Categories: India

ഭക്രാനംഗല്‍ അണക്കെട്ടിന് ഭീകര ഭീഷണി

Published by

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭംക്രാനംഗല്‍ വര്‍ഷക്കാലത്ത്‌ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടെന്ന് ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. തീവ്രവാദ സംഘടനകളായ ലഷ്കര്‍ ഇ തോയിബയും ജമാത്ത്‌ ഉദ്‌ ദാവയുമാണ് ആക്രമണത്തിന്‌ ആസൂത്രണമിട്ടിരിക്കുന്നത്.

ഭീഷണിയെ തുടര്‍ന്ന് അണക്കെട്ടിന്‌ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഹിമാചല്‍ പ്രദേശ്‌ സര്‍ക്കാരിനോട്‌ ഐ.ബി ആവശ്യപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ്‌ കൂടുന്നതിനാലാണ്‌ ആക്രമണത്തിന്‌ വര്‍ഷക്കാലം തിരഞ്ഞെടുക്കാന്‍ കാരണമെന്നും ഏറ്റവും കൂടുതല്‍ നാശനഷ്‌ടമാണ്‌ ഭീകരര്‍ ലക്ഷ്യമിടുന്നതെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

9300 മില്യണ്‍ സി.സി ജലം ഉള്‍ക്കൊള്ളുന്ന അണക്കെട്ടില്‍ ശേഖരിച്ച ജലം പുറത്തേക്ക്‌ ഒഴുകുകയാണെങ്കില്‍ അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്‌, ഹരിയാന, ന്യൂദല്‍ഹി എന്നിവിടങ്ങളിലെ വീടുകളും കൃഷിയുമുള്‍പ്പെടെ പൂര്‍ണമായും ഒഴുകി പോയി കനത്ത നാശനഷ്‌ടമുണ്ടാകുമെന്ന്‌ വിദഗ്‌ദ്ധര്‍ മുന്നറിയിപ്പ്‌ നല്‍കി.

അണക്കെട്ട്‌ കയറുന്നതിനും ജലത്തിനടിയില്‍ നീന്തുന്നതിനുമുള്‍പ്പെടെയുള്ള പ്രത്യേക പരിശീലനവും തീവ്രവാദികള്‍ക്ക്‌ നല്‍കുന്നതായും ഐ.ബി റിപ്പോര്‍ട്ട്‌ ചെയ്‌തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by