Categories: Kerala

അഡ്വ. ടി.പി. സുന്ദരരാജന്‍ അന്തരിച്ചു

Published by

തിരുവനന്തപുരം: പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തിന്റെ കണക്കെടുപ്പ്‌ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ അഡ്വക്കേറ്റ്‌ ടി.പി സുന്ദരരാജന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്ത്‌ സ്വവസതിയിലായിരുന്നു അന്ത്യം.

ഐ.പി.എസ്‌ ഉദ്യോഗസ്ഥനായിരുന്ന സുന്ദര്‍രാജന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ്‌ ഇപ്പോള്‍ പദ്‌മനാഭസ്വാമിക്ഷേത്രത്തിലെ സമ്പത്തിന്റെ കണക്കെടുപ്പ്‌ നടന്നുവരുന്നത്‌. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ബി സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു സുന്ദരരാജന്‍. ഇപ്പോഴത്തെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണനും അന്ന്‌ ഐ.ബിയിലുണ്ടായിരുന്നു.

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്ന സുന്ദരരാജന്‍ ഏറെക്കാലം ദില്ലിയിലായിരുന്നു. സുന്ദരരാജിന്റെ അച്ഛന്‍ ടി.കെ. പദ്‌മനാഭ അയ്യര്‍ക്ക്‌ പ്രമേഹം ബാധിച്ച്‌ കാഴ്ച നഷ്‌ടപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന്‌ കൊണ്ടുപോകാന്‍ ആളില്ലാതായി. അതിനായി അവിവാഹിതനായ സുന്ദര്‍രാജ്‌ ജോലി രാജിവച്ച്‌ നാട്ടിലെത്തി. അച്ഛനെ ക്ഷേത്ര ദര്‍ശനത്തിന്‌ കൊണ്ടു പൊയ്‌ക്കൊണ്ടിരുന്ന സുന്ദര്‍രാജ്‌ എന്‍റോള്‍ ചെയ്‌ത്‌ സുപ്രീം കോടതിയില്‍ അഭിഭാഷകനുമായി. പിന്നീട്‌ പ്രാക്‌ടീസ്‌ നിര്‍ത്തി പൂര്‍ണസമയവും ഭക്തിയുടെ വഴിയിലായിരുന്നു.

സുന്ദരരാജന്‍ ലാ കോളേജിലും ലാ അക്കാഡമിയിലും വിസിറ്റിംഗ്‌ പ്രൊഫസറുമായിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോകുന്നുണ്ടെന്ന് ആരോപിച്ച്‌ കോടതിയെ സമീപിച്ചതോടെയാണ്‌ സുന്ദരരാജന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by