യുവകോമളനായ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഛായാചിത്രത്തേക്കാള്‍ ഏതൊരാളുടേയും മനസ്സില്‍ തങ്ങിനില്‍ക്കുന്നതാവും ശ്രീപത്മനാഭനെ കൂപ്പുകൈകളോടെ തൊഴുതുനില്ക്കുന്ന വൃദ്ധനും ലളിതവസ്ത്രധാരിയും ചെങ്കോലും കിരീടവുമില്ലാത്ത പത്മനാഭദാസന്റെ പടം. ശ്രീപത്മനാഭന്റെ അടച്ചിട്ട ഉള്ളറകള്‍ ഓരോന്ന് തുറക്കുമ്പോഴും ഈ തിരുവാഭരണം നൂറ്റാണ്ടുകളോളം സൂക്ഷിച്ച അടിച്ചുതളിക്കാര്‍ മുതല്‍ മഹാരാജാവ് വരെയുള്ള ഓരോരുത്തര്‍ക്കും ശതകോടി പ്രണാമങ്ങള്‍ അര്‍പ്പിക്കാതിരിക്കാനാവില്ല. ബ്രിട്ടീഷുകാരില്‍നിന്നും ദേവസ്വം ബോര്‍ഡിലെ മഹാരഥന്മാരില്‍നിന്നും ഒളിച്ചുവച്ച നിഷ്ക്കളങ്കതയുടെ ബഹിര്‍സ്ഫുരണം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആംഗ്യഭാഷയില്‍ മാത്രം ഉത്തരം പറഞ്ഞ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിലും കാണാം.
ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്ന് പലരും ഇതിനിടെ തന്നെ പറഞ്ഞു കഴിഞ്ഞു. റോഡിന്റെ കുഴിയടയ്ക്കാന്‍ വരെ ഈ ധനം ഉപയോഗിക്കണമെന്ന് പറഞ്ഞവരുമുണ്ട്. ശ്രീപത്മനാഭന്റെ തിരുവാഭരണവും ഉടയാടകളും തിരുവിതാംകൂറിന്റെ ട്രഷറി പണമാണെന്ന് ന്യായം പറയുന്ന അന്യായക്കാരും വളരെയേറെ. ശ്രീപത്മനാഭന്റെ ആഭരണങ്ങള്‍ ക്ഷാമകാലത്ത് പണയം വച്ചത് കെട്ടുതാലി പണയം വച്ചതിന് തുല്യമായേ ശ്രീപത്മനാഭന്റെ ദാസാനുദാസന്മാര്‍ക്ക് തുലനം ചെയ്യാനാവൂ. ധനം ഏറെയാവുമ്പോള്‍ അത് ട്രഷറി പണം എന്ന് പറയുന്നത് ചരിത്രത്തിലും ന്യായശാസ്ത്രത്തിലും പറയാന്‍ കൊള്ളാവുന്ന ന്യായവാദമൊന്നുമല്ല.
ഇപ്പോള്‍ കേന്ദ്രഗവണ്മെന്റിനെ അടിമുടി ദുഷിപ്പിക്കുകയും നാണം കെടുത്തുകയും ചെയ്ത സ്പെക്ട്രം അഴിമതിക്ക് തുല്യം വയ്ക്കാവുന്ന തുകയാണ് നിധിശേഖരമായി പറഞ്ഞുകേള്‍ക്കുന്നത്. ഇത്രയും ധനം സൂക്ഷിച്ചിട്ടും ജോലിക്കാര്‍ക്ക് തുച്ഛശമ്പളവും നിത്യച്ചെലവിന് ബുദ്ധിമുട്ടുകയും ചെയ്യുന്ന ക്ഷേത്രത്തിന്റെ നിലവാരമേ ശ്രീപത്മനാഭക്ഷേത്രത്തിനുള്ളൂ. സ്വര്‍ണ്ണവും അമൂല്യരത്നങ്ങളും ക്ഷേത്രത്തിലോ മേറ്റ്വിടെയെങ്കിലും വച്ചാലോ ഏതെങ്കിലും തരത്തില്‍ ശ്രീപത്മനാഭന്റെ ദാസാനുദാസന്മാര്‍ക്ക് എന്നെങ്കിലും ഉപകാരപ്രദമാകും എന്ന് ആര്‍ക്കും പറയാനാവില്ല. ധനം വെറുതെയിരുന്നാല്‍ അത് പാഴായിപ്പോകും അല്ലെങ്കില്‍ ദുഷിച്ചുപോകും എന്ന പൊതു തത്ത്വം ഇവിടെയും ബാധകം.
ലോകത്തിലെവിടെയെങ്കിലുമുള്ള ഏതെങ്കിലും സര്‍ക്കാര്‍ മതപരമായ ആരാധനാലയങ്ങള്‍ കേരളത്തിന്റെ ദേവസ്വംബോര്‍ഡിന്റെ രീതിയില്‍ സ്വയം നിയന്ത്രണത്തിലാക്കി ഭരിച്ചിട്ടുള്ളതായിട്ടറിവില്ല. ഹൈന്ദവരുടെ വിദ്യാഭ്യാസത്തിനോ ഈ പണം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. ഗുരുവായൂരും ശബരിമലയിലും എണ്ണിത്തിട്ടപ്പെടുത്തി എത്തുന്ന ധനം ഹൈന്ദവക്ഷേമത്തിന് വരാതിരിക്കുമ്പോള്‍ ശ്രീപത്മനാഭന്റെ അളവറ്റ ധനം വരുമെന്ന് പ്രതീക്ഷിക്കുന്നത് വ്യാമോഹമാവും.
ധനം വെള്ളത്തെപ്പോലെയാണ്. അതിന് ചലനശേഷിയുണ്ട്. ചലനശേഷിയില്ലാത്ത വെള്ളത്തെപ്പോലെ ധനവും ദുഷിക്കുകയാണ് പതിവ്. ശ്രീപത്മനാഭന്റെ തിരുശേഖരം ഭൂഗര്‍ഭത്തിലെ വെള്ളംപോലെ അഴുക്കില്ലാത്തതാണെന്ന് നമുക്ക് വാദിക്കാം. എന്നാല്‍ ഇത് എങ്ങനെ ഉപകാരപ്രദമാവും എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ഹൈന്ദവ ക്ഷേത്രങ്ങളിലും സന്ന്യാസമഠങ്ങളിലും വരുന്ന ധനത്തിന് ചലനശേഷി കുറവാണെന്നും അതാണ് നമ്മുടെ പരിതാപകര അവസ്ഥയ്ക്ക് കാരണമെന്നും ഇനിയെങ്കിലും നമ്മള് മനസ്സിലാക്കണം. ഇതര മതസ്ഥരുടെ ധനത്തിന് ചലനശേഷിയുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് വളര്‍ച്ചയുണ്ടാകുന്നത്. വിദേശപണം എന്ന ലഘുവായ ഉത്തരം ശരിയായ നിഗമനമല്ല. ധനം ക്രയവിക്രയം ചെയ്യുന്തോറും അത് പലമടങ്ങായി വര്‍ധിച്ചു കൊണ്ടിരിക്കും എന്ന ലളിതമായ സത്യം നമ്മുടെ ക്ഷേത്രങ്ങള്‍ക്കും ബാധകമാണ്.
അമൃതാനന്ദമയി മഠത്തിലെ ധനത്തെപ്പറ്റി നോക്കുക. പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്തോറും അവരുടെ ധനാഗമനം കൂടിക്കൊണ്ടേവരുന്നു. അമൃത വിശ്വവിദ്യാലയം മഠത്തിലെ ധനത്തെ ശോഷിപ്പിച്ചെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ! മികവിന്റെ കാര്യത്തില്‍ മിഷണറി വിദ്യാലയങ്ങളെക്കാള്‍ ഒരു മുഴം മുന്നില്‍ നില്‍ക്കുന്നുവെന്ന് ഹൈന്ദവര്‍ക്ക് അഭിമാനത്തോടെ പറയാനും ഈ സ്ഥാപനം അവസരം തരുന്നു.
ശ്രീപത്മനാഭന്റെ നിലവറ ഒരുപക്ഷെ ഹിന്ദുവിന്റെ അവസാനത്തെ നിധികുംഭമാവും. ഇത്തരത്തിലുളള നിരവധി നിലവറകള്‍ സ്വദേശികളും വിദേശികളുമായ പലരും പൊളിച്ചെടുത്തിട്ടുണ്ടാവാം. ഉപയോഗിക്കാനാവാത്ത ധനത്തിന്റെ അവസാനം എല്ലായ്പ്പോഴും ഇങ്ങനെയാവുക തന്നെയാണ് പതിവ്. ഇന്ത്യാലയനത്തിന് കമ്മീഷന് കവടിയാര്‍ കൊട്ടാരത്തില്‍ വന്നപ്പോള്‍ മഹാരാജാവ് തിരുമനസ്സ് പറഞ്ഞത് ശ്രീപത്മനാഭനോട് അനുവാദം ചോദിക്കണമെന്നായിരുന്നു.
ശ്രീപത്മനാഭന് യോഗനിദ്രയില്നിന്നുണര്ന്നില്ല, അതുകൊണ്ടുതന്നെ മഹാരാജാവിന്റെ മറുപടി അപ്രസക്തവുമായിരുന്നു. ശ്രീപത്മനാഭന്റെ ശ്രീകോവിലിലെ ധനവും ഇത്തരത്തില്‍ ഉള്ളതാണ്. അത് കാലക്രമത്തില്‍ എവിടെ എത്തിച്ചേരുമെന്ന് ആരും സംശയിക്കേണ്ടതില്ല. ഇതിനെതിരെ ഉരിയാടാനുള്ളവര് ചെങ്കോലും കിരീടവും നഷ്ടപ്പെട്ട് അടിയാളന്മാരായി കഴിഞ്ഞു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഭഗവാന്റെ ഉടയാടകളെ കണ്ണീരോടെ നോക്കിക്കണ്ടുവെന്ന് ആംഗ്യം കാണിച്ചത് നിസ്സഹായതയെയാണ് വാചാലമായി വര്‍ണിക്കുന്നത്.
സംസ്കൃത യൂണിവേഴ്സിറ്റി ഉള്‍പ്പെടെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നില്ക്കുന്ന ഒരു സ്ഥാപനത്തില്‍നിന്നും ഹൈന്ദവസംസ്ക്കാരത്തെ ഉണര്‍ത്തുന്ന ഒരു നല്ല കാര്യവും ഉയര്‍ന്നു വരികയില്ല. ഒറ്റപ്പെട്ട ബുദ്ധിജീവികളില്‍നിന്നും കൂട്ടായ്മയില്‍നിന്നുമാണ് എന്നും ഉണര്‍വും ഓജസ്സും വന്നത്. മെഡിക്കല്‍ കോളേജും എന്‍ജിനീയറിംഗ് കോളേജും ചെറിയ കൂട്ടായ്മകള്‍ക്ക് ഉണ്ടാക്കാനാവുമെന്ന് അടുത്തകാലത്ത് കേരളത്തില്‍ തന്നെ തെളിയിക്കപ്പെട്ടതാണ്. പുനരുദ്ധാരണം നടന്നുകൊണ്ടിരിക്കുന്ന പല ക്ഷേത്രങ്ങളും കേരളത്തിലുണ്ട്. ധനസമ്പാദനത്തിലുപരി വലിയ കൂട്ടായ്മകള്‍ ഉണ്ടാക്കാന്‍ ഈ ക്ഷേത്രങ്ങള്‍ക്ക് ആവുന്നില്ലെങ്കില്‍ ഇതിന്റെ പുനരുദ്ധാരണം വൃഥാവിലാണെന്നേ പറയാനാവൂ. ശ്രീബുദ്ധന് ഇന്ത്യയെ ഇളക്കിമറിച്ചത് പൊതുജനക്ഷേമം നടത്തിയാണ്. ഭിക്ഷുക്കള്‍ പലരും നല്ല വൈദ്യന്മാരായിരുന്നു.
പ്രപഞ്ചസത്യം ചലനമാണെന്നാണ് ബുദ്ധ ദര്‍ശനത്തിന്റെ അകംപൊരുള്‍. ചലനശക്തി നഷ്ടപ്പെട്ടതെന്തും തളരുകയേ നിവര്‍ത്തിയുള്ളൂ. നമ്മുടെ ക്ഷേത്രങ്ങള്‍ ആഭരണകൂമ്പാരങ്ങളുടെ നിലവറയാകുന്നതിന് പകരം ചലനശേഷിയുള്ള പണത്തിന്റേയും മനസ്സിന്റെയും ഉടമകളാവണം. ആഭരണകൂമ്പാരങ്ങള് കവര്‍ച്ചക്കാരെ മാത്രമേ സഹായിക്കുകയുള്ളൂ. വലിയ നിധി കാണുമ്പോള്‍ ഭൂമിയെ വലംവച്ച് വലിയ ഭൂതങ്ങള്‍ വരും. ഇറാഖില്‍നിന്ന് എത്ര നിധി കുംഭങ്ങള്‍ ഈയിടെ കടത്തിക്കൊണ്ടുപോയെന്ന് ആരും അറിയുന്നുപോലുമില്ല.
-സുനില്‍ പെനോത്തില്‍
v
പ്രതികരിക്കാൻ ഇവിടെ എഴുതുക: