പള്ളുരുത്തി (കൊച്ചി): വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചശേഷം തിരിച്ചയക്കപ്പെട്ട കോഴിക്കാലുകള്‍ ഇടക്കൊച്ചി പഷ്ണിത്തോട്ടില്‍ തള്ളിയത് വിവാദമാകുന്നു. വ്യാഴാഴ്ചയാണ് സംഭവം.
ചൈനയിലേക്കും, തായ്വാനിലേക്കും ഇറച്ചിക്കോഴികളുടെ കാലുകളുടെ അഗ്രഭാഗം മുറിച്ചെടുത്ത് കയറ്റി അയക്കുന്ന ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ചാണ് പ്രധാനമായും കയറ്റുമതി നടക്കുന്നത്. ഇറച്ചിക്കടകളില്‍ നിന്നും, അടിയന്തരങ്ങള്‍ നടക്കുന്ന വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ശേഖരിച്ചെടുക്കുന്ന കോഴിക്കാലുകളാണ് ക്ലീന്‍ ചെയ്ത് കണ്ടെയ്നറുകളിലാക്കി കയറ്റി അയക്കുന്നത്. ഇങ്ങനെ കയറ്റി അയക്കപ്പെട്ടതും വിദേശങ്ങളില്‍ നിന്നും തിരിച്ചയച്ചതുമായ കാലുകളാണ് പഷ്ണിത്തോട്ടില്‍ തള്ളിയത്. കോഴിക്കാലുകള്‍ക്ക് വിദേശത്ത് വന്‍ ഡിമാന്റാണത്രെ. സമീപകാലത്ത് നിരവധി കണ്ടെയ്നര്‍ കോഴിക്കാലുകള്‍ വിദേശത്തുനിന്നും മടക്കിയതായാണ് വിവരം.
മാസങ്ങള്‍ പഴക്കമുള്ള കാലുകളാണ് തോട്ടില്‍ തള്ളിയിട്ടുള്ളതെന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പള്ളുരുത്തിയിലെ ചില ഫാക്ടറികള്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ചില ഫാക്ടറികളില്‍ നിന്നും കോഴിക്കാലുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. അറവുമാലിന്യങ്ങളും ജൈവ മാലിന്യങ്ങളും തള്ളുന്ന സ്ഥലമായി പഷ്ണിത്തോട് മാറിയതായി നാട്ടുകാര്‍ പരാതിപ്പെട്ടു. കാലുകള്‍ തോട്ടില്‍ തള്ളിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമേശന് പറഞ്ഞു.
ഫെബ്രുവരി 22ന് തായ്വാനില് നിന്നും തിരിച്ചയച്ച രണ്ട് നാല്പ്പതടി കണ്ടെയ്നര്‍ കോഴിക്കാലുകള്‍ ജൂണ്‍ 10ന് കമ്പനി അധികൃതര്‍ ഒപ്പിട്ട് വാങ്ങിയതായും ആരോഗ്യവകുപ്പ് ഇന്‍സ്പെക്ടര്‍ രമേശന് പറഞ്ഞു. കമ്പനിക്ക് നോട്ടീസ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: