കേരളം നഗരവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് സെന്‍സസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും മുന്നില്‍ എറണാകുളം ജില്ലയാണ്. 68.7 ശതമാനം ജനങ്ങള്‍ താമസിക്കുന്നത് നഗരങ്ങളിലാണ്. എറണാകുളം ജില്ലയുടെ ജനസംഖ്യാ വര്‍ധന 5.60 ശതമാനം മാത്രമാണെങ്കിലും നഗരവാസികളുടെ ജനസംഖ്യ 51.15 ശതമാനമാണ്. ഗ്രാമ ജനസംഖ്യ 35.70 ശതമാനമാകും. കേരളത്തില്‍ 44 നദികള്‍ ഉണ്ടെങ്കിലും പലയിടത്തും ജലക്ഷാമം രൂക്ഷമാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന എറണാകുളം ജില്ലയിലും ബഹുനില ഫ്ലാറ്റുകളും ആശുപത്രികള്‍ പോലും ആശ്രയിക്കുന്നത് ടാങ്കര്‍ വെള്ളത്തെയാണ്. ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രി കെ.എം. മാണി പ്രഖ്യാപിച്ച മീനച്ചില്‍ നദീതടപദ്ധതി ആശങ്കകളുയര്‍ത്തുന്നത്. മൂവാറ്റുപുഴയാറില്‍നിന്നും ടണല്‍ വഴി ലക്ഷക്കണക്കിന് ക്യൂബിക് മീറ്റര്‍ ജലം മീനച്ചില്‍ ആറ്റിലേക്കൊഴുക്കി തന്റെ മണ്ഡലമായ പാലായില്‍ കുടിവെള്ളം സുലഭമാക്കാനായി കെ.എം. മാണി നീക്കിവെച്ചിരിക്കുന്നത് 25 കോടി രൂപയാണ്.
മൂവാറ്റുപുഴയാറിലെ വെള്ളമാണ് എറണാകുളം ജില്ലക്ക് കുടിവെള്ളം ലഭ്യമാക്കുന്നത്. 50 ലക്ഷം ആളുകള്‍ക്കാണ് പെരിയാറില്‍നിന്നും ദാഹജലം ലഭിക്കുന്നത്. മൂവാറ്റുപുഴയിലൂടെ കുട്ടനാട്ടിലേക്കും ശുദ്ധജലം എത്തുന്നുണ്ട്. മൂവാറ്റുപുഴയാറിലെ ജലം മൂലമറ്റം റിസര്‍വോയറില്‍നിന്നും പുറത്തുവിടുന്ന ജലമാണ്.
ഇപ്പോള്‍ത്തന്നെ മൂവാറ്റുപുഴയാറില്ക്കൂടി ഒഴുകുന്നത് 1812 ദശലക്ഷം ചതുരശ്ര മീറ്റര്‍ ജലമാണ്. മൂവാറ്റുപുഴയാര്‍ മത്സ്യസമ്പത്തിലും അലങ്കാര മത്സ്യസമ്പത്തിലും സമൃദ്ധമാണ്. ഇപ്പോള്‍തന്നെ ജനുവരി മുതല്‍ മെയ് മാസം വരെ മൂവാറ്റുപുഴയാറിലും ജലത്തിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഈ ചുരുങ്ങിയ ജലം തടഞ്ഞ് ടണല്‍ വഴി മീനച്ചിലാറിലേക്ക് തിരിച്ചുവിട്ടാല്‍ എറണാകുളം-ആലപ്പുഴ ജില്ലകളോട് ചെയ്യുന്ന കടുത്ത ദ്രോഹമായിരിക്കും. 16 ജലവിതരണ പ്രോജക്ടുകളും 14 ലിഫ്റ്റ് ഇറിഗേഷന്‍ പ്രോജക്ടുകളും വഴി മൂവാറ്റുപുഴയാര്‍ 46 ഗ്രാമപഞ്ചായത്തുകള്‍ക്കും രണ്ട് മുനിസിപ്പാലിറ്റികള്‍ക്കും ജലം നല്‍കുന്നുണ്ട്. കൊച്ചിക്ക് വേണ്ടത് 10 എംഎല്‍സി ജലമാണ്. ശരിയായ പാരിസ്ഥിതിക പഠനം നടത്താതെയാണ് മീനച്ചില്‍ നദീതട പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ആറര കിലോമീറ്റര്‍ ദൂരത്തില്‍ പണിയേണ്ടിവരുന്ന ടണലുകള്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള കുന്നുകളെയും വനങ്ങളെയും നശിപ്പിക്കുമ്പോള്‍ പാരിസ്ഥിതിക നാശം സംഭവിക്കുന്നു. ടണല്‍ കടന്നുപോകുന്ന അറക്കുളം, കടപ്പുഴ പ്രദേശം ഭൂചലനസാധ്യതയുള്ള വനപ്രദേശങ്ങളിലൂടെയാണ്.
മറ്റൊരു വസ്തുത ടണല്‍ വഴി മീനച്ചിലാറ്റില്‍ എത്തുന്ന വെള്ളം കീഴ്പോട്ടൊഴുകണമെങ്കില് മീനച്ചിലാറിന്റെ അടിത്തട്ട് 20 അടി താഴ്ത്തണം എന്നതാണ്. 25 അടി മുതല്‍ 40 അടി വരെ നദിയുടെ അടിത്തട്ട് താഴുമ്പോള്‍ ഇപ്പോള്‍ത്തന്നെ മണല്‍വാരല്‍ പെരുകിയ ആറ്റിലെ ശിഷ്ടമണല് കൂടി അപ്രത്യക്ഷമാകുകയും കായലില്‍നിന്നുള്ള ഓരുജലം വേലിയേറ്റത്തില്‍ കുടിവെള്ളത്തില്‍ കലരുകയും ചെയ്യും. ഇത് കൃഷിയെയും ബാധിക്കും. മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി മുതലായവയും ഈ പദ്ധതിയുടെ ആഘാതം ഏറ്റുവാങ്ങേണ്ടിവരും. എറണാകുളം-കൊച്ചി-ആലുവ മേഖലകളില്‍ ഇപ്പോള്‍ത്തന്നെ കിണറുകളില്‍ ശുദ്ധജലം ലഭ്യമല്ല. വോട്ട് തേടി ഇറങ്ങിയ വേളയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച പ്രശ്നം ദ്വീപുകളില്‍ ഇനിയും കുടിവെള്ളം ലഭ്യമാക്കിയിട്ടില്ല എന്ന വസ്തുതയാണ്. പിറവത്തുനിന്നെടുക്കുന്ന ജലവും ലഭ്യമാകാതെ വരും. മീനച്ചില്‍ നദീതട പദ്ധതി മരട് ജലശുദ്ധീകരണ പ്ലാന്റിനെയും ബാധിക്കും. പടിഞ്ഞാറന്‍ കൊച്ചിയുടെ ജലക്ഷാമ പരിഹാരത്തിനുവേണ്ടി 201 കോടി രൂപ ചെലവില്‍ വിഭാവനം ചെയ്ത പദ്ധതിയാണിത്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 65 കോടി രൂപ ചെലവില്‍ ഈ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത് പദ്ധതി അപ്രായോഗികമാണെന്ന കാരണത്താല്‍ ഇടതുസര്‍ക്കാര്‍ തള്ളിയതാണ്. പ്രാദേശിക താല്പര്യവും വോട്ടുബാങ്ക് സംരക്ഷണവും മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം നശീകരണ പദ്ധതികള്‍ക്ക് അനുമതി നിഷേധിക്കേണ്ടതും ഇതിനെതിരെ ജനങ്ങള്‍ സംഘടിക്കേണ്ടതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: