Categories: World

കനിഷ്ക ദുരന്തം: ബന്ധുക്കള്‍ കാനഡയുടെ നഷ്ടപരിഹാരം നിരസിച്ചു

Published by

ടോര്‍നോറ്റോ: എയര്‍ഇന്ത്യയുടെ കനിഷ്ക്ക വിമാന ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ കനേഡിയന്‍ സര്‍ക്കാരിന്റെ നഷ്ടപരിഹാരം നിരസിച്ചു. 1985ല്‍ ബോംബാക്രമണത്തെത്തുടര്‍ന്ന്‌ 329 പേര്‍ മരിച്ച വിമാനാപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്‌ 24000 അമേരിക്കന്‍ ഡോളര്‍ വീതമായിരുന്നു നഷ്ടപരിഹാരം നല്‍കാനുദ്ദേശിച്ചത്‌.

1984 ല്‍ ഇന്ത്യന്‍ സൈന്യം സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടത്തിയ നടപടിക്കു പകരം വീട്ടാനാണ്‌ മോണ്‍ട്രിയേലില്‍നിന്ന്‌ ദല്‍ഹിക്കുവന്ന കനിഷ്ക്ക 182 എന്ന വിമാനത്തില്‍ വാന്‍കോവര്‍ കേന്ദ്രമാക്കിയഖാലിസ്ഥാന്‍ ഭീകരവാദികള്‍ ബോംബ്‌ സ്ഫോടനം നടത്തിയത്‌. 1990 ല്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചെങ്കിലും 24000 യുഎസ്‌ ഡോളറിന്റെ നഷ്ടപരിഹാരം ഭരണയന്ത്രത്തിന്റെ കാലതാമസം മൂലം അവര്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ക്ക്‌ പരിഹാരമായാണെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ്‌ എയര്‍ഇന്ത്യ ഏര്‍പ്പെടുത്തിയ മുന്‍ കനേഡിയന്‍ ചീഫ്ജസ്റ്റിസ്‌ ജോണ്‍ മേജര്‍ നയിച്ച അന്വേഷണ സംഘം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

നഷ്ടപരിഹാരത്തുക മൊത്തത്തില്‍ 7.9 മില്യണ്‍ അമേരിക്കന്‍ ഡോളറാവുമെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മയെ അപമാനിക്കുന്നതാണ്‌ ഈ നടപടിയെന്ന്‌ മരിച്ചവരുടെ ബന്ധുക്കള്‍ അഭിപ്രായപ്പെട്ടു.

കനേഡിയന്‍ രാഷ്‌ട്രീയക്കാരുടെ കണ്ണില്‍ ഇന്ത്യന്‍ ജീവിതങ്ങള്‍ക്ക്‌ വിലയില്ലേ. ഇത്‌ അപമാനിക്കലായി, അപകടം സംഭവിച്ച വിമാനത്തിന്റെ പെയിലറ്റ്‌ നരേന്ദ്രസിംഗ്‌ ഹാന്‍സിന്റെ മകന്‍ അനില്‍സിംഗ്‌ ഹാന്‍സ്‌ വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

കനേഡിയക്കാര്‍ പക്ഷപാതപരമായി പെരുമാറുന്നതിനാല്‍ ഈ പ്രശ്നം അന്താരാഷ്‌ട്ര കോടതി മുമ്പാകെ ഉന്നയിക്കപ്പെടുമെന്നാണ്‌ താന്‍ കരുതുന്നതെന്നും കാനഡയിലെ രാഷ്‌ട്രീയക്കാര്‍ നിഷേധമുപേക്ഷിച്ച്‌ ഉണര്‍ന്നെഴുന്നേല്‍ക്കണമെന്നാണ്‌ തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

329 നിരപരാധികള്‍ അഗ്നിക്കിരയാക്കപ്പെട്ട സംഭവത്തില്‍ എന്റെ കുടുംബത്തിന്‌ 10 സെന്റ്‌ പോലും ലഭിച്ചില്ല. മിക്കവരുടേയും കണക്കുകള്‍ തീര്‍ത്തുവെന്ന വക്താവിന്റെ പരാമര്‍ശം തെറ്റിദ്ധാരണാ ജനകമാണ്‌.

വിമാനത്തിലെ കോ പെയിലറ്റായിരുന്ന സതിന്ദര്‍ സിന്തറിന്റെ ഭാര്യ അമര്‍ജിത്‌ ബിന്തര്‍ ഇത്‌ തങ്ങളുടെ പ്രിയപ്പെട്ടവരെ അപമാനിക്കുന്നതിന്‌ തുല്യമാണെന്നറിയിച്ചു. കാനഡ 329 നിരപരാധികളെ അലംഭാവം മൂലം കുരുതികൊടുക്കുകയായിരുന്നു. തങ്ങള്‍ നീതി ലഭിക്കുംവരെ പോരാടും. മനുഷ്യാവകാശ സംഘടനയെ സമീപിക്കുന്നതടക്കം കഴിയാവുന്ന എല്ലാ ശ്രമങ്ങളും തങ്ങള്‍ നടത്തുമെന്നും അവര്‍ അറിയിച്ചു. എന്റെ ഭര്‍ത്താവിനെ സാധാരണപോലെ ജീവിക്കാന്‍ കാനഡ അനുവദിക്കുകയായിരുന്നെങ്കില്‍ അദ്ദേഹത്തിന്‌ നവംബര്‍ 2008 വരെ വിമാനം പറത്താമായിരുന്നു. 24000 ഡോളര്‍ അദ്ദേഹം 45 ദിവസത്തിനുളളില്‍ സമ്പാദിക്കുമായിരുന്നു. ആരെങ്കിലും ഭര്‍ത്താവിനെ അപഹസിക്കുന്നത്‌ എനിക്ക്‌ സഹിക്കില്ല, അവര്‍ തുടര്‍ന്നു.

ഫ്ലൈറ്റ്‌ അറ്റന്‍ഡന്റായിരുന്നു ഷൈല ജുജുവിന്റെ സഹോദരി ഷിപ്രറാണ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മകളെ അപമാനിക്കരുതെന്നറിയിച്ചു. ഒരു കൊല്ലത്തേയ്‌ക്ക്‌ 900 ഡോളര്‍ തരുന്നതിലും ഭേദം ഒന്നുംതരാതിരിക്കലായിരുന്നു. ഞങ്ങളെ കുറ്റക്കാരായാണ്‌ കണക്കാക്കുന്നതെന്ന്‌ തോന്നുന്നു. 1990 ല്‍ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാത്തതിനാല്‍ അവരുമായി കാനഡ ചര്‍ച്ചക്ക്‌ തയ്യാറാവണമെന്നും അവര്‍ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by