‘ബോറിബന്തറിലെ മുത്തശ്ശി’ കേരളത്തില്‍ കാല് കുത്താന്‍ ഇനി ആഴ്ചകള്‍ മാത്രം. മാധ്യമ സാക്ഷരതയേറിയ മലയാളികളുടെ മാതൃഭൂമിയിലേക്ക് വരാന്‍ ‘ടൈംസ് ഓഫ് ഇന്ത്യ’ മോഹിച്ചു തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. പിന്നെ എന്തുകൊണ്ട് ഇത്രയേറെ വൈകി എന്നാലോചിക്കുമ്പോഴാണ് എണ്‍പതുകളുടെ അന്ത്യത്തില്‍ കേരളത്തില്‍ നടന്ന അഭൂതപൂര്‍വമായൊരു മാധ്യമയുദ്ധം ഓര്‍മയില്‍ വരുന്നത്. അന്ന് ചെറുത്തുനിന്നവരാണ് ഇന്ന് ‘ടൈംസി’ന് ചുവപ്പ് പരവതാനി വിരിക്കുന്നതെന്നതിനെ വിധി വൈപരീത്യമെന്നോ വിരോധാഭാസമെന്നോ വിചിത്രമായ വൈരുദ്ധ്യമെന്നോ വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല. രാഷ്ട്രീയത്തിലെന്നതുപോലെ മാധ്യമ വ്യവസായത്തിലും സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നതാവാം ഈ സ്ഥിതിവിശേഷത്തിന്റെ സന്ദേശം.
‘ശത്രു’വെന്ന പദം ഇന്ന് പഴഞ്ചനാണ്. ‘പ്രതിയോഗി’ എന്ന പദമാണ് ഇന്ന് പൊതുവെ പ്രചാരത്തില്‍-രാഷ്ട്രീയത്തിലും വ്യവസായത്തിലും. പക്ഷെ മുംബൈ ആസ്ഥാനമായുള്ള ‘ടൈംസ് ഓഫ് ഇന്ത്യ’ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചിയില്‍നിന്ന് പ്രസിദ്ധീകരണം തുടങ്ങാന്‍ തുനിഞ്ഞപ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിച്ചത് അങ്ങേയറ്റത്തെ ശത്രുതയോടെയാണ്. കേരളത്തിലെ വലുതും ചെറുതുമായ പത്രങ്ങളൊക്കെ അറിഞ്ഞും അറിയാതെയും പൊതുശത്രുവിനെതിരെയുള്ള ആ യുദ്ധത്തില്‍ പങ്കാളികളായി. ‘ടൈംസി’നെ തുരത്താന്‍ വീറോടെയും വാശിയോടെയും അന്ന് പൊരുതിയവരില്‍ പ്രമുഖരാണ് ഇന്ന് മിത്രമായി പഴയ ശത്രുവിന് കേരളത്തിലേക്ക് വീഥിയൊരുക്കിയിട്ടുള്ളത്. ഇവിടെ ‘അവസാനത്തെ ചിരി’ ആരുടേതെന്നതാണ് സംശയം.
മലയാളത്തിലെ സാംസ്ക്കാരിക നായകന്മാരും സാഹിത്യകാരന്മാരും അന്ന് ആ മാധ്യമയുദ്ധത്തില് ‘ടൈംസി’നെതിരെ അണിനിരന്നു. മലയാള മാധ്യമരംഗം മഹാരാഷ്ട്രത്തിലെ കുത്തകമുതലാളിമാരുടെ കയ്യിലമരും എന്നതായിരുന്നു അന്ന് അവരുടെ ആരോപണവും ആശങ്കയും. സാഹിത്യകാരന്മാരെക്കൊണ്ട് പ്രചരണം അഴിച്ചുവിട്ടതിന് പുറമെ നിയമയുദ്ധവും നടത്തി. ഒടുവില്‍ ബെന്നറ്റ് കോള്മാന് കമ്പനി പിന്‍വാങ്ങുകയായിരുന്നു. തന്ത്രപരമായ ആ പിന്മാറ്റത്തിനാണ് ഇപ്പോള്‍ തിരശീല വീഴുന്നത്. മുന്നേറ്റത്തിനുള്ള ‘ടൈംസി’ന്റെ മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.
അന്നും ശത്രുപക്ഷത്ത് ‘ടൈംസി’ന് മിത്രങ്ങളുണ്ടായിരുന്നു എന്നതാണ് വിചിത്രം. അവരെ ഉപയോഗിച്ച് ശത്രുപാളയത്തില്‍ വിള്ളലുണ്ടാക്കി വിജയിക്കാനും ശ്രമം നടന്നു. അണിയറയില്‍ നടന്ന ആ നീക്കങ്ങള്‍ തുറന്ന് കാണിച്ച ഒരു പാവം റിപ്പോര്‍ട്ടര്‍ അന്ന് പ്രശ്നത്തിലായി. അയാളുടെ റിപ്പോര്‍ട്ട് പ്രശ്നമായി. പത്രപ്രവര്‍ത്തനരംഗത്ത് പിച്ചവച്ചു തുടങ്ങിയ അയാളെ പണിയില്‍നിന്ന് പറഞ്ഞുവിടുമെന്ന് പത്രം ഉടമ മുന്നറിയിപ്പ് നല്കി. അപ്രായോഗികവും അസാധ്യവുമായവയാണ് റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ എന്നു മാത്രമല്ല, അത് ‘ടൈംസിന്റെ ഒരു പ്ലാന്റ്’ ആണെന്നുവരെ ആരോപണമുയര്‍ന്നു. അന്ന് ‘പെയ്ഡ് ന്യൂസി’നെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാതിരുന്നതിനാലാവാം കൂലിക്കെഴുതിയെന്നാരും പറഞ്ഞില്ല. പക്ഷെ, മഹാനായ ആ മാധ്യമ ഉടമ ആരോപണവിധേയനായ തന്റെ റിപ്പോര്‍ട്ടറെ പറഞ്ഞുവിട്ടില്ലെന്നു മാത്രമല്ല പിന്നീടൊരു പ്രൊമോഷനും നല്കി. അത് അദ്ദേഹത്തിന്റെ മഹാമനസ്കത മൂലവും വസ്തുതകള്‍ അദ്ദേഹത്തിന് പിന്നീട് വ്യക്തമായതുകൊണ്ടും ആവാം.
ഇന്ത്യന്‍ മാധ്യമരംഗത്തെ ഭീഷ്മാചാര്യന് സാക്ഷാല്‍ രാമനാഥ് ഗോയങ്ക ആയിരുന്നു ആ മഹാനുഭാവന്. ഈയുള്ളവനായിരുന്നു ആ റിപ്പോര്‍ട്ടര്‍. അന്ന് ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്റെ സാമ്പത്തിക ദിനപത്രമായ ‘ഫിനാന്‍ഷ്യല്‍ എക്സ്പ്രസി’ന്റെ ലേഖകന്‍. ഒരു സാദാ റിപ്പോര്‍ട്ടറാണെങ്കിലും കേരളം മുഴുവന്‍ സാമ്രാജ്യമായി എന്റെ എഡിറ്റര്‍ എനിക്ക് അനുവദിച്ചു തന്നിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് ചെയര്മാന് രാമനാഥ്ജി താല്‍ക്കാലികമായി കൊച്ചിയില്‍ ‘ക്യാമ്പ്’ചെയ്യുന്ന കാലം. ‘ടൈംസ് ഓഫ്ഇന്ത്യ’ ‘മാതൃഭൂമി’ ഏറ്റെടുക്കാനും കേരളത്തില്‍ ‘എഡിഷന്’ തുടങ്ങാനും ശ്രമം നടത്തുന്നതിനെച്ചൊല്ലിയുള്ള വിവാദം കത്തിനില്ക്കുന്നു. ഒരു ദിവസം അതിരാവിലെ ‘ഇന്ത്യന്‍ എക്സ്പ്രസി’ലെ ലീലാമേനോന് എന്നെ ഫോണില്‍ വിളിക്കുന്നു. ‘ദ ചെയര്മാന് വാണ്ട്സ് ടു സ്പീക്ക് ടു യു’ എന്ന് ലീലചേച്ചി അറിയിച്ചപ്പോള്‍ എനിക്ക് അത് അവിശ്വസനീയമായി തോന്നി. തുടര്‍ന്ന് ‘ഇന്ത്യന്എക്സ്പ്രസി’ന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ഗോവിന്ദന്‍കുട്ടിയും ചെയര്‍മാനുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് എന്നെ അറിയിച്ചു. ഇത്ര വലിയൊരാള്, അതും എന്റെ ചെയര്മാന് അദ്ദേഹത്തിന്റെ ആയിരക്കണക്കിന് റിപ്പോര്ട്ടര്മാരില് ഒരാള്‍ മാത്രമായ എന്നെ ഫോണില്‍ വിളിച്ച് എന്തിന് സംസാരിക്കണമെന്നതായിരുന്നു എന്റെ ആകാംഷ. എന്നാല്‍ അതൊരു രോഷപ്രകടനമായിരുന്നു. ‘മാതൃഭൂമി’ ഉടമകളിലെ ഒരു വിഭാഗവും ‘ടൈംസ് ഓഫ് ഇന്ത്യ’ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ആര്.കൃഷ്ണമൂര്‍ത്തിയുമായി കൊച്ചിയിലെ ഒരു ഹോട്ടലില്‍ രഹസ്യചര്‍ച്ച നടന്നുവെന്ന് അന്നിറങ്ങിയ ‘ഫിനാന്‍ഷ്യല്‍ എക്സ്പ്രസി’ന്റെ ഒന്നാംപേജിലെ ‘ആങ്കര്‍ സ്റ്റോറി’യാണ് രാമനാഥ്ജിയെ പ്രകോപിപ്പിച്ചത്. ചില തല്‍പ്പരകക്ഷികളാണ് ആ റിപ്പോര്‍ട്ട് ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് അനുകൂലമാണെന്ന് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചത്. പത്രസ്ഥാപനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒരു റിപ്പോര്‍ട്ട് ‘പ്ലാന്റ്’ ചെയ്തു എന്ന അതീവ ഗുരുതരവും മാപ്പര്‍ഹിക്കാത്തതുമായ ആരോപണമാണ് എനിക്കെതിരെ. എന്റെ ഉദ്ദേശശുദ്ധിയും വാര്‍ത്തയ്ക്ക് പിന്നിലെ വസ്തുതകളും അദ്ദേഹത്തെ ബോധ്യപ്പെടുത്താനുള്ള എന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. കൂടുതല്‍ വിശദീകരിക്കുന്തോറും രാമനാഥ്ജി കൂടുതല്‍ കോപിഷ്ഠനായിക്കൊണ്ടിരുന്നു. ഇങ്ങനെയുള്ളൊരു റിപ്പോര്‍ട്ടറെ ഇനി എന്റെ സ്ഥാപനത്തില്‍ വേണ്ട എന്നുപറഞ്ഞാണ് അദ്ദേഹം ഫോണ്‍ വെച്ചത്. എന്റെ മാധ്യമജീവിതത്തിലെ ഏറ്റവും വലിയ ആ വിഷമസന്ധിയില്‍ എന്നെ സാന്ത്വനിപ്പിക്കാനും എന്നോടൊപ്പം നില്‍ക്കാനും അന്ന് ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ-അതിനുമുമ്പ് ഞാന്‍ ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള എന്റെ എഡിറ്റര്‍ സ്വാമിനാഥന് അയ്യര്‍ മാത്രം.
‘ടൈംസ് ഓഫ് ഇന്ത്യ’യുടെ കൊച്ചി എഡിഷന് യാഥാര്‍ത്ഥ്യമാവുന്നതോടെ കേരളത്തിലെ മാധ്യമരംഗം അഭൂതപൂര്‍വമായ മത്സരത്തിനും മാറ്റത്തിനും സാക്ഷ്യം വഹിക്കും. ആരും ഇന്ന് ‘ടൈംസി’നെ ‘ബോറിബന്തറിലെ മുത്തശ്ശി’ എന്ന് വിശേഷിപ്പിക്കാറില്ല. കാരണം ഇന്ത്യന്‍ മാധ്യമരംഗത്തെ നിത്യഹരിതനായികയാണ് ‘ടൈംസ് ഓഫ് ഇന്ത്യ’ ഇന്ന്. മാധ്യമരംഗത്തെ പല പരീക്ഷണങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്ക്കാരങ്ങള്‍ക്കും നാന്ദി കുറിച്ചത് ടൈംസ് മാനേജുമെന്റാണ്. ആദ്യമൊക്കെ അവയെ വിമര്‍ശിക്കുകയും പിന്നീട് അനുകരിക്കുകയുമാണ് മറ്റ് മാധ്യമ സ്ഥാപനങ്ങള്‍ ചെയ്തു വന്നിട്ടുള്ളത്-‘ഇന്‍വിറ്റേഷന്‍ പ്രൈസി’ന്റെ കാര്യത്തിലും ‘പ്രൈസ് വാറി’ന്റെ കാര്യത്തിലും ‘അഡ്വെര്ട്ടോറിയലി’ന്റെ കാര്യത്തിലുമൊക്കെ. എന്തിനേറെ ഏറ്റവുമൊടുവില്‍ പെയ്ഡ് ന്യൂസ് വരെ ആവാമെന്നായിട്ടുണ്ട് ചിലരെ സംബന്ധിച്ചിടത്തോളം.
ഇരുപത് വര്‍ഷം മുമ്പുവരെ ‘ഇന്ത്യന്‍ എക്സ്പ്രസ്’ മാത്രമായിരുന്നു കേരളത്തില്‍ എഡിഷനുള്ള ഏക ഇംഗ്ലീഷ് ദിനപത്രം. അതിന് മുമ്പ് ഉണ്ടായിരുന്നത് കേരളത്തിന്റെ മാത്രമായിരുന്ന തൃശ്ശൂരിലെ പഴയ ‘എക്സ്പ്രസ്’ ഉടമകളുടെ ‘കേരള ക്രോണിക്കിള്‍’ ആണ്. പിന്നെ ‘ദ ഹിന്ദു’ തിരുവനന്തപുരത്തും പിന്നീട് കൊച്ചിയിലും എഡിഷനുകള്‍ തുടങ്ങി. ഇന്ത്യന്‍ എക്സ്പ്രസ് കൊച്ചി കൂടാതെ തിരുവനന്തപുരത്തും കോഴിക്കോട്ടും തുടങ്ങി ‘ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ ആയി പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഏതാനും മാസങ്ങള്‍ മുമ്പ് ‘ഡെക്കാന്‍ ക്രോണിക്കി’ളും കൊച്ചിയിലെത്തി. ‘ടൈംസി’ന്റെ വരവോടെ മറ്റ് ചില ഇംഗ്ലീഷ് പത്രങ്ങളും കേരളത്തില്‍ കണ്ണുവെച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനിടെ ഒരു മലയാളം ചാനല്‍ അച്ചടിമാധ്യമരംഗത്ത് കടന്നുവരാന്‍ ആഗ്രഹിക്കുന്നതായും കേട്ടിരുന്നു. എന്നാല്‍ ആധികാരികമായ കണക്കുകള്‍പ്രകാരം കേരളത്തില്‍ ഇംഗ്ലീഷ് പത്രങ്ങളുടെ ‘ആവറേജ് ഇഷ്യൂ റീഡര്‍ഷിപ്പ്’ (എഐആര്‍) കാര്യമായി കുറഞ്ഞുവരുന്നതായാണ് അടുത്ത കാലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐടി വിപ്ലവത്തിന്റെയും ഐടി സ്ഥാപനങ്ങളുടെയും വികാസത്തിന്റെ വെളിച്ചത്തില്‍ മലയാളം അറിയാത്തതും ഇംഗ്ലീഷ് ഇഷ്ടപ്പെടുന്നതുമായ പുതിയൊരു ജനവിഭാഗത്തിന്റെ സാന്നിദ്ധ്യം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നുവെന്നതും വസ്തുതയാണ്. ഈ പശ്ചാത്തലത്തിലാണ് ‘ടൈംസി’ന്റെ കടന്നുവരവ്. വാര്‍ത്തയെക്കുറിച്ചും വാര്ത്താവതരണത്തെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്ന ‘ടീം ടൈംസ് ഓഫ് ഇന്ത്യ’ മാധ്യമസാക്ഷരതയേറിയ മലയാള നാട്ടില്‍ എന്തൊക്കെ പുതിയ പരീക്ഷണങ്ങളാവും നടത്തുകയെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.
‘ടൈംസി’ന്റെ വരവോടെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന കേരളത്തിലെ മാധ്യമരംഗത്തെ കുറിച്ച് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ആഗോള മാധ്യമഭീമന് റൂപര്‍ട്ട് മര്‍ഡോക് മൂക്കു കുത്തിയ വാര്‍ത്ത വന്നെത്തുന്നത്. മാധ്യമലോകത്തെ മാത്രമല്ല ലോകരാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളുടെ വരെ ‘അജണ്ട’ തയ്യാറാക്കിക്കൊണ്ടിരുന്ന മര്‍ഡോക്കിന്റെ പതനം സ്വയംകൃതാനര്‍ത്ഥം എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാമെങ്കിലും അത് നല്കുന്ന മുന്നറിയിപ്പോ താക്കീതോ വളരെ വലുതാണ്. തന്റെ മാധ്യമമഹാസാമ്രാജ്യം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ മര്‍ഡോക്കും ഉദ്ദേശിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലിന്റെ ഓഹരികള്‍ മര്‍ഡോക് വാങ്ങിക്കൂട്ടിയത് അതിന്റെ ആരംഭമായിരിക്കണം. പക്ഷെ ‘ടൈംസി’ന്റെ ഇരുപതാണ്ട് മുമ്പുള്ള ശ്രമത്തെ വന്‍വിവാദമുയര്‍ത്തി ചെറുത്തവരാരും മര്‍ഡോക്കിന്റെ വരവ് കണ്ടതായി നടിച്ചില്ല. പ്രതികരിക്കാനും പ്രതിഷേധിക്കാനും ഒരു പിണറായി വിജയന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ പ്രിയശിഷ്യനാവട്ടെ പാര്‍ട്ടി ചാനലില്‍നിന്ന് പിന്നീട് പോയത് മര്‍ഡോക്കിന്റെ ചാനലിലേയ്ക്കും.
-ഹരി എസ.് കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: