Categories: Kasargod

തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു; കേരകര്‍ഷകര്‍ ദുരിതത്തില്‍

Published by

കാഞ്ഞങ്ങാട്‌: തേങ്ങയുടെ വില കുത്തനെ ഇടിയുമ്പോള്‍ കേരകര്‍ഷകര്‍ വീണ്ടും ദുരിതത്തില്‍. കിലോയ്‌ക്ക്‌ 22 രൂപയുണ്ടായിരുന്ന തേങ്ങയ്‌ക്ക്‌ ഇപ്പോള്‍ 13 രൂപയില്‍ താഴെയാണ്‌ വില. തേങ്ങവില വീണ്ടും പഴയ നിലയിലേക്ക്‌ എ ത്തുമോയെന്ന ആശങ്കയിലാണ്‌ മലയോര കര്‍ഷകര്‍. കര്‍ണ്ണാടക, തമിഴ്നാട്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികളായിരുന്നു പ്രധാനമായും കേരളത്തില്‍ നിന്നും തേങ്ങ വാങ്ങിയിരുന്നത്‌. ഇവര്‍ തേങ്ങ വാങ്ങി തേങ്ങ പൗഡര്‍ തയ്യാറാക്കുകയായിരുന്നു. എന്നാല്‍ പൗഡറിന്‌ ഡിമാണ്റ്റില്ലെന്ന പേരില്‍ വിപണിയില്‍ നിന്ന്‌ വിട്ടു നില്‍ക്കുന്നതും തമിഴ്നാട്ടില്‍ നിന്ന്‌ ധാരാളം പച്ചതേങ്ങ കേരളത്തില്‍ എത്തുന്നതുമാണ്‌ വിലയിടിയാന്‍ കാരണം. സര്‍ക്കാര്‍തലത്തില്‍ പച്ചത്തേങ്ങയും കൊപ്രയും ന്യായവില നല്‍കി സംഭരിക്കാത്തതും വിലയിടിവിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗവും വിലയിടിവും താങ്ങാനാവാതെ മലയോരകര്‍ഷകര്‍ തെങ്ങ ിനെ പാടേ കയ്യൊഴിയേണ്ട അവസ്ഥയിലെത്തിയപ്പോള്‍ പച്ച തേങ്ങയ്‌ക്കുണ്ടായ വിലക്കയറ്റം കര്‍ഷകര്‍ക്ക്‌ വലിയ പ്രതീക്ഷയാണ്‌ നല്‍കിയത്‌. ഇതോടെ കര്‍ഷകര്‍ വീണ്ടും തെങ്ങിനെയും തേങ്ങയെയും സ്നേഹിച്ചുതുടങ്ങിയിരുന്നു. തേങ്ങ പറിക്കണമെങ്കില്‍ തെങ്ങിന്‍ തോപ്പ്‌ വൃത്തിയാക്കണമെന്ന അവസ്ഥയിലായിരുന്നു മലയോരത്തുണ്ടായിരുന്നത്‌. വര്‍ദ്ധിച്ച തൊഴില്‍ കൂലി, വളത്തിണ്റ്റെ വില, കൂമ്പുചീയല്‍, മഞ്ഞളിപ്പ്‌, മണ്ഡരി എന്നിവ കൃഷിയെ സാരമായി ബാധിച്ചിരുന്നു. ഇതോടെ മലയോരത്തെ നിരവധി തെങ്ങിന്‍ തോപ്പുകള്‍ മറ്റ്‌ കൃഷിയിലേക്ക്‌ വഴിമാറി. എന്നാല്‍ വിലക്കയറ്റം താത്ക്കാലികമായിരുന്നുവെന്ന തിരിച്ചറിവ്‌ കര്‍ഷകരെ വീണ്ടും നിരാശയിലാക്കിയിരിക്കുകയാണ്‌. മുന്‍വര്‍ഷങ്ങളില്‍ തെങ്ങു കൃഷി ചെയ്ത്‌ നഷ്ടത്തിലായ കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതി ജില്ലാ പഞ്ചായത്തുകള്‍ ആസൂത്രണം ചെയ്തിരുന്നു. നഷ്ടപ്പെടുന്ന ഓരോ തെങ്ങിനും 5൦൦ രൂപ വീതം നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയായിരുന്നു ഇത്‌. എന്നാല്‍ പിന്നീട്‌ ഈ പദ്ധതി അവതാളത്തിലായി. തേങ്ങവില കുത്തനെ ഇടിഞ്ഞ്‌ കര്‍ഷകര്‍ വീണ്ടും കണ്ണീരില്‍ മുങ്ങുമ്പോഴും സര്‍ക്കാര്‍ നടപടികളൊന്നും എടുത്തിട്ടില്ല. യുഡിഎഫ്‌ സര്‍ക്കാറിണ്റ്റെ ഇടക്കാല ബജറ്റില്‍ നാളികേരകൃഷി പ്രോത്സാഹിപ്പിക്കാന്‍ യാതൊരു പ്രഖ്യാപനവും ഇല്ലാത്തത്‌ കേരള കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts