Categories: Kerala

ക്ഷേത്രസ്വത്ത്‌ പൊതുസ്വത്തല്ല: എംജിഎസ്‌

Published by

തിരുവനന്തപുരം : ശ്രീപത്മനാഭന്റെ സ്വത്ത്‌ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ടെന്ന്‌ എം.ജി.എസ്‌ നാരായണന്‍. ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച ശ്രീപത്മനാഭസ്വാമിക്ഷേത്രം; ‘അനാവശ്യവിവാദങ്ങളും അനിഷേധ്യ വസ്തുതകളും’ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പത്മനാഭക്ഷേത്രത്തില്‍ അമൂല്യശേഖരം എന്ന ഒരൊറ്റ വാര്‍ത്തയിലൂടെ ലോകസമൂഹം ഭാരതത്തിലേക്ക്‌ നോക്കിയിരിക്കുകയാണ്‌. ഇത്‌ അനാഥസ്വത്തല്ല. ആയിരംകൊല്ലങ്ങളായി ഹിന്ദുസമൂഹം പ്രാര്‍ത്ഥനയോടെ അര്‍പ്പിച്ച കാണിക്കയാണ്‌.

ഇത്‌ എല്ലാവരുടെയും സ്വത്തല്ല. എല്ലാവര്‍ക്കും വേണ്ടി ചെലവാക്കേണ്ടതുമല്ല. ജാതിസംബന്ധമായ അനാചാരങ്ങള്‍മൂലം കഷ്ടപ്പെട്ട ഒരു ജനതയുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കാന്‍കൂടി ആവണം ഭഗവാന്‍ ഇത്‌ കാട്ടിത്തന്നത്‌. തിരുപ്പതി മോഡലില്‍ ഒരു സര്‍വകലാശാലയെക്കുറിച്ചും ആലോചിക്കാവുന്നതാണ്‌. ഗസ്നിയും ഗോറിയും ആക്രമിച്ച സോമനാഥക്ഷേത്രവും അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകനായ മാലിക്‌ കാഫര്‍ കന്യാകുമാരിവരെയെത്തി ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നു. തിരുവഞ്ചിക്കുളത്തും മലബാറിലും ക്ഷേത്രങ്ങളുടെ നേരെ ആക്രമണമുണ്ടായി. എന്നാല്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഇതില്‍നിന്നെല്ലാം മോചിതനായി നിന്നത്‌ ശ്രീപദ്മനാഭന്റെ കൃപാകടാക്ഷം ഒന്നുകൊണ്ടുമാത്രമാണ്‌.

ദേവപ്രശ്നത്തിലൂടെ ഹിതമാരായുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒരു സനാതനധര്‍മ വിശ്വവിദ്യാപീഠം എന്ന സ്ഥാപനത്തിന്‌ രൂപം കൊടുക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കണമെന്ന്‌ അദ്ധ്യക്ഷപ്രസംഗം നടത്തിയ ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. നിയമവും ഭരണഘടനയയും എന്ന വിഷയത്തെ അധികരിച്ച്‌ അഡ്വ. ശിവന്‍ മഠത്തിലും, ശ്രീപദ്മനാഭക്ഷേത്രത്തിന്റെ ഭണ്ഡാരചരിത്രം എന്ന വിഷയത്തില്‍ എം.ജി. ശശിഭൂഷണും, ആധ്യാത്മികതയും ദേവഹിതവും എന്ന വിഷയത്തില്‍ എസ്‌. ജയശങ്കറും, പദ്മനാഭസ്വാമിക്ഷേത്രം ദേശീയവീക്ഷണത്തില്‍ ഒ. രാജഗോപാലും, സാംസ്കാരിക പശ്ചാത്തലം എന്ന വിഷയത്തില്‍ ഡോ. ടി.പി. ശങ്കരന്‍കുട്ടിനായരും പ്രസംഗിച്ചു. വിചാരകേന്ദ്രം ജില്ലാപ്രസിഡന്റ്‌ ഡോ. കെ.യു. ദേവദാസ്‌ സ്വഗതം പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by