Categories: Kerala

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങി

Published by

മൂന്നാര്‍: റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മേഖലയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. ദേവികുളം താലൂക്കിലെ ചിന്നക്കനാല്‍ ഗ്യാപ്പ്‌ റോഡിലെ 250 ഏക്കറോളമുള്ള വന്‍കൈയേറ്റ ഭൂമിയാണ്‌ ആദ്യം റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു തുടങ്ങിയത്‌.

കൈയേറ്റഭൂമിയില്‍ സര്‍ക്കാരിന്റെ ബോര്‍ഡ്‌ റവന്യൂ മന്ത്രി സ്ഥാപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ദൗത്യസംഘം ഒഴിപ്പിച്ചെടുത്ത ഈ സ്ഥലത്ത് വീണ്ടും കയ്യേറ്റം നടത്തിയതാണ്. ഗ്യാപ്പ്‌ റോഡ്‌, സിമന്റ്‌ പാലം, സിങ്ക്കണ്ടം, പാര്‍വതിമല, ആനയിറങ്കല്‍ തുടങ്ങിയ മേഖലകളിലെ 710 ഏക്കറോളം കൈയേറ്റങ്ങളാണ്‌ ബോര്‍ഡ്‌ സ്ഥാപിച്ച്‌ സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്.

മൂന്ന്‌ ഘട്ടമായാണ്‌ ഒഴിപ്പിക്കല്‍ നടപടി. ആദ്യഘട്ടം വന്‍ കൈയേറ്റങ്ങളും രണ്ടാം ഘട്ടം ആദിവാസികളുടെ മറവില്‍ കൈയേറിയിരിക്കുന്ന ചെറുകിട കൈയേറ്റങ്ങളും മൂന്നാം ഘട്ടമായി കൈയേറ്റഭൂമിയിലെ കെട്ടിടങ്ങളുമാണ്‌ ഒഴിപ്പിക്കുന്നത്‌. കൈയേറ്റം ഒഴിപ്പിക്കുന്ന മുറയ്‌ക്ക്‌ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പുനരധിവാസവും നടത്തുമെന്ന്‌ മന്ത്രി പറഞ്ഞു.

കൈയേറ്റഭൂമിയില്‍ നിന്ന്‌ സ്വമേധയാ ഒഴിയണമെന്ന്‌ ആവശ്യപ്പെട്ട്‌ 15 ദിവസം മുന്‍പ്‌ ഉദ്യോഗസ്ഥര്‍ നോട്ടീസ്‌ നല്‍കിയിരുന്നു. ഒഴിയാന്‍ തയ്യാറാകാതിരുന്നതോടെയാണ്‌ മന്ത്രിയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചത്‌. കൈയേറ്റം ഒഴിപ്പിച്ചശേഷം കമ്പിവേലി കെട്ടി സംരക്ഷിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്‌.

സര്‍ക്കാര്‍ ഭൂമി കൈയേറിയത് മുഴുവന്‍ ഒഴിപ്പിക്കണമെന്ന് ജൂണ്‍ 24ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു. കൈയേറ്റസ്ഥലങ്ങളില്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. അവ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടും. ബലപ്രയോഗം പരമാവധി കുറച്ച് കൈയേറ്റം ഒഴിപ്പിക്കാനാണ് നിര്‍ദ്ദേശം.

മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയ മന്ത്രി, കളക്ടര്‍ ഇ. ദേവദാസന്‍, ദേവികുളം സബ് കളക്ടര്‍ എം.ജി. രാജമാണിക്യം, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച ശേഷം മൂന്നാറിലെ ജൈവവ്യവസ്ഥകൂടി പരിഗണിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. വിനോദ സഞ്ചാരവകുപ്പ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിലെ അവ്യക്തതകള്‍ പരിഹരിച്ചാകും പുതിയത് തയ്യാറാക്കുക. ഇതിനു പുറമെ മൂന്നാര്‍ സംരക്ഷണ അതോറിട്ടിയും രൂപവത്കരിക്കും.

മൂന്നാര്‍ ഉള്‍പ്പെട്ട ഇടുക്കിജില്ലയില്‍ ആധികാരികമായ ആകാശ സര്‍വ്വേ നടത്താനും തീരുമാനമുണ്ട്. ഐ.എസ്.ആര്‍.ഒ. എന്‍.ഐ.സി. എന്നിവരുടെ സഹായത്തോടെയാകും സര്‍വ്വേ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by