Categories: Kerala

ചേര്‍ത്തലയില്‍ സിപിഎം അക്രമം: അഞ്ചുപേര്‍ക്ക്‌ വെട്ടേറ്റു; വീടുകള്‍ തകര്‍ത്തു

Published by

ചേര്‍ത്തല: സിപിഎം ഗുണ്ടാസംഘം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ വീടുകയറി വെട്ടി. അഞ്ച്‌ വീടുകള്‍ തകര്‍ത്തു. ഓട്ടോറിക്ഷ തകര്‍ത്തു. വീട്ടമ്മയുള്‍പ്പെടെ അഞ്ചുപേര്‍ക്ക്‌ പരിക്ക്‌. രണ്ടുപേരുടെ നിലഗുരുതരം. അക്രമികള്‍ക്ക്‌ പോലീസിന്റെ ഒത്താശ. അക്രമികളെ പിടികൂടാതെ പോലീസ്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ വെള്ളിയാകുളം പരമേശ്വരനെ മണിക്കൂറുകളോളം സ്റ്റേഷനില്‍ തടങ്കലില്‍ വെച്ചു.

തണ്ണീര്‍മുക്കം പഞ്ചായത്ത്‌ രണ്ടാം വാര്‍ഡ്‌ വെള്ളിയാകുളം കുന്നേല്‍വെളി സുമേഷ്‌ (31), വെള്ളിയാകുളം കരിപ്പായില്‍ അനിയന്‍ (ഷണ്മുഖന്‍-34) എന്നിവരെ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ-കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30ന്‌ സുമേഷിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത്‌ അകത്ത്‌ കയറിയ അക്രമിസംഘം സുമേഷിന്റെ ഇരുകാലുകളിലും വെട്ടി. പിന്നീട്‌ കഴുത്തിനും തുടയ്‌ക്കും മുതുകിനും വെട്ടി പരിക്കേല്‍പിച്ചു. സുമേഷിനെ ആക്രമിക്കുന്നത്‌ കണ്ട്‌ ഓടിയെത്തിയ അമ്മ വിനയമ്മ (55), സഹോദരങ്ങളായ സുധീര്‍, ബൈജു എന്നിവരെയും ആക്രമിച്ചു. ഇവരെ ഇരുമ്പു വടിക്ക്‌ അടിക്കുകയായിരുന്നു.

ഓട്ടോ ഡ്രൈവറായ ഷണ്മുഖന്‍ പുലര്‍ച്ചെ ഓട്ടം പോയി മടങ്ങി വരുമ്പോള്‍ വെള്ളിയാകുളം ജങ്ങ്ഷന്‌ വടക്കുവശം ഓട്ടോ തടഞ്ഞുനിര്‍ത്തി കൈക്കും തുടയ്‌ക്കും തോളിലും വെട്ടിയ ശേഷം ഓട്ടോ തല്ലിത്തകര്‍ത്തു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക്‌ വിധേയനാക്കി. തണ്ണീര്‍മുക്കത്ത്‌ അജികുമാറിന്റെ വീടിന്‌ നേരെയും അക്രമമുണ്ടായി. വീട്‌ പൂര്‍ണമായി തകര്‍ത്തു. ഇരുചക്ര വാഹനവും കൃഷികളും നശിപ്പിച്ചു. അജിയുടെ സഹോദരന്‍ മഹേഷിന്റെ വീടും ആക്രമിച്ചു. പോര്‍ച്ചില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന കാര്‍ തല്ലിത്തകര്‍ത്തു.

നാലാം വാര്‍ഡിലെ രാജേന്ദ്രന്റെ വീടിന്‌ നേരെ അക്രമമുണ്ടായി. ഇവരുടെ വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു. ഒരുമാസം മുന്‍പ്‌ രാജേന്ദ്രന്റെ വീട്‌ സിപിഎമ്മുകാര്‍ ആക്രമിച്ചിരുന്നു. രാജേന്ദ്രന്റെ വീടിന്‌ സമീപമുള്ള മോഹനന്റെ വീടും അക്രമത്തിനിരയായി. വീട്‌ നിര്‍മാണത്തിനായി അലമാരയില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ അപഹരിച്ചു. സിപിഎം ഗുണ്ടാസംഘം മണിക്കൂറുകളോളം അഴിഞ്ഞാടിയിട്ടും പോലീസ്‌ സ്ഥലത്തെത്തിയത്‌ വളരെ വൈകിയാണ്‌.

സ്വന്തം ലേഖകന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by