Categories: Ernakulam

കേരളാ കോണ്‍ഗ്രസ്‌ ബജറ്റ്‌ : ബിജെപി

Published by

കൊച്ചി: വിശാലമായ കേരളീയ താല്‍പര്യങ്ങള്‍ക്കപ്പുറം കേരളാ കോണ്‍ഗ്രസിന്റെ പ്രാദേശികവും സങ്കുചിതവും രാഷ്‌ട്രീയവുമായ കാഴ്ചപ്പാടുകള്‍ക്കാണ്‌ ധനകാര്യമന്ത്രി കേരള ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ അഭിപ്രായപ്പെട്ടു. ചില വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാന്‍ വേണ്ടി വിശാലമായ താല്‍പര്യം അവഗണിയ്‌ക്കുകയായിരുന്നു. കര്‍ഷക പെന്‍ഷനും, ഇന്‍ഷ്വറന്‍സും, പാസ്സുബുക്കും മറ്റും സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനോ, നെല്‍കൃഷി ആദായകരമാക്കാനോ, നാളികേരകര്‍ഷക രക്ഷയ്‌ക്കോ പാക്കേജുകളില്ല. കയര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള കൃഷി അധിഷ്ഠിത പരമ്പരാഗത വ്യവസായ മേഖലയ്‌ക്ക്‌ കാര്യമായ പരിഗണനയില്ല. തീരദേശ മേഖലയെ അവഗണിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങള്‍മൂലം വിലക്കയറ്റം കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന സാധാരണക്കാരന്‌ ആശ്വാസകരമായി ബജറ്റില്‍ ഒന്നുമില്ല. 4 മെഡിക്കല്‍ കോളേജുകള്‍ കൂടി എന്നത്‌ നല്ലതാണ്‌. എന്നാല്‍ നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാര്യമായ പദ്ധതികളില്ല.

സ്മാര്‍ട്ട്‌ സിറ്റിയും, മെട്രോറെയിലും, ശബരിപാതയും മറ്റുമായി ബജറ്റ്‌ എറണാകുളത്തെ തലോടി പോയെങ്കിലും എറണാകുളത്തിന്റെ വികസന പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ അര്‍ഹമായ പരിഗണനലഭിച്ചു എന്നു പറയാന്‍ കഴിയില്ല. പുതിയ മേല്‍പാലങ്ങള്‍, അനുവദിച്ചിട്ടുള്ള അറ്റ്ലാന്റീസ്‌ പോലുള്ള റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളിലേക്കുള്ള അപ്രോച്ച്‌ റോഡുകള്‍, തീരദേശ ഹൈവേ, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി കൊച്ചിയുടെ പല ആവശ്യങ്ങള്‍ക്കും പരിഗണന കിട്ടിയിട്ടില്ല. ഐടി വികസനവും അവഗണിയ്‌ക്കപ്പെട്ടു. പെരിയാര്‍ സംരക്ഷണം, നദീതട പരിസ്ഥിതി സംരക്ഷണം ഇവയും പരിഗണനയിലില്ല.

എമര്‍ജിംഗ്‌- കേരള വൈബ്രന്റ്‌ ഗുജറാത്ത്‌ മാതൃകയില്‍ വ്യവസായ വികസനത്തിനു കരുത്തേകണം. ലക്ഷം തൊഴില്‍ സ്വയംസംരംഭക പദ്ധതിക്ക്‌ ലക്ഷം കര്‍ഷക തൊഴില്‍ ദാന പദ്ധതിയുടെ ഗതിയുണ്ടാകരുത്‌. പ്രായോഗികമാവണം. രാഷ്‌ട്രീയ കാഴ്ചപ്പാടിനുപരി വിശാലമായ കേരള താല്‍പര്യത്തിന്‌ ഊന്നല്‍ നല്‍കുന്നതും കൂടുതല്‍ സാമ്പത്തിക കാഴ്ചപ്പാടുള്ളതുമായ ബജറ്റാണ്‌ കേരളത്തിനാവശ്യം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by