Categories: India

ഫത്തേപ്പൂര്‍ തീവണ്ടിയപകടം: മരണസംഖ്യ 68 ആയി

Published by

ഫത്തേപ്പൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തിലെ മരണസംഖ്യ 68 ആയി ഉയര്‍ന്നു. 250ലേറെ പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ ഒരു സ്വീഡന്‍ സ്വദേശിയും ഉള്‍പ്പെടുന്നു.

തെരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മണസംഖ്യ ഉയര്‍ന്നതായി സ്ഥിരീകരിച്ചത്. 15ഓളം മൃതദേഹങ്ങളാണ്‌ ഇന്ന്‌ കണ്ടെടുത്തത്‌. പരിക്കേറ്റ 250ഓളം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ഫത്തേപ്പുര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ നില ഗുരുതരമാണ്.

ലക്‌നൗവില്‍നിന്ന്‌ 120 കിലോമീറ്റര്‍ അകലെ മല്ലവര്‍ സ്റ്റേഷനടുത്ത്‌ ഇന്നലെ ഉച്ചയ്‌ക്ക്‌ 12.20 നാണ്‌ അപകടം ഉണ്ടായത്‌. 108 കിലോമീറ്റര്‍ വേഗത്തില്‍ വരികയായിരുന്ന ട്രെയിനിന്റെ 15 ബോഗികളാണ്‌ പാളംതെറ്റിയത്‌. പാളംതെറ്റിയ പല ബോഗികളുടെയും മുകളിലേക്ക്‌ പിന്നിലെ ബോഗി ഇടിച്ചുകയറുകയായിരുന്നു.

അമിത വേഗത്തിലെത്തിയ ട്രെയിന്‍ മാല്‍വ സ്റ്റേഷനു സമീപത്തെത്തിയപ്പോള്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടകാരണമെന്ന് ആരോപണമുണ്ട്. അപകടത്തെ തുടര്‍ന്ന്‌ ഡല്‍ഹി-ഹൗറ റൂട്ടില്‍ സ്‌തംഭിച്ച ട്രെയിന്‍ ഗതാഗതം നാളെ രാവിലെയോടെ മാത്രമെ സാധാരണ രീതിയിലാവുകയുള്ളൂവെന്ന്‌ റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ അറിയിച്ചു.

അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്കു സ്ഥലത്തെത്താന്‍ ദല്‍ഹി, ഹൗറ എന്നിവിടങ്ങളില്‍ നിന്നു പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു. അപകടത്തില്‍ നിന്നു രക്ഷപെട്ടവരുമായി പുറപ്പെട്ട ട്രെയിന്‍ ഇന്ന് രാവിലെ ദല്‍ഹിയിലെത്തി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by