Categories: Ernakulam

കുമ്പളങ്ങി – ചെല്ലാനം സുസ്ഥിര സമഗ്ര കാര്‍ഷിക വില്ലേജ്‌ പദ്ധതി നടപ്പാക്കും

Published by

കൊച്ചി: കുമ്പളങ്ങി – ചെല്ലാനം സുസ്ഥിര സമഗ്ര കാര്‍ഷിക വില്ലേജ്‌ പദ്ധതി രാജ്യത്തിനാകെ മാതൃകയാകുന്ന പദ്ധതിയായി മാറുമെന്ന്‌ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌. കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിക്ക്‌ കീഴില്‍ നടത്തും. പുതിയ തലമുറയെ കാര്‍ഷികവൃത്തിയോട്‌ ആഭിമുഖ്യമുള്ളവരാക്കി തീര്‍ക്കുന്നതിന്‌ നിരവധി പദ്ധതികള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുമെന്നും ഇതിനായി സ്കൂള്‍ തലം മുതല്‍ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പ്രൊഫ. കെ.വി. തോമസ്‌.

നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തെങ്ങു കയറ്റ യന്ത്രം ഉപയോഗിക്കുന്നതിനുള്ള പരിശീലനം ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നല്‍കും. കരിക്ക്‌ പാര്‍ലറുകള്‍ തുടങ്ങുന്നതിനും ബോര്‍ഡ്‌ സഹായം നല്‍കും. പശുക്കളെ വളര്‍ത്തുന്നതിന്‌ ലൈവ്‌ സ്റ്റോക്ക്‌ ഡവലപ്മെന്റ്‌ ബോര്‍ഡ്‌ സഹായം നല്‍കും. തീറ്റപ്പുല്‍ക്കൃഷിയിലും പശുപരിപാലനത്തിലും മാട്ടുപ്പെട്ടിയിലെ ഇന്‍ഡോ സ്വിസ്‌ പ്രൊജക്ടിലാണ്‌ കര്‍ഷകര്‍ക്ക്‌ പരിശീലനം നല്‍കുക. പാല്‍ സംസ്കരിച്ച്‌ ബ്രാന്‍ഡ്‌ ചെയ്ത്‌ വില്‍ക്കുന്നതിനടക്കം കര്‍ഷകരെ പ്രാപ്തരാക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

പച്ചക്കറിക്കൃഷി വികസനത്തിനായി കൃഷി വകുപ്പിന്റെ കീഴില്‍ പ്രത്യേകപരിപാടി ആവിഷ്കരിക്കും. സ്കൂളുകളില്‍ പച്ചക്കറിക്കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കും. ഫിഷറീസ്‌ വകുപ്പ്‌, സിഫ്റ്റ്‌, ഫിഷറീസ്‌ സര്‍വകലാശാല എന്നിവയും സംയുക്തമായി വിവിധ പദ്ധതികള്‍ നടപ്പാക്കും. പൊക്കാളി നെല്ലും മത്സ്യവും ഒന്നിച്ച്‌ കൃഷി ചെയ്യുന്നതിനുള്ള പദ്ധതി, അലങ്കാര മത്സ്യക്കൃഷി, വനിത സംഘങ്ങള്‍ക്ക്‌ മത്സ്യം, കക്ക എന്നിവ ഉപയോഗിച്ച്‌ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച്‌ വില്‍പന നടത്തുന്നതിനുള്ള സൗകര്യം എന്നിവയും നടപ്പാക്കും. കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലെ മത്സ്യ മാര്‍ക്കറ്റുകള്‍ നവീകരിക്കുമെന്നും പ്രൊഫ. കെ.വി. തോമസ്‌ അറിയിച്ചു.

സ്കൂളുകളില്‍ വിദ്യാര്‍ഥി ക്ലബ്ബുകള്‍ രൂപീകരിച്ച്‌ കോഴി, മുയല്‍ വളര്‍ത്തലിന്‌ പ്രോത്സാഹനം നല്‍കും. പഞ്ചായത്തിലെ തോടുകള്‍ വൃത്തിയാക്കി വശം കെട്ടി സംരക്ഷിക്കുന്നതിനുള്ള പദ്ധതി ഇറിഗേഷന്‍ വകുപ്പ്‌ നടപ്പാക്കും. വിജയം കനാല്‍ ശുചീകരണവും ഇതിന്റെ ഭാഗമായി നടപ്പാക്കും. വിവിധ പദ്ധതികള്‍ക്കായി കൃഷി വിജ്ഞാന കേന്ദ്രം സര്‍വെ നടത്തുമെന്നും മന്ത്രി പറഞ്ഞു.

നാളികേര വികസന ബോര്‍ഡ്‌, ഫിഷറീസ്‌ സര്‍വകലാശാല, കൃഷി വകുപ്പ്‌, സിഫ്റ്റ്‌, കൃഷി വിജ്ഞാനകേന്ദ്രം, ഫിഷറീസ്‌ വകുപ്പ്‌, ഡയറി – മൃഗസംരക്ഷണ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ, പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സുധാംബിക, ജില്ലാ പഞ്ചായത്ത്‌ അംഗം കെ.ജെ. ലീനസ്‌, കുമ്പളങ്ങി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ പ്രദീപ്‌, ചെല്ലാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. തങ്കച്ചന്‍, കെ.എല്‍.ഡി.ബി മാനേജിങ്‌ ഡയറക്ടര്‍ ഡോ. അനി.എസ്‌. ദാസ്‌, പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഡോ. മുരളീധരമേനോന്‍, കുമ്പളങ്ങി മോഡല്‍ ടൂറിസം ഡവലപ്മെന്റ്‌ സൊസൈറ്റി പ്രസിഡന്റ്‌ എം.പി. ശിവദത്തന്‍, സെക്രട്ടറി ഷാജി കുറുപ്പശ്ശേരി, കെ.എസ്‌. ജൂലപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by