മലപ്പുറം: വേങ്ങര കണ്ണമംഗലം ഊരകം മലയില്‍ ക്രഷര്‍ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ്ട് നാലു തൊഴിലാളികള്‍ മരിച്ചു. അഞ്ചു പേര് സ്ലാബ് തകര്‍ന്നു വീഴുന്നതിനിടെ അത്ഭുതകരമായി രക്ഷപെട്ടു.
ബംഗാള്‍ സ്വദേശി ബക്കര്‍ സദല്‍ (27), തിരുവമ്പാടി മരഞ്ചാട്ടി സ്വദേശി പാപ്പച്ചന് (60), താമരശേരി സ്വദേശി മുത്തു (40), ചുണ്ടത്തുപൊയില്‍ സ്വദേശി ശ്രീനിവാസന് (40) എന്നിവരാണ് മരിച്ചത്. ക്രഷര്‍ നിര്‍മാണത്തിന് മലയില്‍ നിന്ന് മണ്ണെടുത്ത സ്ഥലത്തു കോണ്‍ക്രീറ്റ് ഭിത്തി കെട്ടിയിരുന്നു. ഈ ഭിത്തിയാണ് തൊഴിലാളികളുടെ ദേഹത്തേക്കു തകര്‍ന്നു വീണത്.
ശക്തമായ മഴ പെയ്തതോടെ ജോലി നിര്‍ത്തി തൊഴിലാളികള്‍ സമീപത്തെ കോണ്‍ക്രീറ്റ് ഭിത്തിക്കരികിലേക്കു മാറിനില്‍ക്കവെയാണ് പൊടുന്നനെ ഭിത്തി തകര്‍ന്നുവീഴുകയായിരുന്നു. കണ്ണയത്തു ബാവ എന്നയാളുടേതാണ് നിര്‍മാണത്തിലിരിക്കുന്ന ക്രഷര്‍. ജെ.സി.ബി ഉപയോഗിച്ച് മണ്ണു മാറ്റി ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു സ്ലാബ് മുറിച്ച് ഇവരെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയിരുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
മലപ്പുറം സി.ഐ ടി.വി. വിജയന്, എസ്.ഐ കെ.സി. ബാബു, ഫയര്‍ ആന്‍ഡ് റസ്ക്യൂ ഉദ്യോഗസ്ഥര്‍, ഡി.എം.ഒ ഡോ. സെക്കീന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: