Categories: World

സൗദിയിലെ പുതിയ ഭീകരവിരുദ്ധ നിയമം മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നുവെന്ന്‌

Published by

റിയാദ്‌: രഹസ്യസ്വഭാവമുള്ള പുതിയ സൗദി ഭീകരവിരുദ്ധനിയമം സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും അടിച്ചമര്‍ത്തുമെന്ന്‌ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ കരട്‌ വാര്‍ത്താലേഖകര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ അതിലെ പല നിയന്ത്രണങ്ങളും മനുഷ്യാവകാശത്തിനെതിരാണെന്ന്‌ സംഘടന അഭിപ്രായപ്പെട്ടു.

അന്യായമായി ദീര്‍ഘകാലം തടവിലാക്കുക, നിയമപരമായ സ്വാതന്ത്ര്യത്തില്‍ കുറവ്‌ വരുത്തുക, വധശിക്ഷ നിര്‍ബാധം ഉപയോഗിക്കുക എന്നീ നിയമങ്ങളാണ്‌ മനുഷ്യാവകാശ ധ്വംസനമാവുന്നത്‌.

പക്ഷേ ഈ ഭീകരനിയമങ്ങള്‍ സാധാരണക്കാര്‍ക്കല്ല മറിച്ച്‌ തീവ്രവാദികളെ മാത്രം ഉദ്ദേശിച്ചുള്ളവയാണെന്ന്‌ സൗദി ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. സൗദി ഭരണകൂടം ഇതേക്കുറിച്ച്‌ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും നിയമത്തില്‍ ഇത്തരം വകുപ്പുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സൗദി ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

വര്‍ഷങ്ങളായി ആംനസ്റ്റി എതിര്‍ത്തിരുന്ന ക്രൂരമായ ശിക്ഷാവിധികളാണ്‌ നടപ്പിലാക്കാന്‍ പോകുന്നതെന്ന്‌ കരട്‌ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ആംനസ്റ്റിയുടെ മധ്യപൂര്‍വ ദേശത്തെ പ്രസ്‌ ഓഫീസര്‍ ജെയിംസ്‌ ലിഞ്ച്‌ ബിബിസിയെ അറിയിച്ചു.

ഭീകരവാദി പ്രവര്‍ത്തനം എന്നതിന്റെ പരിധിയില്‍ രാജ്യത്തിന്റെ സല്‍പ്പേരിന്‌ കളങ്കം ചാര്‍ത്തുന്ന എല്ലാ നടപടികളേയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇതിന്റെ പരിണത ഫലമായി സംശയിക്കപ്പെടുന്നവരെ 120 ദിവസമോ കോടതി അനുവദിച്ചാല്‍ അതില്‍ കൂടുതലോ ദിവസത്തേക്ക്‌ -നിയമസഹായം പോലും നിയന്ത്രിതമായ സാഹചര്യത്തില്‍ തടവില്‍ പാര്‍പ്പിക്കാന്‍ കഴിയും.

അല്‍ഖ്വയ്ദയുടെ പ്രേരണമൂലം ഉണ്ടാകുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടയിടുന്നതില്‍ സൗദി അറേബ്യ വിജയിച്ചിട്ടുണ്ട്‌. പുതിയ നിയമം ഭീകരവാദികളെ നിയന്ത്രിക്കാന്‍ എന്നതിലുപരി രാഷ്‌ട്രീയമായ നിലനില്‍പ്പിന്‌ ഉപയോഗിച്ചേക്കാം എന്നതിനാലാണ്‌ ആംനസ്റ്റി അതിനെ എതിര്‍ക്കുന്നത്‌. രാഷ്‌ട്രീയകക്ഷികള്‍ നിരോധിക്കപ്പെട്ട, ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക്‌ വാഹനങ്ങളോടിക്കാന്‍ അനുമതിയില്ലാത്ത സൗദി അറേബ്യയില്‍ പുതിയ നിയമങ്ങള്‍ മനുഷ്യാവകാശത്തിന്‌ കനത്ത ഭീഷണിയാകുമെന്ന നിലപാടിലാണ്‌ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ആരേയും തീവ്രവാദി എന്ന്‌ മുദ്രകുത്തി അറസ്റ്റ്‌ ചെയ്യാന്‍ ഇതുവഴി ഭരണകൂടത്തിനാവും.

പക്ഷേ അതെല്ലാം നിയമത്തെ വ്യാഖ്യാനിക്കുന്നവരുടെ കുറ്റമാണെന്നാണ്‌ വര്‍ഷങ്ങളായി ഇത്തരം കേസുകള്‍ നിരീക്ഷിക്കുന്ന സൗദി സര്‍ക്കാര്‍ ഉപദേശകന്റെ പ്രതികരണം. നിയമങ്ങള്‍ യെമനില്‍നിന്നും രാജ്യത്തേക്ക്‌ വരുന്ന അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കടിഞ്ഞാണിടാനാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങള്‍ ഗുരുതരമായ തീവ്രവാദ ഭീഷണി നേരിടുകയാണെന്ന്‌ അദ്ദേഹം തുടര്‍ന്നു.

നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമപ്രകാരം കഠിന ശിക്ഷകളാണ്‌ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. രാജ്യത്തിനെതിരെ ആയുധമെടുത്താല്‍ മരണശിക്ഷകിട്ടും. കൂടാതെ തീവ്രവാദി കുറ്റങ്ങള്‍ക്കും മരണശിക്ഷ തന്നെയാണെന്ന്‌ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആശങ്ക പ്രകടിപ്പിച്ചു.

സൗദി ഭരണകൂടത്തെ ചോദ്യം ചെയ്താല്‍ കുറഞ്ഞത്‌ 10 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കും. പുതിയ നിയമത്തിലെ പല വ്യവസ്ഥകളും ഐക്യരാഷ്‌ട്രസഭയുടെ പീഡനത്തിനെതിരായുള്ള കണ്‍വെന്‍ഷനിലെ മാര്‍ഗരേഖകള്‍ ലംഘിക്കുന്നുവെന്ന്‌ അര്‍മനസ്റ്റി ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഭീകരപ്രവര്‍ത്തനത്തെ തടയാനെന്ന വ്യാജേന നിഷേധിക്കപ്പെടുകയാണെന്ന്‌ ആംനസ്റ്റിയിലെ ഫിലിപ്പ്‌ ലൂതര്‍ അഭിപ്രായപ്പെട്ടു. നിയമം പാസ്സായാല്‍ ഒരു സമാധാനപരമായ വിയോജിപ്പുപോലും ഭീകരവാദമായി മുദ്രകുത്തപ്പെട്ടേക്കും. ഇത്‌ കടുത്ത മനുഷ്യാവകാശ ലംഘനമാവും, അദ്ദേഹം അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by