ന്യൂദല്‍ഹി: വോട്ടിന് കോഴ വിവാദത്തില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങ്ങിനെ ദല്‍ഹി പോലീസ് ചോദ്യം ചെയ്‌തു. അറസ്റ്റിലായ സഞ്ജീവ് സക്‍സേന, സുഹൈല്‍ ഹിന്ദുസ്ഥാനി എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമര്‍സിങ്ങിനെ ചോദ്യം ചെയ്തത്.
രാവിലെ പതിനൊന്ന് മണിക്ക് ദല്‍ഹി ചാണക്യപുരിയിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ രാജ്യസഭാ അംഗം കൂടിയായ അമര്‍സിങ് ഹാജരാവുകയായിരുന്നു. വോട്ടിന് കോഴ വിവാദം അന്വേഷിക്കുന്ന ഡി.സി.പി അശോക് ഛന്ദിന്റെ നേതൃത്വത്തിലുള്ള സംഘം അമര്‍സിങ്ങിനെ ചോദ്യം ചെയ്തു.
അമര്‍സിങ്ങിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് സക്‌സേനയും ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന സുഹൈല്‍ ഹിന്ദുസ്ഥാനിയും പദ്ധതിയുടെ സൂത്രധാരന്‍ അമര്‍സിങ്ങാണെന്ന് മൊഴി നല്‍കിയിരുന്നു. അമര്‍സിങ്ങിന്റെ വസതിയിലേക്ക് സഞ്ജീവ് സക്‍സേന അതേ ദിവസം ആറ് പ്രാവശ്യം വിളിച്ചതിന്റെ രേഖകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അമര്‍സിങ്ങിനെതിരെ തെളിവുകള്‍ കിട്ടിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് രണ്ടുദിവസമായി മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതിരുന്ന അമര്‍സിങ് ചോദ്യം ചെയ്യലിനായി നേരിട്ട് എത്തുകയായിരുന്നു.
2008 ല്‍ പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പിനിടെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ബി.ജെ.പി എം.പിമാരുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: