‍ത്തിക്കാനായില്ല. രണ്ടുവര്‍ഷം കൂടി അദ്ദേഹം കോട്ടയത്തു വന്ന് ചികിത്സ നടത്തി.
ജോഷിജിയും ഠാക്കൂര്‍ജിയും ഏതാണ്ട് ഒരേ കാലത്താണ് സംഘത്തിലും ജനസംഘത്തിലും വന്നത്. പ്രത്യക്ഷത്തില്‍ വിഭിന്ന സ്വഭാവക്കാരായിരുന്നെങ്കിലും മനസ്സിന്റെ ദാര്‍ഢ്യത്തിലും സഹപ്രവര്‍ത്തകരോടുളള പെരുമാറ്റത്തിലും തികഞ്ഞ ആര്‍ദ്രതയും ആത്മീയതയും പുലര്‍ത്തിയിരുന്നു.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: