Categories: Vicharam

പിടിച്ചതിലും വലുത്‌ മാളത്തില്‍

Published by

സ്പെക്ട്രം അഴിമതിക്കേസില്‍ ആരോപണ വിധേയരായ രണ്ടു കേന്ദ്രമന്ത്രിമാരാണ്‌ രാജിവച്ചത്‌. രണ്ടും ഡിഎംകെ പ്രതിനിധികള്‍. ടെലികോം മന്ത്രിയായിരുന്ന ആദ്യം രാജിവയ്‌ക്കേണ്ടി വന്ന എ.രാജ ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി. രണ്ടാമന്‍ ടെക്സ്റ്റെയില്‍ മന്ത്രിയായിരുന്ന ദയാനിധി മാരന്‍ എപ്പോള്‍ അകത്താകുമെന്നാണ്‌ അറിയേണ്ടത്‌. ജയിലില്‍ കഴിയുന്ന രാജയ്‌ക്ക്‌ കൂട്ടായി ഡിഎംകെയിലെ തന്നെ രാജ്യസഭാംഗം കനിമൊഴിയുമുണ്ട്‌. ഡിഎംകെ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ മകളാണ്‌ കനിമൊഴി. കോണ്‍ഗ്രസിന്റെ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ്‌ കല്‍മാഡി കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ തട്ടിപ്പിലും അഴിയെണ്ണുന്നുണ്ട്‌.

സ്പെക്ട്രം ഇടപാടില്‍ ക്രമക്കേട്‌ ചൂണ്ടിക്കാട്ടിയത്‌ സിഎജിയാണ്‌. 1.76 ലക്ഷം കോടി രൂപയുടെ ക്രമക്കേട്‌ അക്കമിട്ട്‌ നിരത്തി സിഎജി റിപ്പോര്‍ട്ട്‌ വന്നപ്പോള്‍ അതിനെ തള്ളിപ്പറയാനാണ്‌ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്‌. പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെട്ടതോടെ സിബിഐ നടപടികള്‍ ത്വരിതപ്പെടുത്തി. പ്രതിപക്ഷ നിലപാടും കര്‍ക്കശമാക്കി. ഗത്യന്തരമില്ലാതായപ്പോഴാണ്‌ എ.രാജ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജി വച്ചത്‌. രാജയെ സംരക്ഷിക്കാനും വെള്ളപൂശാനും നന്നായി അധ്വാനിച്ചവരാണ്‌ കേന്ദ്രമന്ത്രിമാരായ പി.ചിദംബരവും കപില്‍ സിബലും മറ്റ്‌ കോണ്‍ഗ്രസ്‌ നേതാക്കളും. ദയാനിധി മാരന്റെ പേരില്‍ ആരോപണം ഉയര്‍ന്നപ്പോഴും കേന്ദ്രത്തിന്റെ നിലപാട്‌ അതായിരുന്നു. രാജിയല്ലാതെ മറ്റൊരു പോംവഴി ഇല്ലെന്ന്‌ ബോധ്യമായപ്പോഴാണ്‌ നടപടിയുണ്ടായത്‌.

2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ മാരന്‌ വ്യക്തമായ പങ്കുള്ളതായി സിബിഐ സുപ്രീംകോടതിയെ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ്‌ രാജി. മാരന്‍ ടെലികോം മന്ത്രിയായിരിക്കെ 2004-07 കാലയളവിലാണ്‌ അഴിമതിയില്‍ പങ്കാളിയായതെന്ന്‌ കഴിഞ്ഞ ദിവസമാണ്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ സിബിഐ ചൂണ്ടിക്കാട്ടിയത്‌. ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ മാരന്‍ രാജി നല്‍കിയതെന്നാണ്‌ പ്രചാരണം. രാജയുടെ കാര്യത്തിലെന്ന പോലെ പ്രശ്നം വന്‍ വിവാദമായതിനുശേഷമാണ്‌ മാരന്റെ രാജിയും. മാരനെതിരെ സിബിഐ ഇടക്കാല റിപ്പോര്‍ട്ട്‌ നല്‍കിയതോടെ മന്ത്രിസഭയില്‍ അദ്ദേഹത്തെ നിലനിര്‍ത്താന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന്‌ ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌ ടി.ആര്‍. ബാലുവുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ചര്‍ച്ച നടത്തി. മാരനെ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു എന്നാണ്‌ വാര്‍ത്ത.

ഇത്‌ രണ്ടാം തവണയാണ്‌ ദയാനിധി മാരന്‍ മന്ത്രിസഭയില്‍നിന്ന്‌ രാജിവയ്‌ക്കുന്നത്‌. കരുണാനിധിയുടെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്ന്‌ മാരനെ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ 2007-ല്‍ അദ്ദേഹം രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പിന്‌ ശേഷം 2009 മെയില്‍ വീണ്ടും മന്ത്രിസഭയിലെത്തിയ മാരന്‌ ടെക്സ്റ്റെയില്‍ വകുപ്പാണ്‌ നല്‍കിയത്‌. 2004-07ല്‍ മാരന്‍ ടെലികോം മന്ത്രിയായിരിക്കെ എയര്‍സെല്‍ പ്രമോട്ടറായിരുന്ന സി. ശിവശങ്കരനില്‍ അവിഹിത സമ്മര്‍ദ്ദം ചെലുത്തി ടെലികോം കമ്പനിയുടെ ഓഹരികള്‍ മലേഷ്യന്‍ കമ്പനിയായ മാക്സിസിന്‌ കൈമാറാന്‍ പ്രേരിപ്പിച്ചുവെന്നാണ്‌ സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. മലേഷ്യന്‍ കമ്പനിക്ക്‌ സ്പെക്ട്രം അനുവദിച്ചതിന്‌ പ്രത്യുപകാരമായി മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവിക്ക്‌ കോടികള്‍ കോഴകിട്ടിയിരുന്നു. സ്പെക്ട്രം അഴിമതിക്കേസില്‍ നേരിട്ട്‌ ഇടപെട്ടുകൊണ്ടിരുന്ന മാരന്‍ ഇത്രയും കാലം മന്ത്രിസഭയില്‍ തുടര്‍ന്നത്‌ എങ്ങനെയെന്ന്‌ വിശദീകരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ബാധ്യസ്ഥനാണ്‌. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി ഇത്രയും കാലം കാത്തിരുന്നത്‌ എന്തിനെന്ന്‌ വ്യക്തമാക്കേണ്ടി വരും. സ്പെക്ട്രം വെട്ടിപ്പിലെ യഥാര്‍ഥ പ്രതികള്‍ രാജയിലും മാരനിലും കനിമൊഴിയിലും ഉദ്യോഗസ്ഥരിലും ഒതുങ്ങി നില്‍ക്കില്ലെന്നാണ്‌ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്‌. പിടിച്ചതിനെക്കാള്‍ വലുത്‌ മാളത്തിലുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ദയാനിധി മാരന്‍ ടെലികോം വകുപ്പ്‌ കൈകാര്യം ചെയ്യുമ്പോള്‍ ധനകാര്യമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ അറിവോടെയാണ്‌ അഴിമതികളെല്ലാം നടന്നതെന്നാണ്‌ വിവരം. ലക്ഷക്കണക്കിന്‌ കോടിയുടെ തിരിമറിക്ക്‌ കൂട്ടു നിന്നതായി സംശയിക്കുന്ന ഒരാള്‍ ആഭ്യന്തരമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ അഴിമതിക്കെതിരായ നടപടി എത്രമാത്രം ദുര്‍ബലമാകുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. പി.ചിദംബരത്തെ കേന്ദ്രമന്ത്രി സ്ഥാനത്തിരുത്തിക്കൊണ്ടുള്ള അഭ്യാസം ജനങ്ങളെ കബളിപ്പിക്കാനാണ്‌.

ചിദംബരം മാത്രമല്ല രാജയെ രക്ഷിക്കാന്‍ വലിയ വായില്‍ സംസാരിച്ചു കൊണ്ടിരുന്ന കപില്‍ സിബലും ഇപ്പോള്‍ ആരോപണവിധേയനായിരിക്കുന്നു. ഒരു കാലത്ത്‌ റിലയന്‍സിന്റെ വ്യവഹാരത്തില്‍ കപില്‍ അവരുടെ വക്കീലായിരുന്നു. തന്റെ കക്ഷിയായിരുന്ന റിലയന്‍സിനുവേണ്ടി കേന്ദ്രമന്ത്രി സ്ഥാനത്തിരുന്ന്‌ കപില്‍ സിബല്‍ വഴിവിട്ടു സഹായിച്ചു എന്ന ആരോപണം നിസാരമായി കാണാനാകില്ല. കോടിക്കണക്കിനു രൂപ റിലയന്‍സിനു ലാഭമുണ്ടാക്കിക്കൊടുത്തുവെങ്കില്‍ അത്‌ വെറുമൊരു രാജ്യസേവനമായി തള്ളിക്കളയാനാകില്ല. നഗ്നമായ അഴിമതി നടത്തിയെന്ന്‌ ബോധ്യപ്പെട്ട കോണ്‍ഗ്രസിന്റെ നേതാവ്‌ അധ്യക്ഷനായ ജെപിസി ദേശീയ ജനാധിപത്യ സഖ്യഭരണകാലത്തെ ഇടപാടും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. അതേതായാലും നന്നായി. പക്ഷേ ഒരു കാര്യം ഓര്‍മിക്കണം. അക്കാലത്തെ കണക്കു പരിശോധന സിഎജി നടത്തിയതാണ്‌. ഒരു നയാപൈസയുടെ തിരിമറിയും ചൂണ്ടിക്കാണിച്ചിട്ടില്ല. കോണ്‍ഗ്രസ്‌ നേതാക്കളും സഖ്യകക്ഷികളുടെ മന്ത്രിമാരും ഒന്നിനു പുറകെ മറ്റൊന്ന്‌ എന്ന നിലയില്‍ അഴിമതിക്കേസില്‍ അഴി എണ്ണാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഈ സമയത്ത്‌ ഇരിക്കട്ടെ ഒരാരോപണം എന്‍ഡിഎ ഭരണക്കാര്‍ക്കുമെന്ന്‌ കരുതിയതില്‍ പരം കൗതുകമൊന്നും ജെപിസി അധ്യക്ഷന്റെ പ്രസ്താവനയില്‍ കാണാനില്ല.

അഴിമതിക്കേസില്‍ രണ്ടു മന്ത്രിമാരെ നഷ്ടപ്പെട്ട ഡിഎംകെയെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയിലെ പ്രമാണിയായ പ്രണബ്കുമാര്‍ മുഖര്‍ജി ചെന്നൈയില്‍ പറന്നെത്തിയത്‌ നാണക്കേടാണ്‌. നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്ന തത്ത്വം പോലും മുഖര്‍ജി മറന്നുപോയിരിക്കുന്നു. ഡിഎംകെയുമായുള്ള ബന്ധത്തില്‍ ഒരു അപസ്വരവുമില്ലെന്നും അഭംഗുരം അത്‌ തുടരുമെന്നുമുള്ള മുഖര്‍ജിയുടെ പ്രസ്താവന വിചിത്രമായിരിക്കുന്നു. “ഭാര്യ ദുര്‍നടപ്പുകാരിയാണെന്നറിയാം. എന്നാലും വിവാഹബന്ധം വേര്‍പ്പെടുത്തില്ലെന്നു പറയുന്ന വിരുതനെ പോലെയായി മുഖര്‍ജി” അഴിമതിയുടെ ചെളിക്കുണ്ടില്‍ നീന്തിക്കൊണ്ടിരിക്കുന്ന മന്‍മോഹന്‍സിംഗ്‌ സര്‍ക്കാര്‍ വികസിപ്പിക്കുകയാണത്രെ. ഇന്നതിന്റെ തീരുമാനം ഉണ്ടാകുമെന്നും കേള്‍ക്കുന്നു. ജനങ്ങള്‍ക്ക്‌ ദുരിതം മാത്രം നല്‍കുന്ന, രാജ്യത്തിന്റെ സ്വത്ത്‌ കൊള്ളയടിക്കുന്ന മന്ത്രിമാരടങ്ങിയ സര്‍ക്കാര്‍ എന്തിന്‌ രാജ്യത്ത്‌ നിലനില്‍ക്കണമെന്ന ചോദ്യം പരക്കെ ഉയരുമ്പോള്‍ ആ മന്ത്രിസഭ വികസിക്കുന്നത്‌ അപഹാസ്യമാണ്‌. ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ ശാപവും ഭാരവുമാണെന്ന്‌ അവര്‍ തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇത്‌ വികസിപ്പിച്ച്‌ നിലനില്‍ക്കുകയല്ല, നിലംപരിശാവുകയാണ്‌ വേണ്ടത്‌. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കൂ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by