Categories: World

ശശികലടീച്ചര്‍ക്ക്‌ അമേരിക്കയില്‍ വന്‍സ്വീകരണം

Published by

ന്യൂയോര്‍ക്ക്‌ : ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ക്ക്‌ അമേരിക്കയില്‍ വന്‍ സ്വീകരണം. വാഷിംഗ്ടണില്‍ നടന്ന കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ്‌ ടീച്ചര്‍ അമേരിക്കയില്‍ എത്തിയത്‌. കണ്‍വെന്‍ഷന്‍ വേദിയിലെ ടീച്ചറുടെ പ്രസംഗം ശ്രോതാക്കള്‍ക്കെല്ലാം പുതിയൊരനുഭവമായിരുന്നു. കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്ന ദുരിതങ്ങള്‍ മനസ്സില്‍ തറയ്‌ക്കുന്ന ഭാഷയില്‍ ടീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായി. മതംമാറ്റത്തിന്റെ ഭീകരമുഖവും രാഷ്‌ട്രീയമായി ഒതുക്കപ്പെടുന്നതിന്റെ യഥാര്‍ത്ഥ ചിത്രവും ശശികല ടീച്ചര്‍ വരച്ചുകാട്ടി. സദസ്സിലുള്ളവര്‍ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ്‌ കയ്യടിച്ചാണ്‌ പ്രസംഗത്തോട്‌ പ്രതികരിച്ചത്‌.

പ്രസംഗം കഴിഞ്ഞ ഉടന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുവന്ന പ്രതിനിധികള്‍ ടീച്ചറെ വളഞ്ഞു. എല്ലാവര്‍ക്കും സ്വന്തംസ്റ്റേറ്റില്‍ പ്രസംഗം വേണം. തുടര്‍ന്ന്‌ ആദ്യപരിപാടി ന്യൂയോര്‍ക്കിലായിരുന്നു. കെഎച്ച്‌എന്‍എ, മഹിമ, എംബിഎ, എസ്‌എന്‍എ, അയ്യപ്പസേവാസംഘം തുടങ്ങി എല്ലാ ഹിന്ദുസംഘടനകളുടെയും നേതൃത്വത്തില്‍ ക്യൂന്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രണ്ടുമണിക്കൂര്‍ ശശികലടീച്ചര്‍ പ്രസംഗിച്ചു. എന്‍ബിഎയുടെ പ്രത്യേക പരിപാടിയിലും വിവിധ വീടുകളില്‍ നടന്ന സത്സംഗങ്ങളിലും ടീച്ചര്‍ പങ്കെടുത്തു.

ലോസ്‌ആഞ്ചലസ്സില്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഹിന്ദു മലയാളിസ്‌(ഓം) ആണ്‌ ശശികലടീച്ചറിന്‌ ആതിഥേയത്വം നല്‍കിയത്‌. പ്രസംഗം കേള്‍ക്കാന്‍ പ്രമുഖരായ നിരവധിപേര്‍ എത്തി. ചിക്കാഗോയില്‍ ഗീതാമണ്ഡലവും ഹൂസ്റ്റണില്‍ ഹിന്ദുസൊസൈറ്റിയുടെയും നേതൃത്വത്തിലാണ്‌ ശശികലടീച്ചറിന്റെ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചത്‌. വാഷിംഗ്ടണില്‍ മറ്റൊരു പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്‌.

അമേരിക്കയില്‍ താമസിക്കുന്ന മലയാളി ഹിന്ദുക്കളില്‍ കൂടുതല്‍ ഐക്യബോധം സൃഷ്ടിക്കാന്‍ ശശികലടീച്ചറിന്റെ സാന്നിധ്യത്തിനും പ്രസംഗത്തിനും കഴിഞ്ഞു എന്ന അഭിപ്രായമാണ്‌ ഇവിടുത്തെ ഹിന്ദുസംഘനേതാക്കള്‍ക്ക്‌.

വാഷിംഗ്ടണ്‍ കണ്‍വന്‍ഷന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ശശികലടീച്ചറിന്റെ പ്രസംഗമായിരുന്നുവെന്ന്‌ കെഎച്ച്‌എന്‍എ പ്രസിഡന്റ്‌ എം.ജി.മേനോന്‍ അഭിപ്രായപ്പെട്ടു. കെഎച്ച്‌എന്‍എയുടെ പ്രമുഖ നേതാക്കളായ അനില്‍കുമാര്‍പിള്ള, ശശിധരന്‍നായര്‍, ഗണേശ്നായര്‍, രാജുനാണു, പാര്‍ത്ഥസാരഥിപിള്ള, വിനോദ്‌ ബാഹുലേയന്‍, സോമരാജന്‍നായര്‍, അരവിന്ദ്പിള്ള തുടങ്ങിയവരൊക്കെ അടുത്ത കണ്‍വന്‍ഷനിലും ശശികലടീച്ചറിന്റെ പ്രസംഗം ഉണ്ടായിരിക്കണം എന്ന നിലപാടിലാണ്‌. ഫ്ലോറിഡയില്‍ നടക്കുന്ന കണ്‍വെന്‍ഷനിലും ടീച്ചര്‍ മുഖ്യാതിഥികളില്‍ ഒരാളായിരിക്കുമെന്ന്‌ പുതിയ പ്രസിഡന്റ്‌ അനന്ദന്‍ നിരവേല്‍ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by