Categories: Ernakulam

നഗരം പനിച്ചൂടില്‍ ; ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

Published by

കൊച്ചി : തകര്‍ത്തു പെയ്യുന്ന മഴയ്‌ക്കിടയിലും നഗരം പനിച്ചൂടില്‍ വിറയ്‌ക്കുന്നു. ജില്ലയില്‍ പനി ബാധിച്ച്‌ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിവസംപ്രതി വര്‍ദ്ധിക്കുകയാണ്‌. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ അഡ്മിറ്റ്‌ ചെയ്തവരില്‍ കൂടുതലും പനി ബാധിതരാണ്‌.

സാധാരണ പനി മാത്രമല്ല, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, മലേറിയ, എലിപ്പനി, ടൈഫോയിഡ്‌ കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. ഇരുന്നൂറോളം രോഗികളാണ്‌ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നലെ ചികിത്സതേടിയെത്തിയത്‌. പത്തോളം പേരെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്‌. കഴിഞ്ഞയാഴ്ചയില്‍ പനി ബാധിച്ച്‌ രണ്ട്‌ പേര്‍ മരിച്ചു. പറവൂര്‍, കോതമംഗലം ഭാഗങ്ങളിലാണ്‌ പനിബാധിതര്‍ കൂടുതല്‍. മിക്ക പ്രദേശങ്ങളിലും വയറിളക്കവും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌.

അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായ പെരുമ്പാവൂരിലും പ്രാന്ത പ്രദേശങ്ങളിലും മലേറിയ പടര്‍ന്നു പിടിക്കുന്നുണ്ട്‌. വേങ്ങൂര്‍ മേഖലയില്‍ പണിയെടുക്കുന്ന രണ്ട്‌ അന്യസംസ്ഥാന തൊഴിലാളികളില്‍ മലേറിയ സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചക്കിടെ ആറുപേര്‍ക്കാണ്‌ എലിപ്പനി സ്ഥിരീകരിച്ചത്‌. അഞ്ചുപേര്‍ക്ക്‌ മലേറിയയും ഒരാള്‍ക്ക്‌ ചിക്കുന്‍ഗുനിയയും രണ്ട്‌ പേര്‍ക്ക്‌ ടൈഫോയിഡും ബാധിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ഒരാള്‍ക്ക്‌ അഞ്ചാംപനിയും മൂന്ന്‌ പേര്‍ക്ക്‌ ചിക്കന്‍പോക്സും ബാധിച്ചിട്ടുണ്ട്‌.

പെരുമ്പാവൂര്‍ മേഖലയില്‍ 825 ഓളം പേര്‍ പനിക്ക്‌ ചികിത്സ തേടിയിരുന്നു. പനിക്കാരുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും മാരകമായ പകര്‍ച്ചപ്പനികളൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. എറണാകുളം ജില്ലാ ആശുപത്രിയില്‍ പനിബാധിതരായി 300 ഓളം പേരാണ്‌ ഇന്നലെ ചികിത്സ തേടിയെത്തിയത്‌. 20 പേരെയോളം അഡ്മിറ്റു ചെയ്തിട്ടുണ്ട്‌. പറവൂരില്‍ അതിസാരം, ഛര്‍ദ്ദി തുടങ്ങിയവയും വര്‍ദ്ധിച്ചുവരുന്നുണ്ട്‌. കഴിഞ്ഞയാഴ്ചകളില്‍ ഏകദേശം 350 ഓളം പേര്‍ പറവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പറവൂരിലെ സ്വകാര്യ ആശുപത്രികളിലും പനിക്ക്‌ ചികിത്സ തേടി നിരവധി ആളുകളാണ്‌ എത്തുന്നത്‌.

വ്യാവസായിക പ്രദേശമായ ആലുവയിലും സമീപ പ്രദേശങ്ങളിലും പനി വ്യാപകമാണ്‌. ആലുവയിലെ താലൂക്ക്‌, സ്വകാര്യ ആശുപത്രികളില്‍ നിരവധിപേരാണ്‌ പനിക്ക്‌ ചികിത്സതേടിയെത്തുന്നത്‌. എടത്തല പഞ്ചായത്ത്‌ പതിമൂന്നാം വാര്‍ഡില്‍ ഡെങ്കിപ്പനിയും മലേറിയയും കണ്ടെത്തിയിട്ടുണ്ട്‌. ഡെങ്കിപ്പനി ആലുവ സ്വദേശിയിലും മലേറിയ ഹരിയാന സ്വദേശിയിലുമാണ്‌ കണ്ടെത്തിയത്‌. 60 വയസ്സുള്ള ഹരിയാന സ്വദേശിയെ ആരോഗ്യ വകുപ്പ്‌ ജീവനക്കാര്‍ ഇടപെട്ട്‌ സ്വദേശത്തേക്ക്‌ തിരിച്ചയച്ചു.

ചൂര്‍ണ്ണിക്കരയിലെ എസ്‌എന്‍ പുരത്ത്‌ എച്ച്‌1 എന്‍1 ബാധിച്ചയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കോതമംഗലത്തും പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം കടവൂര്‍ വടക്കേപുന്നമറ്റം സ്വദേശിനിയായ വീട്ടമ്മ പനി ബാധിച്ച്‌ മരിച്ചിരുന്നു. താലൂക്ക്‌ ആശുപത്രിയില്‍ ശരാശരി അഞ്ഞൂറ്റി അമ്പതോളം പേര്‍ പനിക്ക്‌ ചികിത്സ തേടിയെത്തുന്നുണ്ട്‌. മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയില്‍ നൂറോളം പേര്‍ ചികിത്സ തേടിയെത്തി. പത്തോളം പേരെ അഡ്മിറ്റു ചെയ്തു. ഫോര്‍ട്ടുകൊച്ചി താലൂക്ക്‌ ആശുപത്രിയില്‍ എഴുപത്‌ പേര്‍ ചികിത്സ തേടിയെത്തി. വയറിളക്കം ബാധിച്ചവരും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കായി എത്തുന്നുണ്ട്‌. വൈപ്പിന്‍ മേഖലയിലും പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by