ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിച്ചേക്കും. ഇന്ന് വൈകിട്ട് പുതുമുഖങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിസഭയില്‍ സ്ഥാനം നേടുമെന്നാണറിയുന്നത്.
ഉള്‍പ്പെടുത്തേണ്ടവരുടെയും സ്ഥാനക്കയറ്റം നല്‍കേണ്ടവരുടെയും ഒഴിവാക്കപ്പെടേണ്ടവരുടേതുമായ പേരുകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും, യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും തിങ്കളാഴ്ച ചര്‍ച്ച ചെയ്ത് അവസാന പട്ടികയ്ക്ക് രൂപം നല്കി. അടുത്ത ദിവസങ്ങളില്‍ ഇരുവരും നടത്തിയ നാല് കൂടിക്കാഴ്ചകളില്‍ ഒടുവിലത്തേതായിരുന്നു തിങ്കളാഴ്ചത്തേത്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള നാല് സഹമന്ത്രിമാരും ആറ് സഹമന്ത്രിമാരും ഇന്നത്തെ പുനഃസംഘടനയില്‍ സ്ഥാനമേല്‍ക്കും.
തൃണമൂലിന്റെ ലോക്സഭയിലെ ചീഫ് വിപ്പ് സുദീപ് ബന്ദോപാദ്ധ്യായക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് അറിയുന്നു. ഡിഎംകെയില്‍ നിന്ന് രണ്ടുപേര്‍ മന്ത്രിമാരാകും. ഇ. അഹമ്മദിന് സ്വതന്ത്ര ചുമതല നല്‍കിയേക്കും. തൃണമൂലിലെ ദിനേശ് ത്രിവേദിയും നിയുക്ത മന്ത്രിമാരുടെ പട്ടികയില്‍ ഉണ്ടെന്നാണ് ശ്രുതി. നിലവിലെ ഉരുക്ക് വകുപ്പ് സഹമന്ത്രി ബേനി പ്രസാദ് വര്‍മ്മക്ക് ക്യാബിനറ്റ് പദവി ലഭിക്കുമെന്നും പറയുന്നു.
ഏതായാലും ദീര്‍ഘകാലമായി നിലനിന്ന മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള അഭ്യൂഹത്തിന് അറുതിയായി. പുനഃസംഘടനയില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി, ആഭ്യന്തരവകുപ്പ് മന്ത്രി പി. ചിദംബരം, വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ എന്നിവര്‍ക്ക് സ്ഥാനചലനം ഉണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തല്‍. ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന് പാര്‍ലമെന്ററി കാര്യം നല്‍കിയേക്കുമെന്നും നിയമമന്ത്രി എം. വീരപ്പമൊയ്ലിയെ മാനവവിഭവ വകുപ്പിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷവുമായി നല്ല ബന്ധം നിലനിര്ത്താനറിയുന്ന ആസാദ് മുന്‍പും പാര്‍ലമെന്ററി കാര്യം മെച്ചപ്പെട്ട നിലയില്‍ ഭരിച്ചിട്ടുണ്ട്.
ചലച്ചിത്രതാരപ്പൊലിമയുള്ള രാജ് ബബ്ബാറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് യുപിയില്‍ നിന്നുള്ള കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. സല്മാന് ഖുര്‍ഷിദിന് നല്ല വകുപ്പ് നല്‍കിയേക്കും. യുപിയിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിലക്ഷ്യം വച്ച് യുപിക്ക് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം പ്രത്യാശിക്കുന്നു.
ഛത്തീസ്ഗഢിലെ ഏക കോണ്‍ഗ്രസ് എംപിയായ ചരണ്‍ദാസ് മഹന്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. കൂടാതെ ഒറീസക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതിന് നിലവിലെ രാസവള സഹമന്ത്രി ശ്രീകാന്ത് ജനയെ ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തിയേക്കും.
ഡിഎംകെ മന്ത്രിമാരുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഡിഎംകെ വക്താവ് ഇ.കെ.എസ്. ഇളങ്കോവന്റെ പേര് ദല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും മന്ത്രിയാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ആരോഗ്യകരമായ കാരണങ്ങളാല്‍ മന്ത്രി മുരളി ദേവ്റയും ബി.കെ. ഹന്ഡിക്കും മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ വിമുഖത പ്രകടിപ്പിച്ചതായാണ് അറിവ്. ഇവരെ ഇതിനാല്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയേക്കും എന്ന് അറിയുന്നു. കോണ്‍ഗ്രസിന്റെ യുവമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന് പെയിലറ്റ്, ആര്.പി.എന്‍. സിംഗ് എന്നിവര്‍ക്ക് പ്രാധാന്യമുള്ള വകുപ്പുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: