Categories: Ernakulam

കായല്‍പരപ്പുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു

Published by

പള്ളുരുത്തി: മേഖലയിലെ കായല്‍ പരപ്പുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു. ദിനംപ്രതി ടണ്‍ കണക്കിന്‌ മാലിന്യങ്ങളാണ്‌ തള്ളപ്പെടുന്നത്‌. ജൈവ-അജൈവ മാലിന്യങ്ങളും ഇതില്‍ ഉള്‍പ്പെടും. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ മത്സ്യ സംസ്കരണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്‌ പശ്ചിമകൊച്ചി പ്രദേശത്താണ്‌.

മത്സ്യസംസ്കരണ ശാലകളില്‍ ഒന്നും തന്നെ മാലിന്യ സംസ്കരണത്തിന്‌ സംവിധാനമില്ലെന്നതാണ്‌ വസ്തുത. കമ്പനികള്‍ അനുവദിക്കുമ്പോള്‍ തന്നെ മാലിന്യം സംസ്കരിക്കുന്നതിനും മലിനജലം സംസ്കരിക്കുന്നതിനും സംവിധാനം വേണമെന്നുള്ള നിര്‍ദ്ദേശവും ഇവിടെ അവഗണിക്കപ്പെടുകയാണ്‌.

കമ്പനി അധികൃതര്‍ കരാറുകാരെക്കൊണ്ടാണ്‌ മാലിന്യം സ്ഥാപനത്തില്‍ നിന്നും നീക്കം ചെയ്യുന്നത്‌. ആലപ്പുഴ ജില്ലയിലെ അരൂര്‍, എഴുപുന്ന പ്രദേശങ്ങളിലാണ്‌ മാലിന്യ നിക്ഷേപം ഏറ്റെടുക്കാന്‍ ഏജന്റുമാര്‍ ഉള്ളത്‌. ഇവര്‍ ഏറ്റെടുക്കുന്ന മാലിന്യം ഏറ്റവും എളുപ്പത്തില്‍ കായലില്‍ തള്ളുകയാണ്‌ പതിവ്‌. പെരുമ്പടപ്പ്‌ പാലത്തില്‍ നിന്നും കഴിഞ്ഞ ദിവസം കായലില്‍ മാലിന്യം നിക്ഷേപിക്കാന്‍ എത്തിയ കരാറുകാരുടെ തൊഴിലാളികളുമായി മത്സ്യത്തൊഴിലാളികള്‍ സംഘര്‍ഷത്തില്‍ എത്തിയിരുന്നു.

അരൂര്‍ പാലം, പഷ്ണിത്തോട്‌, ഹാര്‍ബര്‍ പാലം എന്നിവ മാലിന്യം കായലിലേക്ക്‌ തള്ളുവാനുള്ള സ്ഥലമായി കരാറുകാര്‍ ഉപയോഗിച്ച്‌ വരുകയാണ്‌. ഇത്തരക്കാര്‍ക്കെതിരെ മത്സ്യത്തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചെങ്കിലും നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പ്രദേശത്ത്‌ സ്ഥിതി ചെയ്യുന്ന അറവുശാലകളില്‍ നിന്നുമുള്ള മാലിന്യവും എത്തപ്പെടുന്നത്‌ കായലില്‍ തന്നെയാണ്‌.

കഴിഞ്ഞ ദിവസം പഷ്ണിത്തോട്ടില്‍ ടണ്‍ കണക്കിന്‌ കോഴിക്കാലുകള്‍ നിക്ഷേപിച്ചതിന്‌ പിന്നിലും ഇത്തരത്തിലുള്ള കരാറുകാരാണ്‌. ഇവര്‍ക്കെതിരെ നടപടി വേണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by