Categories: Kottayam

ജീവന്‍ രക്ഷാ മാരത്തോണ്‍ ഓട്ടക്കാരന്‍ കോട്ടയത്തെത്തി

Published by

കോട്ടയം: ജീവന്‍രക്ഷാ മാരത്തോണ്‍ ഓട്ടക്കാരന്‍ ഇന്നലെ കോട്ടയത്തെത്തി. ഷിനു എസ്‌.എസ്‌. എന്ന ദീര്‍ഘദൂര ഓട്ടക്കാരന്‍ തണ്റ്റെ ഓട്ടത്തിനിടയില്‍ വ്യക്തമായ ദൗത്യവും മനസില്‍ പേറിയാണ്‌ കോട്ടയം നഗരത്തിലെത്തിയത്‌. നിര്‍ദ്ധനരായ അനേകം രോഗികള്‍ക്ക്‌ ചെറിയൊരാശ്വാസം നല്‍കാന്‍ ലക്ഷ്യമിട്ടാണ്‌ ഷിനുവെന്ന ചെറുപ്പക്കാരന്‍ ‘ജീവന്‍രക്ഷാമാരത്തോണ്‍’ നടത്തുന്നത്‌.ആറു മാസങ്ങള്‍ക്കുമുമ്പ്‌ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ നിന്നും കാസര്‍കോട്‌ മഞ്ചേശ്വരം വരെ ഓടി സമാഹരിച്ച രൂപയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ബാധിതനായിക്കിടന്ന നിര്‍ദ്ധന രോഗിയായ സ്റ്റാന്‍ലിയെന്ന മുപ്പത്തിയേഴുകാരന്‌ ഒരുലക്ഷം രൂപയം തിരുവനന്തപുരം ആര്‍സി സെണ്റ്ററിലെ ക്യാന്‍സര്‍ രോഗികളായ നിര്‍ദ്ധനരായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക്‌ ചികിത്സാസഹായവും നല്‍കി. കഴിഞ്ഞ മൂന്നു വര്‍ഷമായി തണ്റ്റെ ദൗത്യലക്ഷ്യവുമായി ഓട്ടം തുടരുന്ന ഷിനുവെന്ന ഓട്ടക്കാരന്‌ ഇതിനോടകം പത്തോളം നിര്‍ദ്ധനരായ രോഗികളുടെ കരങ്ങളില്‍ ചികിത്സാ ധനം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ തുടങ്ങിയിട്ടുള്ള ജീവന്‍രക്ഷാമാരത്തോണ്‍ മെയ്‌ മുപ്പതാംതീയതിയാണ്‌ ആരംഭിച്ചത്‌. എ.ടി.ജോര്‍ജ്ജ്‌ എംഎല്‍എ ഫ്ളാഗ്‌ ഓഫ്‌ ചെയ്ത്‌ പാറശ്ശാലയില്‍ നിന്നും ആരംഭിച്ച്‌ വയനാട്ടില്‍ സമാപിക്കുന്ന ഓട്ടത്തിനിടയിലാണ്‌ ഷിനു കോട്ടയത്തും എത്തിയിരിക്കുന്നത്‌. ഈ ഓട്ടത്തിലൂടെ സമാഹരിക്കുന്ന പണം രണ്ട്‌ ക്യാന്‍സര്‍ രോഗികള്‍ക്കും ഒരു ഹാര്‍ട്ട്‌ പേഷ്യണ്റ്റിനും സഹായധനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌. നിര്‍ദ്ധനരായ രോഗികളെ സഹായിക്കാനുള്ള സന്‍മനസുമായി നൂതനമാര്‍ഗ്ഗം കണ്ടെത്തി പ്രാവര്‍ത്തികമാക്കുന്ന ഈ ചെറുപ്പക്കാരന്‍ പുതുതലമുറയിലെ ചെറുപ്പക്കാര്‍ക്ക്‌ പ്രചോദനമായി മാറേണ്ടതാണ്‌. ഒപ്പം മാതൃകയും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by