Categories: Ernakulam

കുമ്പളം ടോള്‍പ്ലാസയിലെ ടോള്‍പിരിവ്‌ വീണ്ടും മുടങ്ങി

Published by

കുമ്പളം: വ്യാഴാഴ്ച അര്‍ദ്ധരാത്രിയ്‌ക്കുശേഷം തുടങ്ങാനിരുന്ന കുമ്പളം ടോള്‍പ്ലാസയിലെ ടോള്‍പിരിവ്‌ വീണ്ടും മുടങ്ങി. ടോള്‍ പിരിവിനെതിരെ ഇരുപതോളം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞമാസം ആരംഭിച്ച ടോള്‍പിരിവ്‌ തുടങ്ങിയ ഉടന്‍തന്നെ നിര്‍ത്തിവലയ്‌ക്കുകയായിരുന്നു.

ടോള്‍പ്ലാസയില്‍ അത്യാവശ്യം ഏര്‍പ്പെടുത്തേണ്ടതായ ആംബുലന്‍സ്‌, ക്രെയിന്‍, വഴിവിളക്കുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമാക്കുവാന്‍ സാധിക്കാത്തതിനാലാണ്‌ ടോള്‍പിരിവ്‌ യഥാസമയം ആരംഭിയ്‌ക്കുവാന്‍ കഴിയാത്തതെന്ന്‌ ദേശീയ പാത അധികൃതര്‍ പറഞ്ഞു.

വെള്ളിയാഴ്ച എഐവൈഎഫ്‌, ദേശിയപാതാ സംരക്ഷണ സമിതി, എസ്‌യുസിഐ, പിഡിപി, തുടങ്ങിയ അഞ്ചോളം സംഘടനകളുടെ നേതൃത്വത്തില്‍ കുമ്പളം ടോള്‍പ്ലാസയിലേക്ക്‌ പ്രതിഷേധമാര്‍ച്ച്‌ നടന്നു. പ്രതിഷേധക്കാരെ പനങ്ങാട്‌ പോലീസെത്തി അറസ്റ്റ്‌ ചെയ്തു നീക്കി. കുമ്പളത്തെ ടോള്‍പിരിവിനെതിരെ ശക്തമായപ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ വിവിധ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

അരുര്‍ മുതല്‍ ഇടപ്പള്ളിവരെയുള്ള പതിനാറരകിലോമീറ്റര്‍ പുതുതായി നിര്‍മിച്ച നാലുവരി പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ്‌ കുമ്പളത്ത്‌ ടോള്‍പിരിവ്‌ ആരംഭിയ്‌ക്കുവാനൊരുങ്ങുന്നത്‌. നാലുവരി പാതയുടെ നിര്‍മാണ കാലാവധി രണ്ടുതവണ നിട്ടികൊടുത്തെങ്കിലും നാളിതുവരെയായിട്ടും പണിപൂര്‍ത്തികരിയ്‌ക്കുവാന്‍ കരാര്‍ കമ്പനിയ്‌ക്കായിട്ടില്ല.

ക്രാഷ്ബാരിയര്‍, അടിപാതകള്‍, സര്‍വീസ്‌ റോഡുകള്‍, ബസ്സ്റ്റോപ്പുകള്‍ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയാക്കുവാന്‍ കരാര്‍ കമ്പനിയ്‌ക്കായിട്ടില്ല. ഇതൊന്നുമില്ലാതെ അമിതനിരക്കിടാക്കികൊണ്ടുള്ള കുമ്പളത്തെ ടോള്‍ പിരിവിനെതിരെയാണ്‌ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by