കൊല്‍ക്കത്ത: 52 നക്സലുകളെ മോചിതരാക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നക്സലുകളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്തെ നക്സലുകളുടെ മുഖ്യനേതാക്കളായ ചന്ന്ദി സര്‍ക്കാര്‍, പ്രദീപ് ചാറ്റര്‍ജി എന്നിവരുള്‍പ്പെടെ അന്‍പത് രാഷ്ട്രീയ തടവുകാരെയാണ് മോചിതരാക്കാന്‍ മമത നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
മൊത്തം 78 രാഷ്ട്രീയ തടവുകാരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 52 പേരെ ഇപ്പോള്‍ മോചിതരാക്കുന്നു. കൂടുതല്‍ പേരുകള്‍ പിന്നീട് നിര്‍ദ്ദേശിക്കുന്നതാണ്; മമത വ്യക്തമാക്കി.
അതേസമയം, ആറ് സംസ്ഥാനങ്ങളിലെ നക്സല്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമാധാന ചര്‍ച്ചകള്‍ ഇന്ന് നടക്കും. തടവുകാരുടെ മോചനം സമാധാന ചര്‍ച്ചകള്‍ക്ക് പ്രോത്സാഹനമാണെന്ന് കൊല്‍ക്കത്തയില്‍നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സുചനോ ബോദ്രോ പറഞ്ഞു. എന്നാല്‍ എല്ലാ രാഷ്ട്രീയ തടവുകാരേയും മോചിതരാക്കുകയും സംയുക്തസേനയെ ജന്ഗല്മഹല് മേഖലയില്‍നിന്നും നീക്കം ചെയ്യുകയും ചെയ്താല്‍ മാത്രമേ സന്ധിസംഭാഷണങ്ങള്‍ക്ക് തയ്യാറാവുകയുള്ളൂവെന്ന് കൊല്‍ക്കത്തയില്‍നിന്നുള്ള നക്സല്‍ നേതാവ് തെലുങ്ക് ദീപക് അറിയിച്ചു. രാജ്യത്ത് ആഭ്യന്തര സുരക്ഷാ ഭീഷണി ശക്തമായി നിലനില്‍ക്കുന്നതുകൊണ്ടുതന്നെ രാഷ്ട്രീയ തടവുകാരെ നക്സലുകളുടെ അഭിപ്രായത്തിന് വഴങ്ങി വിട്ടയ്ക്കാന്‍ മമത തയ്യാറായിട്ടുണ്ടെങ്കിലും സംയുക്ത സേനയെ പ്രശ്നബാധിത പ്രദേശത്തുനിന്നും മാറ്റാന്‍ മുഖ്യമന്ത്രി സമ്മതം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: