Categories: World

ബന്ധം മെച്ചപ്പെടുത്താന്‍ ഐഎസ്‌ഐ മേധാവി അമേരിക്കയിലേക്ക്‌

Published by

ഇസ്ലാമബാദ്‌: പാക്കിസ്ഥാന്‍ സൈന്യത്തിന്‌ നല്‍കിവന്നിരുന്ന സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഐഎസ്‌ഐ തലവന്‍ അഹമ്മദ്‌ ഷുജ പാഷ അമേരിക്കക്ക്‌ തിരിച്ചു.

കഴിഞ്ഞ കുറച്ചുനാളുകളായി ഇരുരാജ്യങ്ങള്‍ക്കുമിടിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങള്‍ക്ക്‌ സമവായ ചര്‍ച്ചകളിലൂടെ പരിഹാരം കാണുക എന്നതാണ്‌ പാഷയുടെ ലക്ഷ്യം. പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതായുള്ള അമേരിക്കന്‍ പ്രഖ്യാപനം പുറത്തുവന്നതിനെത്തുടര്‍ന്ന്‌ യുഎസ്‌ സൈനിക മേധാവി ജന. ജെയിംസ്‌ മാറ്റിസ്‌ പാക്കിസ്ഥാനിലെത്തിയിരുന്നു. ഇദ്ദേഹം പാക്‌ അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ ഐഎസ്‌ഐ തലവന്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ തീരുമാനമായത്‌. സൈനികക്ഷേമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി അമേരിക്ക നല്‍കിവന്നിരുന്ന 8 കോടി ഡോളറിന്റെ സഹായമാണ്‌ നിര്‍ത്തലാക്കപ്പെട്ടത്‌. ഇത്തരമൊരു സാഹചര്യത്തില്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നും തങ്ങള്‍ക്ക്‌ സേനയെ പിന്‍വലിക്കേണ്ടിവരുമെന്നും ഇത്‌ ഭീകരന്മാര്‍ക്ക്‌ ഗുണകരമാകുമെന്നും പാക്‌ പ്രതിരോധ മന്ത്രി ചൗധരി അഹമ്മദ്‌ മുക്താര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പുനല്‍കിയിരുന്നു. ഭീകരന്മാര്‍ക്ക്‌ അനുകൂല പരിതസ്ഥിതിയുള്ള പാക്‌-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ മേഖലകളില്‍ സേനാവിന്യാസം ദുര്‍ബലമാകുന്ന പക്ഷം മേഖലയിലെ ഭീകരവാദ ക്യാമ്പുകള്‍ ശക്തി പ്രാപിക്കുമെന്നാണ്‍പാക്കിസ്ഥാന്‍ ചൂണ്ടിക്കാണിക്കുന്നത്‌. ഭീകരന്മാര്‍ക്കെതിരെ പോരാടാന്‍ തങ്ങള്‍ക്ക്‌ അമേരിക്കയുടെ ധനസഹായം ആവശ്യമില്ലെന്നാണ്‌ പാക്‌ അധികൃതര്‍ ആവര്‍ത്തിക്കുന്നതെങ്കിലും, അതിര്‍ത്തി മേഖലയിലെ സൈനിക ചെലവുകള്‍ രാജ്യത്തിന്‌ താങ്ങാവുന്നതിലുമധികമാണെന്നാണ്‌ ഇവരുടെ പക്ഷം.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഉദ്യേഗസ്ഥനായ റെയ്മണ്ട്‌ ഡേവിസിനെ ആയുധധാരികളായ രണ്ട്‌ പാക്‌ ഭീകരന്മാരെ വെടിവെച്ചുകൊന്നതിന്റെ പേരില്‍ പോലീസ്‌ കഴിഞ്ഞ ജനുവരിയില്‍ കറാച്ചിയില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്തതോടുകൂടിയാണ്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിത്തുടങ്ങിയത്‌. ഡേവിസിനെ വിട്ടയക്കാത്തപക്ഷം പാക്കിസ്ഥാനുമേല്‍ കനത്ത ഉപരോധനടപടികള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന്‌ അമേരിക്ക ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന്‌ ഇയാള്‍ വിട്ടയക്കപ്പെടുകയാണുണ്ടായത്‌.

പാക്കിസ്ഥാനിലെ അബോട്ടാബാദിലുള്ള വസതയില്‍ വെച്ച്‌ അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ അമേരിക്കന്‍ സേന വധിച്ചതോടുകൂടി ലോകത്തിന്‌ മുന്‍പില്‍ പാക്കിസ്ഥാന്റെ പ്രതിഛായ തകര്‍ന്നു. ഇതോടൊപ്പം പാക്കിസ്ഥാന്റെ അനുവാദം കൂടാതെ രാജ്യത്ത്‌ അമേരിക്ക നടത്തിയ സൈനിക നീക്കത്തിനെതിരെ രാജ്യത്ത്‌ വ്യാപകമായുയര്‍ന്ന പ്രതിഷേധം അമേരിക്കയെ ചൊടിപ്പിച്ചു. പാക്‌ സൈന്യവും ഭീകരന്മാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കൂടുതലായി പുറത്തുവന്നതോടുകൂടിയാണ്‌ അമേരിക്ക പാക്കിസ്ഥാന്‌ നല്‍കി വന്നിരുന്ന ധനസഹായം നിര്‍ത്തലാക്കിയത്‌.

അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വീണ വിള്ളലുകള്‍ തുറന്ന ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ്‌ പാക്കിസ്ഥാന്റെ പ്രതീക്ഷ. ഭീകരവാദത്തിനെതിരായി തങ്ങള്‍ ശക്തമായ പോരാട്ടമാണ്‌ നടത്തുന്നതെന്നാണ്‌ പാക്ക്‌ സൈനിക ഉദ്യോഗസ്ഥരും അവകാശപ്പെടുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by