ന്യൂദല്‍ഹി: കാശ്മീര്‍ വിഘടനവാദി നേതാവ് ഗുലാം നബി ഫായിയെ അറസ്റ്റ് ചെയ്ത യു.എസ് നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു. ഫായിയെ അറസ്റ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചിരുന്നെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്.കെ. സിങ് പ്രതികരിച്ചു.
പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ അമേരിക്കയിലെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നയാളാണ് ഫായി. ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ ഫായിക്കു നിര്‍ണായക പങ്കുണ്ടെന്നും ആര്.കെ ചൂണ്ടിക്കാട്ടി. ഇന്നലെയാണ് ഫായിയെ യു.എസില്‍ വച്ച് എഫ്ബിഐ അറസ്റ്റ് ചെയ്തത്.
പാക്കിസ്ഥാന് വേണ്ടി യുഎസ് ജനപ്രതിനിധികളില്‍ സ്വാധീനം ചെലുത്താന്‍ ഫായി ശ്രമിച്ചിരുന്നെന്നും ആരോപണമുണ്ട്. അമേരിക്കയുടെ കാശ്മീര്‍ നിലപാടിനെ പാക് സമീപനത്തിന് അനുകൂലമാക്കി സ്വാധീനിച്ചെടുക്കാന്‍ ഫായി ശ്രമിച്ചു പോരുകയായിരുന്നുവെന്നും അയാളുടെ പ്രവര്‍ത്തനങ്ങളെ പറ്റി ഇന്ത്യയ്ക്ക് സംശയം ഉണ്ടായിരുന്നുവെന്നും സിങ് പറഞ്ഞു.
അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്കും ഫായി സംഭാവനകള്‍ നല്‍കുകയും പാക്കിസ്ഥാന്റെ കാശ്മീര്‍ നയം അമേരിക്കന്‍ നേതാക്കളുടെ മുന്നില്‍ അവതരിപ്പിച്ചു അവരെ സ്വാധീനിക്കാന്‍ അയാള്‍ സമ്മേളനങ്ങളും സെമിനാറുകളും വാഷിംഗ്ടണില്‍ ന്യൂയോര്‍ക്കിലും സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: