ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ ടെലികോം മുന്‍മന്ത്രി എ. രാജ ഉള്‍പ്പെടെ ആറു പേരെ ചോദ്യം ചെയ്യാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് ദല്‍ഹി കോടതി അനുമതി നല്‍കി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി. സൈനിയാണ് അനുമതി നല്‍കിയത്.
രാജ, സ്വാന്‍ ടെലികോം ഉടമകളായ ഷാഹിദ് ഉസ്‌മാന്‍ ബാല്‍വ, വിനോദ് ഗോയങ്ക, റിലയന്‍സ് എ.ഡി.എ. ജി മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഗൗതം ദോഷി, ഹരി നായര്‍, സുരേന്ദ്ര പിപ്പാറ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ആദായനികുതി ഉദ്യോഗസ്ഥര്‍ അനുമതി തേടിയിരുന്നു.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നു അപേക്ഷകളായിരുന്നു സമര്‍പ്പിച്ചിരുന്നതെന്ന് വകുപ്പ് അഭിഭാഷകന്‍ സഞ്ജീവ് രാജ്‌പാല്‍ പറഞ്ഞു. രാജയുടെ കുടുംബ വരുമാനമുള്‍പ്പെടെയുള്ളവ അന്വേഷിക്കുന്നതിനായിരുന്നു ആദ്യത്തെ അപേക്ഷ. എറ്റ്‌സലാട്ട് ഡി.ബി കമ്പനിയുമായുള്ള ബന്ധത്തെ കുറിച്ച് ബാല്‍വയെ മുംബയില്‍ നിന്നെത്തുന്ന ആദായ നികുതി ഉദ്യോഗസ്ഥരും ചോദ്യം ചെയ്യാന്‍ അനുമതി തേടി രണ്ടാമത്തെ അപേക്ഷയും റിലയന്‍സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായി മുംബൈലെ അഡീഷണല്‍ കമ്മിഷണര്‍ അനുമതി തേടുന്നതായിരുന്നു മൂന്നാമത്തെ അപേക്ഷ.
ജൂലൈ 27 നും 29 നും ഇടയില്‍ ചോദ്യം ചെയ്യുമെന്നാണു സൂചന. ഇവരെ ചോദ്യം ചെയ്യാന്‍ സി.ബി.ഐയ്‌ക്കും കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. ജൂലൈ 18 നാണ് സി.ബി.ഐ ഇവരെ ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: