ഭഗവാന് ശ്രീപത്മനാഭന് എവിടെയോ അവിടെ ശ്രീ ലക്ഷ്മീഭഗവതി കുടികൊള്ളുന്നു. കാരണം, ഭഗവാന് ശ്രീമഹാവിഷ്ണുവിന്റെ രൂപഭേദങ്ങളിലൊന്നാണ് ശ്രീപത്മനാഭന്. വിഷ്ണുഭഗവാന്റെ സഹധര്‍മിണിയാകുന്നു സകല സമ്പത്തിന്റേയും അധിദേവതയായ ലക്ഷ്മീദേവി. അതിനാല്‍, പണ്ട് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനം എന്നു പുകള്‍പെറ്റിരുന്ന തിരുവനന്തപുരം നഗരത്തിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിഗൂഢ നിലവറകളില്‍ അതിവിപുലമായ ദൈവിക സമ്പല്‍സമൃദ്ധി പ്രത്യക്ഷമായതില്‍ അതിശയിക്കാനില്ല.
ബൃഹത്തായ ഈ ധനശേഖരം വെളിപ്പെടുത്തി കിട്ടിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ആദ്യമായി ഉയര്‍ന്നുവരേണ്ട ഉചിതമായ ചോദ്യം ഇതാണ്.താരതമ്യേന ചെറുതായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇത്രയുമധികം സമ്പദ്ശേഖരമുള്ളപ്പോള്, അതിലും വളരെ കൂടുതല്‍ ജനത്തിരക്കുള്ള ആന്ധ്രയിലെ തിരുപ്പതി ശ്രീവെങ്കിടേശ്വരക്ഷേത്രത്തിലും കേരളത്തിലെ തന്നെ ശ്രീഗുരുവായൂരപ്പന്റെ കോവിലിലും സമ്പദ് ശേഖരം അതിലും തീരെ കുറഞ്ഞിരിക്കാന്‍ ഹേതുവെന്ത്? നൂറ്റാണ്ടുകളായി തന്നെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനേക്കാള്‍ നൂറു മടങ്ങ് ഭക്തര്‍ തീര്‍ത്ഥാടനം നടത്തി വരുന്നതാണ് ഈ രണ്ടു മഹാക്ഷേത്രങ്ങളെന്നതില് രണ്ടു പക്ഷമില്ല. അതുപോലെ തന്നെ പ്രസ്തുത ശതാബ്ദങ്ങളില്‍ ഭക്തജനങ്ങള്‍ ഈ രണ്ടു അമ്പലങ്ങളിലും കാണിക്കകള്‍ പണമായും സ്വര്‍ണമായും മറ്റും നിര്‍ലോഭം ചൊരിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിലും തര്‍ക്കമുണ്ടാകില്ല. ഈ ക്ഷേത്രങ്ങളിലെ സമ്പത്തുക്കള്‍ക്ക് എന്തു സംഭവിച്ചു?
ശ്രീപത്മനാഭന്റെ സ്വത്തുക്കള്‍ കണ്ടെടുത്ത മഹാസംഭവത്തില്‍ ചിന്തോദ്ദീപനം ഉണ്ടായവര്‍ ഉയര്‍ത്തുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇതാണ്. ക്ഷേത്രസമ്പത്ത് ഈശ്വരന്റെ കൈകളില്‍ മാത്രമാണ് സുരക്ഷിതം. മറ്റാരും സര്‍ക്കാര്‍ നിയന്ത്രിത ട്രസ്റ്റുകള്പോലും ക്ഷേത്രസമ്പത്ത് കൈകാര്യം ചെയ്യാന്‍ അര്‍ഹരല്ല.
ശ്രീപത്മനാഭന്റെ സ്വത്ത് അന്യാധീനപ്പെടാതെ കാത്തു സൂക്ഷിച്ച പ്രതിബദ്ധതക്ക് നാം രാജകുടുംബത്തെ വാഴ്ത്തണം. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുമായി എനിക്ക് നേരിട്ടിടപെടാന്‍ അവസരമുണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി രാജവംശത്തിന്റെ സാമ്പത്തിക നില മോശമായി വന്നിരുന്നുവെന്ന് പലര്‍ക്കുമറിയാം. ക്ഷേത്രകാര്യങ്ങള്‍ തൃപ്തിയാം വണ്ണം നടത്താന്‍ അവര്‍ ബുദ്ധിമുട്ടി. ഇത് ക്ഷേത്ര പുരോഹിതരുമായും ജീവനക്കാരുമായും ചില അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഇതിനുമുമ്പും പലതവണയും രാജകുടുംബത്തിന് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ഞാന്‍ അറിഞ്ഞത്. എന്നിട്ടും അവര്‍ ശ്രീപത്മനാഭന്റെ ഭണ്ഡാരത്തില് കൈവെച്ചില്ല. അതിന്റെ തീരെച്ചെറിയ ഒരംശംകൊണ്ട് അവരുടെ സകല ആവശ്യങ്ങളും നറവേറുമായിരുന്നു എങ്കിലും.
ബ്രിട്ടീഷുകാര്‍ രാജ്യത്തെ അനേകം ഹൈന്ദവ ക്ഷേത്രങ്ങളിലെ സമ്പദ്ശേഖരങ്ങള്‍ അപഹരിച്ചുകൊണ്ടുപോയി ലണ്ടനിലെ രാജകൊട്ടാരത്തില്‍ വെച്ചിട്ടുണ്ട്. ഇപ്പോള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ-രത്ന ശേഖരത്തിന്റെ വാര്‍ത്തയറിഞ്ഞ് എലിസബത്ത് രാജ്ഞി അതീവ ദുഃഖിതയായിക്കാണണം. തിരുവിതാംകൂര്‍ ബ്രിട്ടീഷുകാരുടെ കീഴിലായിരുന്ന കാലത്തെ ഉദ്യോഗസ്ഥന്മാരുടെ കഴിവില്ലായ്മയെ തിരുമനസ് ഇപ്പോള്‍ ശപിക്കുകയുമാവണം.
എന്നാല്‍, ബ്രിട്ടീഷുകാര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ക്ഷേത്രക്കൊള്ള പിന്നീട് വന്ന ദുര്‍മോഹികളായ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം ആറു ദശാബ്ദങ്ങള്‍ക്കുള്ളില്‍ പൂര്‍ണമാക്കിക്കൊടുത്തു. ഈ ആഭ്യന്തര കവര്‍ച്ചക്ക് തിരുപ്പതിയും ഗുരുവായൂരമടക്കമുള്ള അസംഖ്യം ക്ഷേത്രങ്ങള്‍ ദൃഷ്ടാന്തങ്ങളാണ്. മുഹമ്മദ് ഗോറിയെയും മുഹമ്മദ് ഗസ്നിയെയും നാണിപ്പിക്കുന്നതാണ് നമ്മുടെ രാഷ്ട്രീയ യജമാനന്മാര് നടത്തിയ സ്വാതന്ത്ര്യാനന്തര ക്ഷേത്രധ്വംസനങ്ങള്‍.
ക്ഷേത്രങ്ങളുടെ വസ്തുവകകള്‍ പ്രാദേശിക നേതാക്കളോ സംസ്ഥാന നേതാക്കള്‍ തന്നെയോ സ്വന്തം പേരിലാക്കി. സ്വര്‍ണ്ണവും രത്നങ്ങളും വിലപിടിച്ച പുരാവസ്തുക്കളും അവര്‍ മോഷ്ടിച്ചു. ചില അവസരങ്ങളില്‍ ക്ഷേത്രങ്ങളിലെ അമൂല്യവസ്തുക്കള്‍ വിദേശത്ത് എക്സിബിഷനുകള്‍ക്കു കൊണ്ടുപോകുകയും അവയുടെ ഡ്യൂപ്ലിക്കേറ്റുകള്‍ തിരികെ കൊണ്ടുവന്നു വെയ്ക്കുകയും ചെയ്തു. ക്ഷേത്രവകകള്‍ അന്തര്‍ദ്ദേശീയ മാര്‍ക്കറ്റില്‍ വിറ്റഴിഞ്ഞു. അങ്ങനെ കോടീശ്വരന്മാരായ രാഷ്ട്രീയ നേതാക്കള്‍ നിരവധിയാണ്. അതോടൊപ്പം ഹൈന്ദവ ക്ഷേത്രങ്ങള്‍ പാപ്പരാകുകയും ചെയ്തു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറക്കപ്പെടുവാന്‍ ഇടയാക്കിയ കോടതി വ്യവഹാരങ്ങളും മേല്‍പ്പറഞ്ഞ തരം വക്രവും വഞ്ചനാപരവുമായ ചില ഗൂഢപദ്ധതികളുടെ ഭാഗമാണ് എന്നുതന്നെ കരുതണം. സ്വസമൂഹദ്രോഹികള്ക്കും ഒറ്റിക്കൊടുക്കലുകാര്ക്കും ഹിന്ദുസമൂഹത്തില്‍ പഞ്ഞമില്ല. അത്യാഗ്രഹികളായ രാഷ്ട്രീയക്കാര്‍-അവരുടെ കാര്യത്തിലും ഇന്ത്യയില്‍ ക്ഷാമമില്ല-അത്തരം ഹിന്ദുകരിങ്കാലികളെ തങ്ങളുടെ ആയുധമാക്കുകയാണ്. ചൂണ്ടയിട്ടോ അല്ലെങ്കില്‍ കുടിലമാര്‍ഗങ്ങള്‍ അവലംബിച്ചോ ശ്രീപത്മനാഭന്റെ സ്വത്ത് കൊള്ളയടിക്കാനുള്ള ഒരു വഞ്ചനാപദ്ധതിയുടെ ഭാഗമാണിത്.
ഒരു തരത്തില്‍, സ്ഥാപനവത്കൃതരാഷ്ട്രീയം ഹിന്ദുക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന ഉത്കണ്ഠാകുലമായ അവസ്ഥയിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ പ്രസ്തുത കോടതി വ്യവഹാരം നിദാനമായിരിക്കുന്നു. ക്ഷേത്രങ്ങളും അവയുടെ ഭൂമിവകകളും കാണിക്കകളും പുരാവസ്തുക്കളും അടക്കമുള്ള സകലസ്വത്തുക്കള്‍ക്കും ഏക അവകാശി ഹിന്ദുസമൂഹമാകുന്നു.
ഹിന്ദുക്കളുടെ മതസ്ഥാപനങ്ങള്‍ ഹിന്ദുസമൂഹത്തിന്റേതാകാന് ഹിന്ദു എന്‍ഡോവ്മെന്റ് ആക്ട് അടിയന്തരമായി ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ വേണം. തത്വദീക്ഷയോ മനഃസാക്ഷിക്കുത്തോ തൊട്ടുതീണ്ടിയിട്ടില്ലാത്ത രാഷ്ട്രീയക്കാര്‍ക്കല്ല, ഭക്തിനിരതരായ ഹിന്ദുക്കള്‍ക്കാണ് ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കഴിയുന്നതെന്ന് തിരുവിതാംകൂര്‍ രാജകുടുംബം അസന്ദിഗ്ധമാംവണ്ണം തെളിയിച്ചിരിക്കുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പോ സമ്പത്തോ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് കേരളാ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അദ്ദേഹത്തിന് സാമാന്യബുദ്ധിയുള്ളതുകൊണ്ടു തന്നെ. എന്നാല്‍, ഒരു മ്യൂസിയമോ ട്രസ്റ്റോ രൂപീകരിക്കണമെന്ന് മാധ്യമലോകത്തുനിന്നും ബുദ്ധിജീവി സമൂഹത്തില്‍നിന്നും അപക്വമായ അഭിപ്രായങ്ങള്‍ എഴുന്നെള്ളിയിരിക്കുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രമോ സ്വത്തുക്കളോ പിടിച്ചെടുക്കുന്നതിനെതിരെ സന്ന്യാസി ശ്രേഷ്ഠന്മാരും ആത്മീയനേതാക്കളും അടക്കം മുഴുവന്‍ ഹിന്ദുസമൂഹവും ജാഗ്രത പാലിക്കണം.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിലവിലിരിക്കുന്ന മാനേജ്മെന്റ് തന്നെ വീണ്ടും അതിനെ സംരക്ഷിക്കട്ടെ. ഹിന്ദുക്ഷേത്രങ്ങളെ ഹിന്ദുസമൂഹം തന്നെ കാര്യനിര്‍വഹണം നടത്തുന്നതിനെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ ഉയരുകയും ചെയ്യട്ടെ.
രാം മാധവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: