സഭയില്‍ ആരും പറയാത്തതിനാല്‍ ഞാന്‍ പറയുന്നു എന്ന മുഖവുരയോടെയാണ് ജമീലപ്രകാശം സഭയില്‍ പത്മനാഭസ്വാമിക്ഷേത്രം എടുത്തിട്ടത്.
പത്മനാഭസ്വാമിക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തുമുഴുവന്‍ രാജാക്കന്മാര്‍ കീഴാളന്മാരില്‍ നിന്ന് കരമായി പിടിച്ചെടുത്തതാണെന്നായിരുന്നു ജമീലയുടെ വാദം. ആരോ എഴുതിയ ഏതോ പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നുണ്ടെന്നായിരുന്നു അവരുടെ വാദം.
പത്മനാഭ സ്വാമിക്ഷേത്രത്തിന് സ്വത്തിന് കണ്ണീരിന്റെയും രക്തത്തിന്റെയും മാത്രമല്ല മുലപ്പാലിന്റെയും രുചിയുണ്ടെന്ന് പറഞ്ഞ ജമീല കരം പിരിക്കാന്‍ എത്തിയവര്‍ക്ക് മുല അറുത്ത് വാഴയിലയില്‍ വെച്ച സ്ത്രീയുടെ കഥ വിശദമായി വിവരിച്ചു. രണ്ടു മുലകള്‍ക്കും കരം വാങ്ങാതെ ഒരു മുലയ്‌ക്ക് മാത്രം കരം വാങ്ങി എന്നതാണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ചെയ്ത ഒരു കാര്യം എന്നായിരുന്നു ജമീലയുടെ കണ്ടെത്തല്‍.
സ്ത്രീപീഡനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം തന്നെ പോയ നീലലോഹിതദാസന്‍നാടാരുടെ ഭാര്യയായ ജമീലയുടെ മുല പുരാണം കേട്ടപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കുപോലും ചെന്നിനായം രുചിച്ച അനുഭൂതിയായിരുന്നു.
കായംകുളം എംഎല്‍എ സി.കെ. സദാശിവന്‍ പ്രസംഗത്തിനവസാനം വഞ്ചിപ്പാട്ട് വന്നു. ബജറ്റ് പ്രസംഗത്തിലൂടെ ചര്‍ച്ചയിലുടനീളം കവിതയും ശ്ലോകങ്ങളും മുഴങ്ങാറുണ്ട്. പക്ഷേ സദാശിവന്‍ വഞ്ചിപ്പാട്ട് പാടിയത് പ്രശ്നമായി. അവസാനം പാടിയതല്ല, പാട്ടിനൊപ്പിച്ച് പ്രതിപക്ഷ അംഗങ്ങള്‍ എല്ലാം ഡസ്കിലടിച്ചതാണ് പ്രശ്നമെന്ന് പറഞ്ഞ ധനമന്ത്രി കെ.എം. മാണി പ്രശ്നം അവസാനിപ്പിച്ചു.
ഇന്നലത്തെ ചര്‍ച്ചയ്‌ക്ക് തുടക്കം കുറിച്ച വര്‍ക്കല കഹാറിന് ബജറ്റ് കല്യാണ വാഗ്ദാനത്തേക്കാള്‍ പരിമളം പരത്തുന്നവയാണ്. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അര്‍ജ്ജുനന്‍ അമ്പ് എയ്യും പോലെയും. തൊടുക്കുമ്പോള്‍ ഒന്ന് അയയ്‌ക്കുമ്പോള്‍ 10, കൊള്ളുമ്പോള്‍ 100.
മര്‍മ്മാണി കല്യാണം കഴിച്ചതുപോലെ കഴിഞ്ഞ 5 വര്‍ഷം ഭരിച്ച മുന്‍ ധനമന്ത്രി തോമസ് ഐസക് ഉടുതുണിയില്ലാത്തവന്‍ കുടചൂടി നില്‍ക്കുന്നതുപോലെയായിരുന്നതെന്ന് ആക്ഷേപിക്കാനും കഹാര്‍ മറന്നില്ല.
ആറ്റുകാല്‍ വികസനപദ്ധതി വെട്ടിമാറ്റിയ ധനമന്ത്രിയുടെ മനസ്സുമാറ്റാന്‍ ഇപ്പോള്‍ സ്ത്രീകള്‍ വീടുകളില്‍ പങ്കാലയിടുകയാണെന്ന് വി. ശിവന്‍കുട്ടി അറിയിച്ചപ്പോള്‍ എന്റെ മനസ്സ് ഇപ്പോഴേ മാറിയെന്ന് കെ.എം മാണി. മൂന്ന് എംഎല്‍എ മാര്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ സര്‍ക്കാര്‍ വീഴുമെന്ന് പ്രതിപക്ഷനേതാവ് പ്രസ്താവിച്ചിരുന്നു. ഈ സര്‍ക്കാറിനെ രക്ഷിക്കാന്‍ മൂത്രമൊഴിപ്പ് മാറ്റിവച്ചും ജലപാനം ഉപേക്ഷിച്ചും മുഴുവന്‍ എംഎല്‍എമാരും ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നാണ് വി.പി. സജീന്ദ്രന്‍ പ്രഖ്യാപനം.
ദേവീകുളം അംഗം എസ്. രാജേന്ദ്രന്‍ ഒരിക്കല്‍ കൂടി തമിഴില്‍ പ്രസംഗിച്ച് ശ്രദ്ധനേടിയപ്പോള്‍ ജനദ്രോഹ ബജറ്റാണെന്ന സമര്‍ത്ഥിക്കാനാണ് ശ്രദ്ധിച്ചത്. മാണിയുടെ ഗുണവും മണവുമില്ലാത്ത ബജേറ്റ്ന്ന് ഉദുമ കുഞ്ഞിരാമന്‍ ആവലാതിപ്പെട്ടു. ഇടത് ഭരണത്തില്‍ കാസര്‍കോട് ജില്ലയ്‌ക്ക് ഒരു മൊട്ടുസൂചിപോലും ലഭിച്ചില്ലെന്ന് മലയാളത്തില്‍ എഴുതിവായിച്ച് പിന്നെ കന്നഡയിലും തമിഴിലും സംസാരിച്ച അബ്ദുള്‍ റസാക്കിന് ഉറുദു കന്നഡ അക്കാദമിയാണാവശ്യം.
കോഫി അന്നന്‍ മുതല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ദ്വഗ്‌വിജയ് സിംഗ് വരെ പ്രകീര്‍ത്തിച്ച ജനകീയാസൂത്രണം നടപ്പാക്കിയ പഞ്ചായത്തുകളെ യുഡിഎഫ് സര്‍ക്കാര്‍ മൂന്നായി മുറിച്ചതിലാണ് കെ.വി. വിജയദാസിന് സങ്കടം.
യുഡിഎഫ് സര്‍ക്കാര്‍ ശിശുവാണെന്ന് പറയുന്നു. നല്ല മുഹൂര്‍ത്തത്തില്‍ ജനിക്കാത്ത ശിശു വികൃതജീവിയാണെന്നാണ് കെ. കുഞ്ഞമ്മത് മാസ്റ്റര്‍ അഭിപ്രായപ്പെട്ടത്.
മദ്രസാ അധ്യാപകര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കണമെന്നാണ് എം. ഉമ്മര്‍ മാസ്റ്ററുടെ പക്ഷം. ധനമന്ത്രിയുടെ പാര്‍ട്ടി കൊല്ലത്തില്ലാത്തതുകൊണ്ടാണ് കൊല്ലത്തിന് അവഗണനയെന്ന് ജി.എസ്. ജയലാല്‍ നിരീക്ഷിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഒരു താലിബാന്‍ കേന്ദ്രമായി നിലനിര്‍ത്തണമോ എന്നാണ് ഡൊമനിക്ക് പ്രസന്റേഷന്റെ ചോദ്യം. എസ്‌എഫ്‌ഐക്കാര്‍ മാസ്ക് ധരിച്ച് കെഎസ്‌യുക്കാരെ കല്ലെറിയുകയായിരുന്നു. കെഎസ്‌യുക്കാര്‍ തിരിച്ചും കല്ലെറിഞ്ഞല്ലോ എന്ന സമാധാനമായിരുന്നു പ്രതിപക്ഷത്തുനിന്ന്. ആഗോളവല്‍ക്കരണ ടച്ചുള്ള കെ.എം മാണിയുടെ ബജറ്റിലെ പ്രഖ്യാപനത്തിന്റെ പകുതി വാഗ്ദാനം പോലും പാലിക്കാനാവില്ലെന്ന വിശ്വാസത്തിലാണ് പ്രൊഫ. സി. രവീന്ദ്രനാഥ്. ചര്‍ച്ചയില്‍ എന്‍. ജയരാജ്, ഇ.സ്. ബിജുമോള്‍, സി. മമ്മൂട്ടി, എ.എം. ആരിഫ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
-പി.ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: